ADVERTISEMENT

ലണ്ടനും ന്യൂയോര്‍ക്കിനും ഇടയിലെ ദൂരം വെറും ഒരു മണിക്കൂറില്‍ മറികടക്കുന്ന സൂപ്പര്‍സോണിക് വിമാനം ഒരുങ്ങുന്നു. അമേരിക്കന്‍ വ്യോമയാന കമ്പനി ഏരിയോയാണ് എഎസ്3 എന്ന് പേരിട്ടിരിക്കുന്ന ഈ അതിവേഗ വിമാനം നിർമിക്കുന്നത്. മണിക്കൂറില്‍ 2302 മൈല്‍ മുതല്‍ 3836 മൈല്‍ വരെയാണ് ഈ വിമാനത്തിന്റെ പ്രതീക്ഷിക്കുന്ന വേഗത. അതായത് 6173 കി.മീ വരെ വേഗം.

ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന യാത്രാവിമാനമായ കോണ്‍കോഡിനേക്കാള്‍ വേഗത്തിലായിരിക്കും ഏരിയോണ്‍ എഎസ്3യുടെ സഞ്ചാരം. നിലവില്‍ ബോയിംങ് 747 വിമാനം ഏതാണ്ട് ആറു മണിക്കൂറുകൊണ്ടാണ് ന്യൂയോര്‍ക്ക് ലണ്ടന്‍ റൂട്ടില്‍ സഞ്ചരിക്കുന്നത്. ഇതേ ദൂരമാണ് വെറും ഒരു മണിക്കൂറില്‍ എഎസ്3 മറികടക്കുക. കോണ്‍കോഡിന് ഇതേ ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് മൂന്നു മണിക്കൂറാണ് വേണ്ടി വന്നിരുന്നത്.

aerion-as3

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി ചേര്‍ന്നാണ് ഏരിയോണ്‍ ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനം നിർമിക്കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 7000 മൈല്‍ ദൂരത്തിലേറെ 50 യാത്രക്കാരുമായി സഞ്ചരിക്കാനുള്ള ശേഷി എഎസ്3ക്ക് ഒരുക്കാനും പദ്ധതിയുണ്ട്. ഈ ദശാബ്ദത്തിന്റെ അവസാനത്തില്‍ തങ്ങളുടെ സ്വപ്‌ന വിമാനം യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് ഏരിയോണ്‍ പ്രതീക്ഷിക്കുന്നത്.

എഎസ്2 എന്ന പേരില്‍ ഇതേ വിമാനത്തിന്റെ ചെറുപതിപ്പും ഒരുക്കുന്നുണ്ട്. ഇതിന്റെ നിർമാണം 2023ല്‍ ആരംഭിക്കും. ഭൂമിയുടെ ഏതു ഭാഗത്തേക്കും മൂന്നു മണിക്കൂറുകൊണ്ട് സഞ്ചരിക്കാനാവുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഏരിയോണ്‍ സി.ഇ.ഒ ടോം വൈസ് പറയുന്നു. തങ്ങളുടെ സ്വപ്‌ന വിമാനത്തിന്റെ ഡിസൈന്‍ വൈകാതെ പുറത്തുവിടുമെന്നാണ് ഏരിയോണ്‍ അറിയിച്ചിട്ടുള്ളത്. 

aerion-as3-3

അതിനിടെ വിര്‍ജിന്‍ ഗാലക്ടികിന്റെ മൂന്നാമത്തെ സ്‌പേസ്‌ക്രാഫ്റ്റ് കമ്പനി ഉടമയായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പുറത്തുവിട്ടു. സാധാരണ പൗരന്മാര്‍ മാത്രം അടങ്ങുന്ന ആദ്യ സംഘത്തെ ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് സ്‌പേസ് എക്‌സ്. സെപ്തംബര്‍ 15നാണ് സ്‌പേസ് എക്‌സ് ഈ ചരിത്രദൗത്യം നടത്തുക. നാസയാകട്ടെ 2024ല്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാനുള്ള ലൂണാര്‍ ലാന്ററിനെ അവതരിപ്പിക്കുകയും ചെയ്തു. പരിധികളില്ലാത്ത മനുഷ്യന്റെ സ്വപ്‌നങ്ങള്‍ അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ സമ്മാനിക്കുമെന്നതിന്റെ ഉദാഹരണമാണ് ഏരിയോണിന്റെ എഎസ്3 വിമാനം.

English Summary: New Supersonic Jet will fly from NYC to London in an Hour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com