ADVERTISEMENT

ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ ഏഴു സീറ്റുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ട്രൈബറിന്റെ ഇതുവരെയുള്ള മൊത്തം വിൽപന 75,000 യൂണിറ്റ് പിന്നിട്ടു. 2019 ഓഗസ്റ്റ് 28ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ട്രൈബർ 21 മാസത്തിനുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. പെട്രോൾ എൻജിനും മാനുവൽ ട്രാൻസ്മിഷനുമായി നാലു വകഭേദങ്ങളിൽ വിൽപനയ്ക്കെത്തിയ ട്രൈബറിന് 4.95 ലക്ഷം രൂപ മുതൽ 6.49 ലക്ഷം രൂപ വരെയായിരുന്നു ഷോറൂും വില. 

ഓഗസ്റ്റ് മുതൽ 2020 മാർച്ച് 31 വരെയുള്ള കാലത്തിനിടെ 33,860 യൂണിറ്റ് വിൽപനയാണു ട്രൈബർ നേടിയത്. 2020 - 21 സാമ്പത്തിക വർഷത്തെ വിൽപനയാവട്ടെ 74,816 യൂണിറ്റും. കഴിഞ്ഞ ജനുവരി - മാർച്ച് കാലത്ത് 11,768 ‘ട്രൈബർ’ ആണു റെനോ വിറ്റത്; പ്രതിമാസം ശരാശരി  3,922 യൂണിറ്റും ദിവസേന 126 എണ്ണവും. ഈ നിലയ്ക്കാവുമ്പോൾ മുക്കാൽ ലക്ഷം തികയാനുള്ള 184 യൂണിറ്റ് ഏപ്രിലിലെ ആദ്യ ദിനങ്ങളിൽ തന്നെ റെനോ വിറ്റഴിച്ചിട്ടുണ്ടാവുമെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.

പുതുവർഷത്തിൽ ട്രൈബറിൽ കൂടുതൽ സൗകര്യങ്ങളും മുന്തിയ വകഭേദമായ ട്രൈബർ ആർ എക്സ്  സെഡിനു പുത്തൻ ഇരട്ട വർണ സങ്കലനവും റെനോ ലഭ്യമാക്കിയിരുന്നു. പരിഷ്കരിച്ചതോടെ ട്രൈബറിന്റെ ഡൽഹിയിലെ ഷോറൂം വില 5.30 ലക്ഷം രൂപ മുതൽ 7.82 ലക്ഷം രൂപ വരെയായി ഉയർത്തുകയും ചെയ്തു. ക്വിഡിലെ ഒരു ലീറ്റർ (ബി ആർ 10), മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ പരിഷ്കരിച്ച പതിപ്പാണു ട്രൈബറിനു കരുത്തേകുന്നത്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് സഹിതമെത്തുന്ന എൻജിന് 72 ബിഎച്ച്പിയോളം കരുത്തും 96 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ലീറ്ററിന് 20 കിലോമീറ്ററാണ് ഈ എൻജിന് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. 

ഭാവിയിൽ 100 ബിഎച്ച്പി വരെ കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ടർബോ ചാർജ്ഡ് എൻജിനും ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും (എഎംടി) റെനോ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ. ട്രൈബറിന്റെ മുന്തിയ പതിപ്പിൽ ആപ്പ്ൾ കാർ പ്ലേ - ആൻഡ്രോയ്ഡ് ഓട്ടോ സഹിതം എട്ട് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, മൂന്നു നിര സീറ്റിലും എ സി വെന്റ്, കൂൾഡ് സെന്റർ ബോക്സ് കീ രഹിത എൻട്രി, പുഷ് ബട്ടൻ സ്റ്റാർട്/സ്റ്റോപ്, പവർ വിൻഡോ, എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപ് സഹിതം പ്രൊജക്ടർ ഹെഡ്ലാംപ്,  പിന്നിൽ വാഷ് - വൈപ് തുടങ്ങിയവയൊക്കെ ലഭ്യമാണ്. 

മികച്ച സുരക്ഷ ഉറപ്പാക്കാൻ ത്രീ പോയിന്റ് സീറ്റ് ബെൽറ്റ്, എബിഎസ്, റിവേഴ്സ് പാർക്കിങ് സെൻസർ, സ്റ്റാൻഡേഡായി രണ്ട് എയർ ബാഗ് എന്നിവയോടെയാണു ട്രൈബറിന്റെ വരവ്. മുന്തിയ വകഭേദങ്ങളിൽ മുൻ - സൈഡ് എയർബാഗുകളും പിന്നിൽ പാർക്കിങ് കാമറയും ഘടിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിക്കൊപ്പം കയറ്റുമതിയിലും ട്രൈബർ തിളങ്ങുന്നുണ്ട്. 2019 ഡിസംബർ 24ന് ദക്ഷിണ ആഫ്രിക്കയിലേക്കാണ് 600 ട്രൈബർ അടങ്ങിയ ആദ്യ ബാച്ച് കപ്പൽ കയറിയത്. തുടർന്ന് ആഫ്രിക്കയ്ക്കു പുറമെ സാർക് മേഖലയിലേക്കും റെനോ ട്രൈബർ കയറ്റുമതി ചെയ്യുന്നുണ്ട്. 2020 മാർച്ച് വരെ 1,503 യൂണിറ്റ് കയറ്റുമതി ചെയ്ത റെനോ 2020 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി വരെയുള്ള 11 മാസത്തിനിടെ 4,620 കാറുകൾ കൂടി വിദേശ വിപണികളിലേക്ക് അയച്ചു. 

English Summary: Renault Triber Surpasses 75,000-unit sales in 21 Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com