ADVERTISEMENT

ഹെൽമറ്റ് ഭാരമായി കണ്ടിരുന്ന കാലം മാറി; ലൈഫ്സ്റ്റൈൽ ഉൽപന്നമായാണിപ്പോൾ യുവാക്കൾ ഹെൽമറ്റ് തിരഞ്ഞെടുക്കുന്നത്. ഫാഷൻ സെൻസിന്റെയും സ്റ്റാറ്റസിന്റെയും സൂചനയായി ഹെൽമറ്റ് മാറിക്കൊണ്ടിരിക്കുന്നു. ഡിസൈനും ഗ്രാഫിക്സുമൊക്കെ തിരഞ്ഞെടുക്കുന്നത് സ്വന്തം വ്യക്തിത്വത്തോട് ചേരുന്നുണ്ടോ എന്നു നോക്കിയാണ്. സംരക്ഷണകവചം എന്ന ലേബലിൽ‌ മാത്രമല്ല ഇപ്പോൾ ഹെൽമറ്റ് വിൽക്കപ്പെടുന്നതെന്നു പറയുന്നത് രാജ്യത്തെ ഏറ്റവും വലിയ ഹെൽമറ്റ് നിർമാണക്കമ്പനിയായ സ്റ്റഡ്സിന്റെ മാനേജിങ് ഡയറക്ടർ സിദ്ധാർഥ ഭൂഷൺ ഖുറാനയാണ്.

ഈ രീതിയൊന്നും പിന്തുടരാത്ത വഴിയോരത്തെ ഹെൽമറ്റ് കച്ചവടത്തിൽനിന്ന് ഉപയോക്താക്കൾ സംഘടിത വിപണിയിലേക്കു വരാനും ഈ ട്രെൻഡ് കാരണമാകുന്നുണ്ട്. മികച്ച ഹെൽമറ്റുകൾ റീട്ടെയിൽ ശൃംഖലയിലൂടെ നാടെങ്ങും ലഭ്യമാകുന്ന സ്ഥിതി വന്നാൽ വ്യാജൻ പരാജയപ്പെടുമെന്ന് ഖുറാനയ്ക്ക് ഉറപ്പ്.

khurana-studds
സ്റ്റഡ്സ് മാനേജിങ് ഡയറക്ടർ സിദ്ധാർഥ ഭൂഷൺ ഖുറാന

ഇന്ത്യൻ വിപണിയുടെ വലുപ്പം

25 കോടി ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യൻ നിരത്തുകളിലുള്ളത്. ഇതിൽ 60% പേരേ ഹെൽമറ്റ് ഉപയോഗിക്കുന്നുള്ളൂ. 10 കോടിയിലേറെ ആളുകൾ ഇനിയും ഹെൽമറ്റ് വാങ്ങേണ്ടതുണ്ട്. ഇത്രയും വലിയ വിപണി സാധ്യതയാണ് ഐഎസ്ഐ മുദ്രയൊന്നുമില്ലാത്ത ഹെൽമറ്റുകൾ ഇപ്പോഴും വഴിയോരത്തും അല്ലാതെയും വ്യാപകമായി വിൽക്കപ്പെടാൻ കാരണം. എന്തായാലും 65–70% വിഹിതം ഐഎസ്ഐ അംഗീകാരമുള്ള, സംഘടിത വിപണിയുടേതാണ്. സർക്കാർ ഐഎസ്ഐ മാനദണ്ഡം ശക്തമാക്കുന്നതും യുവാക്കൾക്ക് ഹെൽമറ്റ് സ്റ്റൈലിൽ താൽപര്യം കൂടുന്നതും സംഘടിത വിപണിയുടെ വിഹിതം കൂട്ടുമെന്നു സ്റ്റഡ്സ് വിലയിരുത്തുന്നു.

സ്റ്റഡ്സ് ബ്രാൻഡിനു പുറമെ എസ്എംകെ എന്ന പ്രീമിയം ഹെൽമറ്റ് ബ്രാൻഡും കമ്പനിയുടേതാണ്. നാൽപതിലേറെ രാജ്യങ്ങളിലേക്കു കയറ്റിയയയ്ക്കുന്നു.

ഭാവി എന്ത് ?

ഡിസൈൻ, ടെക്നോളജി, ഫീൽ എന്നിവയാണ് ഇനി ഹെൽമറ്റ് വിപണിയുടെ ദിശ നിർണയിക്കുക. ബ്ലൂടൂത്ത് സൗകര്യമുള്ള ക്യാമറകളും ബോൺ കണ്ടക്ഷൻ ഡിവൈസും പിടിപ്പിച്ച ഹെൽമറ്റുകൾ ഉദാഹരണം. സ്മാർട് ഹെൽമറ്റുകളാകും യുവാക്കളെ ആകർഷിക്കുക. സൈക്കിൾ ഹെൽമറ്റുകളുടെ വിൽപനയും ഉയരും. കേരളം പ്രീമിയം ഹെൽമറ്റുകളുടെ വലിയ വിപണിയാണെന്നും ഖുറാന പറഞ്ഞു.

പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നേരിടാൻ ഈയിടെ പുതിയ പ്ലാന്റുകൾ ആരംഭിച്ചതോടെ 1.4 കോടി ഹെൽമറ്റാണ് സ്റ്റഡ്സിന്റെ വാർഷിക ഉൽപാദനശേഷി.

English Summary: Helmet Became A Lifestyle Product

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com