ആ നഷ്ടം കോവിഡ് രോഗികൾക്കുള്ള ഓക്സിജനു വേണ്ടി സഹിക്കും: 9 ദിവസം നിർമാണം നിർത്താൻ മാരുതി

maruti-suzuki
Maruti Suzuki
SHARE

‘കോവിഡ് 19’ രോഗചികിത്സയിൽ അനിവാര്യമായ ഓക്സിജന്റെ ലഭ്യത മെച്ചപ്പെടുത്താൻ നിർമാണശാല ഒൻപതു ദിവസം അടച്ചിടുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). ഹരിയാനയിലെ ഗുരുഗ്രാമിലും മനേസാറിലുമുള്ള നിർമാണശാലകളുടെ പ്രവർത്തനം മേയ് ഒന്നു മുതൽ ഒൻപതു വരെ നിർത്തിവയ്ക്കാനാണു മാരുതി സുസുക്കിയുടെ തീരുമാനം. കാർ നിർമാണത്തിനായി നേരിയ തോതിലാണു മാരുതി സുസുക്കി ഇന്ത്യ ഓക്സിജൻ ഉപയോഗിക്കുന്നത്. എന്നാൽ യന്ത്രഘടകങ്ങളുടെ നിർമാതാക്കൾ ഉയർന്ന തോതിൽ ഓക്സിജൻ ഉപയോഗിക്കുന്നുണ്ട്.  കാർ നിർമാണം നിർത്തിവയ്ക്കുന്ന സാഹചര്യത്തിൽ അനുബന്ധ സാമഗ്രികൾ ഉൽപ്പാദിപ്പിക്കുന്ന ശാലകളും അടച്ചിടുമെന്നതിനാൽ ആ ഓക്സിജനും ചികിത്സാ മേഖലയിൽ ഉപയോഗിക്കാനാവും.

ഡൽഹിയിലും രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലും സ്ഥിതി ഗുരുതരമായ സാഹചര്യത്തിൽ ലഭ്യമായ ഓക്സിജൻ പൂർണമായി തന്നെ രോഗികളുടെ ചികിത്സയ്ക്കു നീക്കിവയ്ക്കേണ്ടതാണെന്നു മാരുതി സുസുക്കി കരുതുന്നു. അതിനാൽ നിർമാണശാലകൾ അടുത്ത മാസം ആദ്യം അടച്ചിടാനും വാർഷിക അറ്റകുറ്റപ്പണി മുമ്പ് നിശ്ചയിരുന്നതു പോലെ ജൂണിനു പകരം മേയിൽ തന്നെ നടത്താനുമാണു കമ്പനിയുടെ തീരുമാനം.  സുസുക്കി  മോട്ടോർ കമ്പനിയുടെ ഉപസ്ഥാപനമായി ഗുജറാത്തിലെ ഹൻസാൽപൂരിൽ പ്രവർത്തിക്കുന്ന കാർ നിർമാണ ശാലയും മേയ് ആദ്യവാരം പ്രവർത്തിക്കില്ല. 

‘കോവിഡ് 19’ മഹാമാരിയുടെ രണ്ടാം തരംഗത്തിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായിട്ടുണ്ട്. ശ്വാസതടസ്സം അനുഭവപ്പെടുന്ന ‘കോവിഡ് 19’ ബാധിതർക്കു നൽകാൻ ആവശ്യമായ ഓക്സിജൻ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണു രാജ്യം. അതുകൊണ്ടുതന്നെ, വ്യവസായ മേഖലയുടെ ഓക്സിജൻ ഉപയോഗം ഏറക്കുറെ പൂർണമായി തന്നെ അവസാനിപ്പിച്ച ലഭ്യമായ ജീവവായു ചികിത്സാ മേഖലയിലേക്കു തിരിച്ചുവിടാനാണു ശ്രമം.

‘കോവിഡ് 19’ തീവ്രമായ സാഹചര്യത്തിൽ വ്യാവസായിക ആവശ്യങ്ങൾക്കു ദ്രവ ഓക്സിജൻ ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും വ്യവസായത്തിൽ ഇക്കാര്യത്തിൽ ഇളവ് അനുവദിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരുന്നു. വ്യവസായങ്ങളുടെ ആവശ്യത്തിനായി കരുതൽ ശേഖരമായി സൂക്ഷിച്ചിരിക്കുന്നതടക്കമുള്ള ഓക്സിജൻ, ‘കോവിഡ് 19’ ചികിത്സയ്ക്കായി വഴി മാറ്റാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 

English Summary: Maruti Suzuki to shutdown all factories for 9 days to divert oxygen for medical Supplies

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA