ADVERTISEMENT

പേരിനും പെരുമയ്ക്കും ഒത്ത പ്രതിഫലം ലഭിക്കുന്നവരാണ് ഫുട്‌ബോള്‍ താരങ്ങള്‍. അതുകൊണ്ടുതന്നെ ഇവരുടെ ശേഖരത്തില്‍ നിരവധി വിലയേറിയ ആഡംബര കാറുകളും സ്വാഭാവികം. ഫുട്‌ബോള്‍ താരങ്ങള്‍ സ്വന്തമാക്കിയ ലോകത്തെ ഏറ്റവും വിലയേറിയ ആഡംബര കാറുകളെ പരിചയപ്പെടാം.

ലയണല്‍ മെസി - ഫെരാരി 335 എസ് സ്‌പൈഡര്‍ (264 കോടി രൂപ)

ferrari-335-s-spider-scaglietti

ഏറ്റവും കൂടുതല്‍ പണം മുടക്കി കാര്‍ സ്വന്തമാക്കിയത് ഫുട്‌ബോള്‍ താരം മെസി തന്നെ. 35 മില്യണ്‍ ഡോളര്‍ അഥവാ 264 കോടി രൂപയാണ് ഈ 1957 മോഡല്‍ കാറിനായി ചിലവിട്ടത്. ലേലത്തിലൂടെയാണ് മെസി ഫെരാരി 335 എസ് സ്‌പൈഡര്‍ വാങ്ങിയത്. 1958ലെ ക്യൂബന്‍ ഗ്രാന്‍ പ്രീയില്‍ പങ്കെടുത്തിട്ടുള്ള റേസിങ് കാറാണിത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - ബുഗാട്ടി ചെന്റോഡിയേച്ചി (65 കോടി രൂപ)

bugatti-centodieci

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗ്യാരേജിലെ ഏറ്റവും വിലയുള്ള കാറുകളിലൊന്നാണിത്. ലോകത്തിൽ വെറും 10 എണ്ണം മാത്രം നിർമിക്കുന്ന ഈ ഹൈപ്പർ കാറിന്റെ വില 65 കോടി രൂപയാണ്. ഷിറോണിനെ അടിസ്ഥാനപ്പെടുത്തി ചെന്റോഡിയേചി എന്ന പേരിൽ പുറത്തിറങ്ങുന്ന വാഹനത്തിന് 1600 എച്ച്പി കരുത്തുണ്ട്. ബുഗാട്ടിയുടെ എക്കാലത്തേയും പ്രശസ്ത കാറായ ഇബി110 ന്റെ സ്മരണാർത്ഥമാണ് ചെന്റോഡിയേച്ചിയെ പുറത്തിറക്കിയിരിക്കുന്നത്. 1991ൽ പുറത്തിങ്ങിയ ഇബി 110 ന്റെ നിരവധി ഘടകങ്ങൾ പുതിയ സൂപ്പർകാറിൽ ഉപയോഗിച്ചിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - ബുഗാട്ടി ഷിറോണ്‍ (21.99 കോടിരൂപ)

bugatti-chiron

വേഗതക്കും കരുത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ഫുട്‌ബോള്‍ താരമായ റൊണാള്‍ഡോയെ ബുഗാട്ടി ഷിറോണ്‍ ആകര്‍ഷിച്ചത് സ്വഭാവികം മാത്രമാണ്. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ ഈ കാറിന് വെറും 2.4 നിമിഷങ്ങള്‍ മാത്രം മതി. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ പറ പറക്കുമ്പോഴും ഒറ്റ ബ്രേക്കില്‍ 9.4 സെക്കന്റുകൊണ്ട് പൂര്‍ണമായും നിശ്ചലമാകാനും ഈ എൻജിനീയറിംങ് വിസ്മയമായ സൂപ്പര്‍കാറിന് സാധിക്കും. 

സണ്‍ ഹ്യുങ് മിന്‍ - ഫെരാരി ലെഫെരാരി (21.99 കോടി രൂപ)

ferrari-laferrari

ആഡംബര കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ അതിമനോഹരമായ ഫെരാരി ലെഫെരാരിയാണ് ഏഷ്യയില്‍ നിന്നുള്ള ഫുട്‌ബോള്‍ സൂപ്പര്‍താരം സണ്‍ ഹ്യുങ് മിന്‍ വാങ്ങിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കന്‍ നായകനും പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിന്റെ താരവുമാണ് സണ്‍. ഏതാണ്ട് മൂന്നു ദശലക്ഷം ഡോളറാണ് ഫെരാരി ലെഫെരാരിക്കുവേണ്ടി സണ്‍ യോങ് മിന്‍ മുടക്കിയത്.

ജോണ്‍ ടെറി - ഫെരാരി 275 ജിടിബി (16.12 കോടിരൂപ)

ferrari-gtb

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സിയുടെ മുന്‍ പ്രതിരോധക്കാരനും ക്യാപ്റ്റനുമായിരുന്ന ജോണ്‍ ടെറി കാറുകള്‍ക്ക് വേണ്ടി പണം മുടക്കാന്‍ മടിക്കാത്ത താരമാണ്. അതിന്റെ ഫലമായിട്ടാണ് ടെറി സ്വന്തമാക്കിയ ഫെരാരി 275 ജിടിബി. വേഗതക്കല്ല മൂല്യത്തിനാണ് ഈ കാറിലൂടെ ടെറി പണം നിക്ഷേപിച്ചതെന്നതും ശ്രദ്ധേയം. വര്‍ഷമേറും തോറും മൂല്യം കൂടുന്ന 1960കളിലെ അപൂര്‍വ്വ കാറാണിത്. ഇപ്പോള്‍ ടെറിയുടെ പക്കലുള്ള ഫെരാരി 275 ജി.ടി.ബിക്ക് ഏതാണ്ട് 22 ലക്ഷം ഡോളര്‍(16.12 കോടിരൂപ) ആണ് വിപണിമൂല്യം കണക്കാക്കപ്പെടുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - ബുഗാട്ടി വെയ്‌റോണ്‍ ഗ്രാന്റ് സ്‌പോര്‍ട് (14.66 കോടിരൂപ)

bugatti-vyraon-grand-sport

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ക്രിസ്റ്റിയാനോയുടെ പക്കലുള്ള ആഢംബര കാറുകളുടെ ശേഖരം ആരുടേയും കണ്ണഞ്ചിപ്പിക്കുന്നതാണ്. ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള കായികതാരങ്ങളില്‍ ഒരാളായ റൊണാള്‍ഡോ രണ്ട് മില്യണ്‍ ഡോളര്‍ (ഏകദേശം 14.66 കോടിരൂപ) മുടക്കിയാണ് ബുഗാട്ടി വെയ്‌റോണ്‍ ഗ്രാന്റ് സ്‌പോര്‍ട് സ്വന്തമാക്കിയത്.

കരിം ബെന്‍സെമ - ബുഗാട്ടി വെയ്‌റണ്‍ പര്‍ സാങ്(13.92 കോടിരൂപ)

bugatti-veyron-pur-sang

റയല്‍മാഡ്രിഡിന്റെ വിശ്വസ്ത താരം ബെന്‍സെമയുടെ കാറുകളില്‍ ബുഗാട്ടി വെയ്‌റണ്‍ പര്‍ സാങ് ആണ് താരം. ബെന്‍സെമ 1.90 മില്യണ്‍ ഡോളര്‍ മുടക്കിയാണ് ഈ കാര്‍ സ്വന്തം ഗാരേജിലേക്കെത്തിച്ചത്. അലൂമിനിയം ബോഡിയില്‍ നിര്‍മിച്ചിട്ടുള്ള ഈ സൂപ്പര്‍കാറിന് മണിക്കൂറില്‍ 400 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാകും.

സാമുവല്‍ എറ്റൂ - അസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77(13.19 കോടി രൂപ)

aston-martin-one-77

ആഫ്രിക്ക കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ സാമുവല്‍ എറ്റുവിന്റെ ശേഖരത്തിലുമുണ്ട് കോടികള്‍ വിലയുള്ള ഒരു സൂപ്പര്‍കാര്‍. ബാഴ്‌സലോണ, ചെല്‍സി തുടങ്ങിയ സൂപ്പര്‍ ടീമുകള്‍ക്കുവേണ്ടി പന്തു തട്ടിയിട്ടുള്ള എറ്റൂ അസ്റ്റണ്‍ മാര്‍ട്ടിന്റെ വണ്‍ 77 ആണ് സ്വന്തമാക്കിയിട്ടുള്ളത്. അസ്റ്റണ്‍ മാര്‍ട്ടിന്‍ ഈ ശ്രേണിയില്‍ ആകെ 77 കാറുകള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. ഇതിലൊന്നാണ് 1.80 മില്യണ്‍ ഡോളര്‍ നല്‍കിക്കൊണ്ട് എറ്റൂ വാങ്ങിയത്. 

ഇബ്രാഹിമോവിക് - ഫെരാരി മോന്‍സ എസ്.പി 2 (12.46 കോടി രൂപ)

ferrari-monza-sp2

തന്റെ 34-ാം പിറന്നാളിനാണ് സ്വീഡിഷ് ഫുട്‌ബോള്‍ സൂപ്പര്‍താരം ഇബ്രാഹിമോവിക് ഫെരാരി മോന്‍സ വാങ്ങിയത്. മെസിയുടെ പഗാനി സോണ്ട ട്രൈകളറിന് തുല്യമായ തുകയാണ് ഇബ്രയും മുടക്കിയത്.

ലയണല്‍ മെസി- പഗാനി സോണ്ട ട്രൈകളർ (12.46 കോടി രൂപ)

pagani-zonda-tricolore

ഏതാണ്ട് പന്ത്രണ്ടര കോടി രൂപ വില വരുന്ന പഗാനി സോണ്ട ട്രൈകളർ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ ആഡംബര വാഹനങ്ങളിൽ ഒന്നാണ്. ഈ വിഭാഗത്തില്‍ കമ്പനി ആകെ പുറത്തിറക്കിയ മൂന്നെണ്ണത്തില്‍ ഒരെണ്ണമാണ് മെസി സ്വന്തമാക്കിയത്.

English Summary: World Footballers Expensive Cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com