ADVERTISEMENT

പെട്രോളിലും ഡീസലിലും ഓടുന്ന കാറുകള്‍ക്ക് തുല്യമായ കാറുകള്‍ നിര്‍മിക്കുകയായിരുന്നില്ല ഒരിക്കലും ടെസ്‌ലയുടെ ലക്ഷ്യം. നിലവില്‍ വിപണിയിലുള്ള ഏതൊരു കാറിനേക്കാളും മികച്ച സൗകര്യവും പെര്‍ഫോർമന്‍സുമുള്ള കാറുകളായിരുന്നു ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല നിര്‍മ്മിച്ചത്. ലോകത്തെ ഏറ്റവും വേഗമുള്ള കാറെന്നാണ് മോഡല്‍ എസ് പ്ലെയ്ഡിനെ ഇലോണ്‍ മസ്‌ക് വിശേഷിപ്പിക്കുന്നത്.

വൈദ്യുതി ഇന്ധനമാക്കിയ കാറുകളുടെ പല പരിമിതികളേയും ഇല്ലാതാക്കുന്ന പ്രകടനമാണ് മോഡല്‍ എസ് പ്ലെയിഡിന്റേത്. വേഗമാണ് മോഡല്‍ എസ് പ്ലെയിഡിന്റെ പ്രധാന ആകര്‍ഷണീയതകളിലൊന്ന്. പൂജ്യത്തില്‍ നിന്നു 60 മൈല്‍(96 കിലോമീറ്റര്‍) വേഗത്തിലേക്കെത്താന്‍ വെറും 1.99 സെക്കന്റു മതി ഈ കാറിന്. മണിക്കൂറില്‍ 200 മൈല്‍ അഥവാ 321 കിലോമീറ്ററാണ് പരമാവധി വേഗത. ഇത്രയും വേഗത്തില്‍ പറക്കുമ്പോഴും പരമാവധി 627 കിലോമീറ്റര്‍ വരെ മൈലേജും ഒറ്റ ചാര്‍ജില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

tesla-model-s-plaid-1

പതിവുപോലെ ഈ അതിവേഗ കാറിന്റെ പ്രത്യേകതകളും ഇലോണ്‍ മസ്‌ക് തന്റെ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ഇതുവരെയുള്ളതില്‍ ഏറ്റവും വേഗത്തില്‍ നിർമാണം പൂര്‍ത്തിയാക്കിയ കാറും ടെസ്‌ലയുടെ മോഡല്‍ എസ് പ്ലെയിഡാണെന്ന് ഇലോണ്‍ മസ്‌ക് അവകാശപ്പെടുന്നു.

2.45 ദശലക്ഷം ഡോളര്‍ വിലയുള്ള വൈദ്യുതി കാറായ റിമാക് നെവേറ വേഗത്തിന്റെ കാര്യത്തില്‍ മോഡല്‍ എസ് പ്ലെയ്ഡിന് വെല്ലുവിളിയാണ്. പൂജ്യത്തില്‍ നിന്നു 96 കിലോമീറ്റര്‍ വേഗതയിലേക്ക് 1.85 സെക്കന്റില്‍ ഈ കാര്‍ കുതിച്ചിട്ടുണ്ട്. അതേസമയം റിമാക് മോഡല്‍ ഇരട്ട സീറ്റുകളുള്ള ഹൈപ്പര്‍കാറാണെങ്കില്‍ ടെസ്‌ലയുടെ മോഡല്‍ എസ് പ്ലെയ്ഡ് നാല് ഡോറുകളുള്ള സെഡാന്‍ വിഭാഗത്തില്‍ പെടുന്നതാണെന്ന വ്യത്യാസവുമുണ്ട്.

tesla-model-s-plaid-2

ഒരു ക്വാര്‍ട്ടര്‍ മൈല്‍ 9.247 സെക്കന്റില്‍ പൂര്‍ത്തിയാക്കിയും ടെസ്‌ല മോഡല്‍ എസ് പ്ലെയ്ഡ് റെക്കോർഡ് ഇട്ടിട്ടുണ്ട്. ബുഗാട്ടി കെയ്‌റണ്‍ സ്‌പോര്‍ട്ടിന്റേയും പോര്‍ഷെ 918 സ്‌പൈഡറിന്റേയും റെക്കോർഡുകളാണ് മോഡല്‍ എസ് പ്ലെയ്ഡ് തകര്‍ത്തതെന്നു കൂടി അറിയേണ്ടതുണ്ട്. സ്‌പോര്‍ട്‌സ് കാറുകളില്‍ തന്നെ ആഡംബരത്തിലും വേഗതയിലും മുന്നിലുള്ള ഹൈപ്പര്‍കാറുകളെ വേഗതയുടെ കാര്യത്തില്‍ മറികടക്കാന്‍ പോന്ന ഒരു ഇലക്ട്രിക് കാര്‍ പിറന്നിരിക്കുന്നുവെന്നതാണ് ടെസ്‌ല മോഡല്‍ എസ് പ്ലെയ്ഡിന്റെ സവിശേഷത. 'പോര്‍ഷെയേക്കാള്‍ വേഗത, വോള്‍വോയേക്കാള്‍ സുരക്ഷിതം' എന്നാണ് ടെസ്‌ല മോഡല്‍ എസ് പ്ലെയ്ഡിനെ ഇലോണ്‍ മസ്‌ക് തന്നെ വിശേഷിപ്പിച്ചത്.

English Summary: Elon Musk says Tesla Model S Plaid is World's Fastest Car'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com