ADVERTISEMENT

ഫോസിൽ വാഹനങ്ങളുടെ ഏറ്റവും വലിയ കുഴപ്പമായി പറയുന്നത് അന്തരീക്ഷ മലിനീകരണം. അതുകൊണ്ടു തന്നെ ഇലക്ട്രിക് വാഹനങ്ങൾക്കു വേണ്ടിയുള്ള പരീക്ഷണത്തിലാണ് വാഹനലോകം. എന്നാൽ ഒരു പടി കൂടി കടന്ന് മറ്റു വാഹനങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന മാലിന്യം കൂടി വലിച്ചെടുക്കാന്‍ ശേഷിയുള്ള ഡ്രൈവറില്ലാ വൈദ്യുത കാറാണ് ഐഎം മോട്ടോഴ്സ് എന്ന ചൈനീസ് കമ്പനിക്കുവേണ്ടി ഒരുങ്ങുന്നത്. ഭാവിയിലെ കാര്‍ എന്ന വിശേഷണം ഇപ്പോള്‍ തന്നെ സ്വന്തമാക്കിയ ദ എയ്‌റോ എന്ന ഈ വാഹനം ബ്രിട്ടീഷ് ഹെതര്‍വിക് സ്റ്റുഡിയോയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചൈനീസ് വാഹന നിര്‍മാതാക്കളായ ഐഎം മോട്ടോഴ്‌സ് ഈ കാര്‍ 2023ല്‍ വിപണിയിലെത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.

heatherwick-studio-airo-1
Image Source: Heatherwick Studio

എച്ച്.ഇ.പി.എ അഥവാ ഹൈ എഫിഷ്യന്‍സി പര്‍ട്ടികുലേറ്റ് എയര്‍ ഫില്‍റ്ററാണ് ഈ പ്രകൃതി സൗഹൃദ വാഹനത്തെ വ്യത്യസ്തമാക്കുന്നത്. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഈ വാഹനത്തിന്റെ അടിഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള എച്ച്.ഇ.പി.എ വഴിയാണ് മലിനീകരിക്കപ്പെട്ട അന്തരീക്ഷവായുവിനെ വലിച്ചെടുത്ത് ശുദ്ധമാക്കി പുറന്തള്ളുന്നത്.

വാഹനം സഞ്ചരിക്കുമ്പോള്‍ മുന്‍ഭാഗത്തു നിന്നും ഉള്ളിലേക്കെത്തുന്ന വായു പിന്‍ഭാഗത്തുകൂടെ ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്നതുപോലെയാണ് സജീകരിച്ചിരിക്കുന്നത്. സ്വയം മാലിന്യം സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല മറ്റു വാഹനങ്ങള്‍ പുറന്തള്ളുന്ന മാലിന്യം ശുദ്ധീകരിക്കുകയും ചെയ്യുന്നുവെന്ന ഒരുപടികൂടി കടന്ന കഴിവാണ് ഇവയെ ഭാവിയുടെ വാഹനം എന്ന വിശേഷണം നല്‍കുന്നത്.

heatherwick-studio-airo-3
Image Source: Heatherwick Studio

സൗകര്യങ്ങളുടെ കാര്യത്തിലും ഈ കാറിനോട് സാധാരണ കാറുകള്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല. ഡ്രൈവറില്ലാതെ ഓടുന്ന വാഹനത്തിന്റെ ഉള്‍ഭാഗം ഒരു മുറിപോലെയാണ് ഒരുക്കിയിരിക്കുന്നത്. ഒരേസമയം സ്വീകരണമുറിയും ഭക്ഷണ മുറിയും കിടപ്പുമുറിയുമൊക്കെയാക്കി ഈ കാറിന്റെ ഉള്‍ഭാഗം മാറ്റാന്‍ എളുപ്പം സാധിക്കും. ഡ്രൈവിംങില്‍ ശ്രദ്ധിക്കേണ്ടതില്ലാത്തതിനാല്‍ പരസ്പരം കാറിലുള്ളവര്‍ക്ക് നോക്കിയിരുന്ന് സംസാരിക്കാവുന്ന രീതിയിലും ഈ വാഹനത്തില്‍ സീറ്റുകള്‍ സജ്ജീകരിക്കാനാവും. സീറ്റുകളെ ഒരുമിപ്പിച്ച് കിടക്കയാക്കി മാറ്റാനുള്ള സൗകര്യവും ഉണ്ട്. സ്ലൈഡിംങ് ഡോറുകളാണ് എയറോയിലുള്ളത്. മടക്കിവെക്കാവുന്ന സ്‌ക്രീനും കാറിന്റെ പ്രത്യേകതയാണ്.

മലിനീകരണം ഇല്ലാത്ത മറ്റൊരു ഇലക്ട്രിക് കാര്‍ എന്നതിനേക്കാള്‍ പുതിയ തലമുറയുടെ വാഹനം എന്ന നിലയിലാണ് തങ്ങള്‍ എയറോയെ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നാണ് ഹെതര്‍വിക് സ്റ്റുഡിയോ സ്ഥാപകന്‍ തോമസ് ഹെതര്‍വിക് പറയുന്നത്. 'ആഗോളതലത്തില്‍ വന്‍ നഗരങ്ങളിലെ സ്ഥലത്തിന്റെ കുറവ് കൂടി കണക്കിലെടുത്താണ് എയറോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഭക്ഷണം കഴിക്കാനുള്ള മുറിയായും ജോലി ചെയ്യാനും വീഡിയോ ഗെയിം കളിക്കാനും ഇന്റര്‍നെറ്റോ ടി.വിയോ ആസ്വദിക്കാനും ഉറങ്ങാനും വരെ ഈ കാറിനുള്ളില്‍ സൗകര്യമുണ്ടാവും' തോമസ് ഹെതര്‍വിക് പറയുന്നു.

heatherwick-studio-airo-2
Image Source: Heatherwick Studio

കാറിനൊപ്പം ഒരു ചാര്‍ജ്ജിംങ് സ്റ്റേഷന്റെ ഡിസൈന്‍ കൂടി ഹെതര്‍വിക് സ്റ്റുഡിയോ ഐ.എംമോട്ടോഴ്‌സിന് വേണ്ടി നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ഇത്തരം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഭാവിയില്‍ നഗരങ്ങളില്‍ വിളക്കുകാലുകള്‍ പോലെ സ്ഥാപിക്കാനാണ് പദ്ധതി. 2023 ആകുമ്പോഴേക്കും എയറോയുടെ ഉൽപാദനം ആരംഭിക്കാനാകുമെന്നാണ് ചൈനീസ് കമ്പനിയായ ഐഎം മോട്ടോഴ്‌സിന്റെ കണക്കുകൂട്ടല്‍.

English Summary: Electric Car Concept

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com