ADVERTISEMENT

മാരുതി സുസുക്കി ഇന്ത്യയിൽ ഉടൻ പുറത്തിറക്കുന്ന ജിംനിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നേരത്തെ യുറോപ്പിൽ പരീക്ഷണയോട്ടം നടത്തിയ 5 ഡോർ ജിംനിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 4 മീറ്ററിൽ താഴെ നീളമായിരിക്കും പുതിയ വാഹനത്തിന്. 3850 എഎം നീളവും 1645 എംഎം വീതിയും 1730 എംഎം ഉയരവും 2550 എംഎം വീൽബെയ്സുമുണ്ടാകും. എന്നാൽ എൻജിനിലും ഗിയർബോക്സലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുല്ല.

ജപ്പാനിലും യൂറോപ്പിലും പുറത്തിറങ്ങിയ ജിംനിയുടെ ചെറിയ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ കയറ്റുമതിക്കായി ജിംനിയുടെ അസംബ്ലിങ് ഗുരുഗ്രാം ശാലയിൽ ആരംഭിച്ചിരുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത 50 സികെഡി കിറ്റുകൾ അസംബിൾ ചെയ്തുകൊണ്ടാണ് ഉത്പാദനം ആരംഭിച്ചത്. ഇന്ത്യയിൽ നിന്ന് രാജ്യാന്തര വിപണിയിലേക്ക് ജിംനികള്‍ കയറ്റുമതി ചെയ്യുമെന്ന് സുസുക്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

suzuki-jimny-5-door-1

നിലവിൽ സുസുക്കിയുടെ ജപ്പാനിലെ കൊസായി പ്ലാന്റിലാണ് വാഹനം നിർമിക്കുന്നത്, ഇതുകൂടാതെയാണ് ഗുരുഗ്രാം ശാലയിലും ഉത്പാദനം ആരംഭിച്ചത്. മാസം 4000 മുതൽ 5000 വരെ യൂണിറ്റ് നിർമിക്കാനാണ് മാരുതിയുടെ പദ്ധതി. തുടക്കത്തിൽ രാജ്യാന്തര വിപണിക്കും അതിനുശേഷം ഇന്ത്യൻ വിപണിക്കുമായുള്ള ജിംനി ഇന്ത്യയിൽ നിന്നു പുറത്തിറങ്ങും. 5 ഡോർ, 3 ഡോർ വകഭേദങ്ങളാണ് ഇന്ത്യൻ പ്ലാന്റിൽ നിർമിക്കുക.

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപനയ്ക്കെത്തുന്ന ജിംനിയുടെ വില 10 ലക്ഷത്തിൽ താഴെ ഒതുക്കാനായിരിക്കും കമ്പനി ശ്രമിക്കുക. 2018ൽ ജപ്പാനിലായിരുന്നു നാലാം തലമുറ ജിംനിയുടെ അരങ്ങേറ്റം പിന്നാലെ വിവിധ വിദേശ വിപണികളിലും തരംഗമായി മാറി. ഓഫ് റോഡ് ഡ്രൈവിങ്ങിനു പുറമെ യാത്രാസുഖവും ഉറപ്പുവരുത്തുന്ന രീതിയിലാണ് നാലാം തലമുറ വാഹനത്തിന്റെ രൂപകൽപന. ദൃഢതയുള്ള ലാഡർ ഫ്രെയിം ഷാസിയും എയർ ബാഗ്, എ ബി എസ്, ഇ എസ് പി, പവർ സ്റ്റീയറിങ്, റിവേഴ്സ് പാർക്കിങ് സെൻസറുമൊക്കെയുള്ള ടച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം വാഹനത്തിലുണ്ടാവും.

600 സിസി, 1.5 ലീറ്റർ എന്നിങ്ങനെ രണ്ട് എൻജിൻ സാധ്യതകളോടെയാണ് രാജ്യാന്തര വിപണിയിൽ ജിംനി വിൽപനയിലുള്ളത്. ഇതിൽ 1.5 ലീറ്റർ എൻജിൻ ഇന്ത്യൻ പതിപ്പിന് ലഭിക്കും. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന എർട്ടിഗയ്ക്കും സിയാസിനും എക്സ് എൽ 6നും കരുത്തു പകരുന്ന എൻജിന് എകദേശം 104 എച്ച്പി കരുത്തും 138 എൻ എം ടോർക്കുമുണ്ട്. കൂടാതെ ഫോർവീൽ ഡ്രൈവ് മോഡലുമുണ്ടാകും.

English Summary: Suzuki Jimny 5 door New Details Revealed

Image Source

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com