ADVERTISEMENT

വൈദ്യുത സ്കൂട്ടറായ ചേതക്കിനുള്ള ബുക്കിങ്ങുകൾ ബജാജ് ഓട്ടോ ലിമിറ്റഡ് പുനഃരാരംഭിച്ചു. പുണെ, ബെംഗളൂരു നഗരങ്ങളിലെ ഉപയോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണു ചേതക് ബുക്ക് ചെയ്യാൻ അവസരം. ഏതാനും മാസങ്ങളായി പുണെ, ബെംഗളൂരു നഗരങ്ങളിൽ ചേതക് ഇ സ്കൂട്ടറിനുള്ള ബുക്കിങ് ബജാജ് ഓട്ടോ നിർത്തിവച്ചിരിക്കുകയായിരുന്നു. തുടക്കത്തിൽ ഈ നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ചേതക്കിന്റെ വിൽപന മൈസൂരു, മംഗളൂരു, ഔറംഗബാദ് നഗരങ്ങളിലേക്കും കമ്പനി വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ 22 മുതലാണ് ഈ നഗരങ്ങളിൽ ബജാജ് ഓട്ടോ ചേതക് ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. 

കഴിഞ്ഞ ഏപ്രിൽ മുതൽ ചെന്നൈയിലും ഹൈദരബാദിലും ബജാജ് ചേതക് വിൽപനയ്ക്കെത്തിയിരുന്നു. ഘട്ടം ഘട്ടമായി ചേതക് ഇ സ്കൂട്ടർ വിൽപന  കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിക്കാൻ ബജാജ് ഓട്ടോ ശ്രമിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ 22 നഗരങ്ങളിൽ കൂടി ചേതക് ലഭ്യമാക്കാനാണു കമ്പനിയുടെ പദ്ധതി. നിലവിൽ രണ്ടു വകഭേദങ്ങളിലാണു ചേതക് വിപണിയിലുള്ളത്: അർബനും പ്രീമിയവും. അടിസ്ഥാന വകഭേദമായ ‘അർബ’ന് 1.42 ലക്ഷം രൂപയും മുന്തിയ പതിപ്പായ ‘പ്രീമിയ’ത്തിന് 1.44 ലക്ഷം രൂപയുമാണു പുണെയിലെ ഷോറൂം വില. 

പൂർണമായും എൽ ഇ ഡി ലൈറ്റിങ്, പ്രകാശമാനമായ സ്വിച്ച്ഗീയർ, ബ്ലൂടൂത്ത് ബന്ധിപ്പിക്കാവുന്ന ഇൻസ്ട്രമെന്റ് കൺട്രോൾ, സ്മാർട് ഫോൺ മൊബൈൽ ആപ് തുടങ്ങിയ സവിഷേതകളോടെയാണു ചേതക്കിന്റെ വരവ്. ബജാജിന്റെ ആദ്യ ഇ സ്കൂട്ടറിനു കരുത്തേകുന്നത് 3.8 കിലോവാട്ട് അവർ മോട്ടോറാണ്; ഈ മോട്ടോറിന് ഊർജം പകരാൻ മൂന്നു കിലോവാട്ട് അവർ ഐ പി 67 ലിതിയം അയോൺ ബാറ്ററി പായ്ക്കുമുണ്ട്. സ്കൂട്ടറിൽ നിന്ന് അഴിച്ചെടുത്ത് ചാർജ് ചെയ്യാൻ കഴിയാത്ത വിധമാണ് ഈ ബാറ്ററി പായ്ക്കിന്റെ ഘടന. വീടുകളിലെ സാധാരണ അഞ്ച് ആംപിയർ പവർ സോക്കറ്റ് ഉപയോഗിച്ച് ഈ ബാറ്ററി ചാർജ് ചെയ്യാം.

ചേതക്കിനു മണിക്കൂറിൽ 70 കിലോമീറ്ററാണു ബജാജ് ഓട്ടോ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം; ഒറ്റ ചാർജിൽ ഇകോ മോഡിൽ സ്കൂട്ടർ 95 കിലോമീറ്റർ ഓടുമെന്നും നിർമാതാക്കൾ ഉറപ്പു നൽകുന്നു. ഇന്ത്യയിൽ ടി വി എസ് ഐ ക്യൂബ്, ആതർ ‘450 എക്സ്’ തുടങ്ങിയവയാണു ചേതക്കിന്റെ എതിരാളികൾ.

English Summary: Bajaj Chetak Bookings Reopen In Pune And Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com