ADVERTISEMENT

കോവിഡ് പ്രതിസന്ധി പടർന്നുകയറിയ 2020ലും മികച്ച വിൽപനയുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി മാരുതി. 12,13,388 യൂണിറ്റുകളാണ് പോയവർഷം മാരുതി വിൽപന നടത്തിയത്. സമൂഹമാധ്യമങ്ങളിൽ മാരുതിക്കെതിരെ ആസൂത്രിതമായൊരുക്കിയ  കുപ്രചരണങ്ങളെ കാറ്റിൽ പറത്തിയാണ് മാരുതിയുടെ നേട്ടം. മാരുതിക്ക് വിപണിയിൽ കാര്യമായ വെല്ലുവിളിയുയർത്താൻ പോലും മറ്റൊരു ബ്രാൻഡിനുമായില്ല എന്നതാണ് കണക്കുകൾ പറയുന്നത്. രണ്ടാം സ്ഥാനത്തുള്ള കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുെണ്ടയ്‌യെക്കാളും (4,23,642) ലക്ഷങ്ങളുടെ വിൽപനയാണ് കോവിഡ് കാലത്തും മാരുതിക്കു നേടാനായത്. 

മാരുതി ഉൽപന്നത്തിലുള്ള ഉപയോക്താവിന്റെ വിശ്വാസ്യത തന്നെയാണ് ഈ നേട്ടത്തിനു പിന്നിൽ. മൂന്നാം സ്ഥാനത്തുള്ള ടാറ്റയുടെ വിൽപന 1,69,880 യൂണിറ്റാണ്. ഈയിടെ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച കിയ മോട്ടോഴ്സ്(1,40,505) നാലാം സ്ഥാനത്തെത്തി. മഹീന്ദ്രയെ അഞ്ചാം സ്ഥാനത്തേക്ക് (1,36,203) തള്ളിയാണ് കിയ ഈ നേട്ടം കൈവരിച്ചത്. റെനോ (80,518), ടൊയോട്ട (76,111), ഹോണ്ട (70,533), ഫോഡ്(45,799) എന്നിവരാണ് പിന്നിലുള്ളത്. ആദ്യ പത്തിൽ ചൈനീസ് കമ്പനിയായ എംജി മോട്ടോഴ്സ് ഇടം നേടി. 

മാരുതി മതി!

വാഹനനിർമാണരംഗത്ത് അത്യന്താപേക്ഷിതമായ ഇലക്ട്രോണിക് ചിപ്പിന്റെ (സെമി കണ്ടക്ടർ) ക്ഷാമം ലോകമെമ്പാടുമുള്ള വാഹനവിപണിയെ പിടിച്ചുകുലുക്കുന്ന സമയമാണിത്. ലോക്‌ഡൗൺ കാലത്ത് ചിപ് നിർമാണം ഇലക്ട്രോണിക് ഉപകരണങ്ങളെ കേന്ദ്രീകരിച്ചതാണ് ഈ ക്ഷാമത്തിന് കാരണം. ഇന്ത്യയെയും ഈ പ്രതിഭാസം ബാധിച്ചിട്ടുണ്ട്. പുതിയ വാഹനത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. ഇവരിൽ മഹാഭൂരിപക്ഷത്തിനും താൽപര്യം മാരുതിയോടാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2,15,000 പേർ മാരുതി വാഹനങ്ങൾക്കായി കാത്തിരിക്കുമ്പോൾ രണ്ടാമതുള്ള ഹ്യുെണ്ടയ്ക്കായി  കാത്തിരിക്കുന്നത് ഒരുലക്ഷം പേരാണ്. മൂന്നാം സ്ഥാനത്തുള്ളത് കിയയാണ്. 75,000 ബുക്കിങ്ങാണ് കിയയ്ക്കുള്ളത്. 50,000 ബുക്കിങ്ങുമായി ടാറ്റ മോട്ടോഴ്സാണ് തൊട്ടു പിന്നിലുള്ളത്. കാത്തിരിക്കേണ്ടി വന്നാലും തങ്ങളുടെ ഇഷ്ടപ്പെട്ട ബ്രാൻഡ് തന്നെ സ്വന്തമാക്കും എന്നാണ് മാരുതി ഉപയോക്താക്കൾ വ്യക്തമാക്കുന്നത്.

ടോപ് 5

ജനുവരി മാസത്തെ വിൽപന കണക്കിൽ ആദ്യ പത്തിൽ അഞ്ചു സ്ഥാനത്തും മാരുതി മോഡലുകളാണ്. ആൾട്ടോയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് സ്വിഫ്റ്റ്. വാഗണാർ, ബെലീനോ, ഡിസയർ എന്നിവർ തൊട്ടു പുറകിൽ. കഴിഞ്ഞില്ല എട്ടാം സ്ഥാനത്ത് ഇക്കോയും പത്താമത് ബ്രെസ്സയുമാണ്. ഇന്ധനവില ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ഇന്ധനക്ഷമത ഏറിയ കാറുകൾക്ക് ഡിമാൻഡ് കൂടും എന്നത് മാരുതിക്കു കൂടുതൽ ഗുണം ചെയ്യും.

English Summary: Maruti Suzuki 2020 Sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com