ADVERTISEMENT

വൈദ്യുത കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ‘കോന ഇ വി’യുടെ ആഭ്യന്തര വിപണിയിലെ വിൽപന അവസാനിപ്പിക്കാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ കമ്പനി ഒരുങ്ങുന്നു. ബാറ്ററികൾക്കു തീ പിടിക്കാനുള്ള സാധ്യത മുൻനിർത്തി ‘കോന ഇ വി’ തിരിച്ചു വിളിച്ചു പരിശോധിക്കുന്നതിനിടെയാണു കൊറിയയിൽ ഈ വാഹനത്തിന്റെ വിൽപ്പന തന്നെ അവസാനിപ്പിക്കാൻ ഹ്യുണ്ടേയ് തയാറെടുക്കുന്നത്.  ‘കോന ഇ വി’യെ ഉപേക്ഷിച്ചു പകരം പുത്തൻ വൈദ്യുത വാഹന(ഇ വി)മായ ‘അയോണിക് ഫൈവി’ലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനാണു ഹ്യുണ്ടേയിയുടെ തീരുമാനം. 

ഹ്യുണ്ടേയിയുടെ വൈദ്യുത വാഹന ശ്രേണിയിൽ ഏറ്റവുമധികം വിൽപ്പന നേടിയ ‘കോന ഇ വി’യുടെ അരങ്ങേറ്റം 2018 ഏപ്രിലിലായിരുന്നു. എന്നാൽ ബാറ്ററി കത്തി നശിച്ചുള്ള അപകടങ്ങൾ ആവർത്തിച്ചതോടെ  കഴിഞ്ഞ ഫെബ്രുവരിയിൽ ബാറ്ററി നിർമിച്ചു നൽകിയ എൽ ജി എനർ സൊല്യൂഷൻ ലിമിറ്റഡുമായി സഹകരിച്ച് 75,680 ‘കോന ഇ വി’ തിരിച്ചു വിളിച്ചു പരിശോധിക്കാൻ ഹ്യുണ്ടേയ് നിർബന്ധിതരായിരുന്നു. നിലവിൽ സ്റ്റോക്കിൽ അവശേഷിക്കുന്ന ‘കോന ഇ വി’ മാത്രം ആഭ്യന്തര വിപണിയിൽ വിൽക്കാനാണു ഹ്യുണ്ടേയിയുടെ നീക്കം; അതേസമയം ‘കോന ഇ വി’ കയറ്റുമതി തുടരുമെന്നും കമ്പനി സൂചിപ്പിക്കുന്നു.

ആഭ്യന്തര വിപണിയിലെ സാഹചര്യം മുൻനിർത്തി കഴിഞ്ഞ മാസം മുതൽ തന്നെ ഹ്യുണ്ടേയ് ‘കോന’ ഉൽപ്പാദനം നിർത്തിവച്ചിരിക്കുകയാണ്. പുതിയ മോഡലുകളുടെ വരവോടെ പുനഃക്രമീകരമങ്ങൾ സ്വാഭാവികമാണെന്നും കയറ്റുമതിക്കായി ‘കോന’ നിർമാണം തുടരുമെന്നാണു കമ്പനി വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഹ്യുണ്ടേയ് ‘കോന’യുടെ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിച്ചിരുന്നു; പെട്രോൾ, സങ്കര ഇന്ധന പതിപ്പുകളും പ്രകടനക്ഷമതയേറിയ വകഭേദവും പരിഷ്കരിച്ച കമ്പനി പക്ഷേ വൈദ്യുത മോഡലിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല.

അരങ്ങേറിയ 2018ലും 2019ലുമായി പതിനായിരത്തിലേറെ ‘കോന ഇ വി’യാണു ഹ്യുണ്ടേയ് ദക്ഷിണ കൊറിയയിൽ വിറ്റത്. എന്നാൽ ബാറ്ററികൾ കത്തിയതും തുടർന്നുള്ള വാഹന പരിശോധനയുമൊക്കെ വെല്ലുവിളി സൃഷ്ടിച്ചതോടെ കഴിഞ്ഞ വർഷത്തെ ‘കോന ഇ വി’ വിൽപ്പന 8,000 യൂണിറ്റോളമായി കുറഞ്ഞു. ഈ വർഷത്തിന്റെ ആദ്യ പാതത്തിലാവട്ടെ 984 ‘കോന  ഇ വി’ മാത്രമാണു ഹ്യുണ്ടേയ് ആഭ്യന്തര വിപണിയിൽ വിറ്റത്; മുൻ വർഷം ഇതേ കാലത്തെ അപേക്ഷിച്ച് 40% ഇടിവാണിത്. വിദേശ വിപണികളിലെ ‘കോന ഇ വി’ വിൽപ്പനയാവട്ടെ മുൻ വർഷത്തെ അപേക്ഷിച്ച് 17.9% കുറഞ്ഞ് 7,428 യൂണിറ്റുമായി.

പൂർണ വൈദ്യുത ക്രോസോവറായ ‘അയോണിക് ഫൈവി’ന്റെ വരവാണു ‘കോന ഇ വി’ പിൻവലിക്കാൻ ഹ്യുണ്ടേയിക്കു പ്രേരണയാവുന്നത്. പോരെങ്കിൽ അരങ്ങേറ്റത്തിനൊപ്പം തന്നെ ആഭ്യന്തര വിപണിയിൽ മികച്ച പ്രതികരണം സൃഷ്ടിക്കാനും ‘അയോണിക് ഫൈവി’നായി; 40,000 പ്രീ ഓർഡറുകളാണ് ‘അയോണിക് ഫൈവ്’ വാരിക്കൂട്ടിയതെന്നാണു ഹ്യുണ്ടേയിയുടെ കണക്ക്.

English Summary: Hyundai To Discontinue Kona Electric In South Korea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com