ADVERTISEMENT

പതിനഞ്ചു വർഷത്തിലേറെ പഴക്കമുള്ള നാലു കോടിയിലേറെ വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിലുണ്ടെന്നു കണക്ക്. ഇതിൽ തന്നെ രണ്ടു കോടിയിലേറെ വാഹനങ്ങളുടെ പ്രായം 20 വർഷത്തിലേറെയാണ്. ‘ഹരിത നികുതി’ ബാധകമാക്കേണ്ട വാഹനങ്ങളുടെ എണ്ണത്തിൽ കർണാടകമാണു മുന്നിൽ; ‘വാർധക്യ’ത്തിലെത്തിയ 70 ലക്ഷത്തിലേറെ വാഹനങ്ങളാണ് ആ സംസ്ഥാനത്തുള്ളത്. 

നിരത്തിലെത്തി 15 വർഷം പൂർത്തിയാക്കിയ വാഹനങ്ങളുടെ സമഗ്ര പട്ടിക കേന്ദ്ര റോഡ്, ഗതാഗത ഹൈവേ മന്ത്രാലയം തയാറാക്കയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, മധ്യ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെയും കണക്കു പക്ഷേ  കേന്ദ്ര സർക്കാർ തയാറാക്കിയ ‘വാഹൻ’ ഡിജിറ്റൽ വിവര ശേഖരത്തിൽ ഉൾപ്പെടുന്നില്ല. കാലപ്പഴക്കമേറിയ വാഹനങ്ങളിൽ നിന്ന് ‘ഹരിത നികുതി’ ഈടാക്കാനുള്ള ശുപാർശ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടുമുണ്ട്. 

കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ എണ്ണത്തിൽ ഉത്തർ പ്രദേശിനാണു രണ്ടാം സ്ഥാനം; 15 വർഷത്തിലേരെ പഴക്കമുള്ള 56.54 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ തന്നെ 24.55 ലക്ഷം വാഹനങ്ങളുടെ പ്രായം 20 വർഷത്തിലേറെയാണ്. പഴക്കം ചെന്നതും മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങളുടെ ആധിക്യത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിക്കു മൂന്നാം സ്ഥാനമുണ്ട്. ഡൽഹിയിൽ 15 വർഷത്തിലേറെ പഴക്കമുള്ള 49.93 ലക്ഷം വാഹനങ്ങളുണ്ടെന്നാണു കണക്ക്. ഇതിൽ 35.11 ലക്ഷമാവട്ടെ 20 വർഷത്തിലേറെ പഴക്കമുള്ളവയാണ്.

കേരളത്തിൽ 15 വർഷത്തിലേറെ പഴക്കമുള്ള 34.64 ലക്ഷം വാഹനങ്ങളുണ്ടെന്നാണു കണക്കാക്കുന്നത്. തമിഴ്നാട്ടിൽ ഇത്തരത്തിലുള്ള 33.43 ലക്ഷം വാഹനങ്ങളുണ്ട്. പഞ്ചാബ്(25.38 ലക്ഷം), പശ്ചിമ ബംഗാൾ(22.69 ലക്ഷം) എന്നിവയാണു പഴക്കമേറിയ വാഹനങ്ങളുടെ എണ്ണത്തിൽ അടുത്ത സ്ഥാനങ്ങളിൽ. മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പഴക്കം ചെന്ന വാഹനങ്ങളുടെ എണ്ണം 17.50 ലക്ഷം യൂണിറ്റിനും 12.29 ലക്ഷം യൂണിറ്റിനുമിടയിലാണ്.

അതേസമയം, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ്, പുതുച്ചേരി, അസം, ബിഹാർ, ഗോവ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര–നഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിലും ‘പഴഞ്ചൻ’ വാഹനങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്; ഒരു ലക്ഷം മുതൽ 5.44 ലക്ഷം വരെ മാത്രമാണ് ഈ സംസ്ഥാനങ്ങളിൽ 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ. അവശേഷിക്കുന്ന സംസ്ഥാനങ്ങളിലാവട്ടെ പഴയ വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം യൂണിറ്റിൽ താഴെയാണെന്നാണു കണക്കാക്കുന്നത്. 

പരിസ്ഥിതി സംരക്ഷണവും മലിനീകരണ നിയന്ത്രണവും ലക്ഷ്യമിട്ട് കാലപ്പഴക്കമേറിയ വാഹനങ്ങൾക്ക് ‘ഹരിത നികുതി’ എന്ന പേരിൽ അധിക നികുതി ഈടാക്കാനാണു കേന്ദ്ര സർക്കാർ തയാറെടുക്കുന്നത്. അതേസമയം, സങ്കര ഇന്ധന, വൈദ്യുത വാഹനങ്ങളെയും സി എൻ ജിയും എതനോളും എൽ പി ജിയും പോലുള്ള ബദൽ ഇന്ധനങ്ങളിൽ ഓടുന്നവയെയും ഈ നികുതിയിൽ നിന്ന് ഒഴിവാക്കും. ‘ഹരിത നികുതി’യിൽ നിന്നുള്ള വരുമാനം മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കാനാണു പദ്ധതി.

ചരക്ക് വാഹനങ്ങൾക്ക് എട്ടു വർഷത്തെ പഴക്കം മുതൽ തന്നെ ‘ഹരിത നികുതി’ ഈടാക്കും; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്ന വേളയിൽ വാഹന നികുതിയുടെ 10 മുതൽ 25% വരെ ഇത്തരത്തിൽ അധിക നികുതിയായി ഈടാക്കാനാണു നിർദേശം. ‌വ്യക്തിഗത ഉപയോഗത്തിലുള്ള വാഹനങ്ങളിൽ നിന്ന് 15 വർഷത്തിനു ശേഷമാവും ‘ഹരിത നികുതി’ ഈടാക്കുക. കടുത്ത മലിനീകരണ ഭീഷണി നേരിടുന്ന നഗരങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ‘ഹരിത നികുതി’ നിരക്ക് റോഡ് നികുതിയുടെ 50% വരെയാക്കാനാണു ശുപാർശ. അതേസമയം, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനായി 15 വർഷം പൂർത്തിയാക്കിയാലും ബസ്സുകളിൽ നിന്നും മറ്റും കുറഞ്ഞ നിരക്കിലാവും ‘ഹരിത നികുതി’ പിരിക്കുക. 

വാഹന വിഭാഗവും പെട്രോൾ/ഡീസൽ തുടങ്ങി ഉപയോഗിക്കുന്ന ഇന്ധനവുമൊക്കെ അടിസ്ഥാമാക്കി വ്യത്യസ്ത നിരക്കിൽ ‘ഹരിത നികുതി’ ഈടാക്കാനുള്ള നിർദേശവും പരിഗണനയിലുണ്ട്. ബദൽ ഇന്ധന വാഹനങ്ങൾക്കു പുറമെ ട്രാക്ടർ, ടില്ലർ, ഹാർവെസ്റ്റർ തുടങ്ങിയ കൃഷിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും ‘ഹരിത നികുതി’യിൽ നിന്ന് ഒഴിവാക്കും. 

English Summary: Over 4 crore old vehicles on Indian roads, Karnataka Tops List at 70 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com