ADVERTISEMENT

സ്വീഡിഷ് നിർമാതാക്കളായ വോൾവോയുടെ പാത പിന്തുടർന്നു കാറുകളുടെ പരമാവധി വേഗത്തിനു നിയന്ത്രണം ഏർപ്പെടുത്താൻ ഫ്രഞ്ച് നിർമാതാക്കളായ റെനോയും രംഗത്ത്. റെനോയ്ക്കു പുറമെ ഉപസ്ഥാപനമായ ഡാഷ്യ നിർമിക്കുന്ന കാറുകളുടെയും പരമാവധി വേഗം മണിക്കൂറിൽ 180 കിലോമീറ്ററായി നിയന്ത്രിക്കാനാണു കമ്പനിയുടെ തീരുമാനം. അതിവേഗത്തിൽ പായുന്നതിനിടെ വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും റെനോ വ്യക്തമാക്കുന്നു.

റോഡ് അപകടങ്ങളിലെ മരണങ്ങൾക്കുള്ള പ്രധാന കാരണം അതിവേഗമാണെന്ന് റെനോ മേധാവി ലൂക്ക ഡി മിയൊ കമ്പനി ഓഹരി ഉടമകളുടെ വാർഷിക യോഗത്തിൽ വിശദീകരിച്ചു. ഇതു പരിഗണിച്ച് പുതിയ വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 180 കിലോമീറ്ററായി പരിമിതപ്പെടുത്താനാണു കമ്പനിയുടെ നീക്കം. സുരക്ഷ മെച്ചപ്പെടുത്താനായി സേഫ്റ്റി കോച്ച് സാങ്കേതികവിദ്യ അവതരിപ്പിക്കാനും റെനോയ്ക്കു പദ്ധതിയുണ്ട്;  നിരത്തിലെ വേഗ നിയന്ത്രണവും റോഡ് സാഹചര്യവും തിരിച്ചറിഞ്ഞ് വാഹന വേഗം ക്രമീകരിക്കുന്ന സാങ്കേതികവിദ്യയാവുമിത്.

ആഗോളതലത്തിൽ തന്നെ റോഡ് അപകടങ്ങളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം വർഷം തോറും വർധിച്ചു വരികയാണ്. പോരെങ്കിൽ റോഡ് അപകടങ്ങളിൽ പെട്ട് അംഗഭംഗം സംഭവിക്കുകയും ആയുഷ്കാലം കിടപ്പിലായി പോവുകയും ചെയ്യുന്നവരുടെ എണ്ണവുമേറെ. അതിവേഗത്തിലുള്ള പാച്ചിലാണു റോഡ് അപകടങ്ങൾക്ക് ഇടയാക്കുന്ന പ്രധാന കാരണമെന്നും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

ആഗോളതലത്തിൽ പല രാജ്യങ്ങളും മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ വാഹനങ്ങൾ ഓടിക്കാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ ഈ വേഗം അപകടത്തിനും ഇടയാക്കുമെന്നു റെനോ വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിലാണു കമ്പനി നിർമിക്കുന്ന വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 180 കിലോമീറ്ററായി നിയന്ത്രിക്കാൻ റെനോ തീരുമാനിച്ചിരിക്കുന്നത്. ഉപസ്ഥാപനമായ ഡാഷ്യ നിർമിക്കുന്ന വാഹനങ്ങളുടെ പരമാവധി വേഗവും മണിക്കൂറിൽ 180 കിലോമീറ്ററായി തന്നെ പരിമിതപ്പെടുത്തും. എന്നാൽ എപ്പോഴാവും റെനോ, ഡാഷ്യ വാഹനങ്ങളിൽ സേഫ്റ്റി കോച്ച് സംവിധാനം നടപ്പാവുകയെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല.

സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയാണു സുരക്ഷാ കാരണങ്ങളാൽ വാഹന വേഗം നിയന്ത്രിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. പുതിയ വോൾവോ കാർ അപകടത്തിൽപെട്ട് ആരും മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രഖ്യാപിച്ച ‘സേഫ്റ്റി വിഷൻ’ പദ്ധതി പ്രകാരം കാറുകളുടെ പരമാവധി വേഗം മണിക്കൂറിൽ 180 കിലോമീറ്ററായിട്ടാണു വോൾവോയും നിജപ്പെടുത്തിയത്. കാറിന്റെ വേഗം ഈ പരിധിയിൽ നിയന്ത്രിച്ചു നിർത്താനായി ഇലക്ട്രോണിക് സ്പീഡ് ലിമിറ്റിങ് സാങ്കേതികവിദ്യയാണു  വോൾവോ ഉപയോഗിക്കുന്നത്.

English Summary: Renault to Cap Top Speed at 180 kmph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com