ADVERTISEMENT

അമിതവേഗത്തിൽ വാഹനമോടിച്ച് സമൂഹമാധ്യമങ്ങളിൽ ആളാകാനുള്ള ആവേശം ദിനംപ്രതി കൂടിവരികയാണ്.  ബൈക്ക് പായിക്കുന്ന, അഭ്യാസം കാണിക്കുന്ന വിഡിയോകള്‍ക്ക് ലൈക്കുകളുടെ എണ്ണം കൂടുന്നത് ഇത്തരത്തിലുള്ള വിഡിയോ ചിത്രീകരിക്കാൻ യുവാക്കളെ വീണ്ടും പ്രേരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ചങ്ങനാശേരിയിലുണ്ടായ അപകടം അതിനൊരു ഉദാഹരണം മാത്രം.

സിനിമകളിലെ ഡയലോഗും സംഗീതവുമൊക്കെ ചേർത്ത് അപകടം പോലും മഹാകാര്യമെന്ന് രീതിയിലാണ് ഇത്തരക്കാർ പ്രചരിപ്പിക്കുന്നത്. കുറച്ചു കാലം മുമ്പ് സോഷ്യൽമീഡിയയിൽ പ്രചരിച്ച വ്യാജ വാർത്തയുണ്ട്. വിദേശ നിർമിത വാഹന കമ്പനി ഇന്ത്യയിൽ വിറ്റ ബൈക്കുകളിൽ ഭൂരിപക്ഷവും അപകടത്തിൽ പെടുകയും അവ ഒാടിച്ചിരുന്നവർ മരണപ്പെടുകയും ചെയ്‌തുവെന്ന്. വാർത്ത തെറ്റായിരുന്നുവെങ്കിലും സംഗതി സോഷ്യൽ മീഡിയയിൽ ഹിറ്റായി. കാരണം ദിനംപ്രതി റോഡുകളിൽ മരണപ്പെടുന്ന യുവാക്കളുടെ എണ്ണം കൂടിവരുന്നു എന്നതു തന്നെയാണ്. ബൈക്കപകടങ്ങളിൽ യഥാർഥത്തിൽ ആരാണു വില്ലൻ? ബൈക്കോ ഒാടിച്ചിരുന്ന ആളോ? ഭൂരിപക്ഷം കേസുകളിലും ഒാടിച്ചിരുന്ന ആളാണു കുറ്റക്കാർ. അൽപം ശ്രദ്ധിച്ചാൽ വലിയ അപകടങ്ങൾ നമുക്ക് ഒഴിവാക്കാനാകും.

ലോകത്തിലെ ഒട്ടുമിക്ക ഇരുചക്രവാഹന നിർമാതാക്കളുടെയും ബൈക്കുകൾ ഇന്നു നമ്മുടെ വിപണിയിൽ ലഭ്യമാണ്. 250 സിസി മുതലുള്ള എൻട്രിലെവൽ സ്പോർട്സ് ബൈക്ക് മുതൽ 1200 സിസിയുടെ സൂപ്പർ സ്പോര്‍ട്സ് മോഡൽ വരെ അതിൽപെടുന്നു. 200-400 സിസി ബൈക്കുകളാണ് കേരളത്തിലെ യുവാക്കളിൽ ഏറെയും തിരഞ്ഞെടുക്കുന്നത്. ഇതുകൊണ്ട് മര്യാദയ്ക്ക് ഒാടിക്കുന്ന ഒരു ചെറുപ്പക്കാരെയും റോഡിൽ കാണാൻ കഴിയുകയില്ല. അമിതവേഗവും അനാവശ്യ ഒാവർടേക്കിങ്ങും അവരുടെ അവകാശമാണെന്ന വാശിയിലാണ് ഭൂരിപക്ഷം പേരും.

‌‌‌ഓട്ടം പകർത്താൻ ഹെൽമറ്റിൽ ക്യാമറ

റൈഡർമാരുടെ ഇഷ്ട ഉപകരണമാണു ഹെൽമറ്റിൽ പിടിപ്പിക്കുന്ന ഗോപ്രോ ക്യാമറകൾ. റോഡിലെ വിശാലമായ ദൃശ്യം ഇവ പകർത്തും. യാത്രകളുടെ ദൃശ്യങ്ങൾ പകർത്താനാണു വ്ലോഗർമാർ ഇതുപയോഗിക്കുന്നതെങ്കിൽ കുതിച്ചു പായുന്ന ദൃശ്യങ്ങൾ ലഭിക്കാനാണു റൈഡർമാർ ഇതു ഹെൽമറ്റിൽ ഘടിപ്പിക്കുന്നത്. നിയമപരമായി ഹെൽമറ്റിൽ ഗോപ്രോ ക്യാമറകൾ ഘടിപ്പിക്കുന്നതിനു വിലക്കില്ല. പലപ്പോഴും അപകടത്തിൽപെടുമ്പോൾ സ്വന്തം ഭാഗം ന്യായീകരിക്കാൻ ഇതു വഴി ലഭിക്കുന്ന ദൃശ്യങ്ങൾ സഹായിക്കുകയും ചെയ്യും. ചങ്ങനാശേരി അപകടത്തിൽ മരിച്ച ശരത് ധരിച്ചിരുന്ന ഹെൽമറ്റിലും ക്യാമറയുണ്ടായിരുന്നു. ഇതു പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. അപകടകാരണം ഈ ക്യാമറയിലുണ്ടാകുമെന്നാണു പൊലീസ് കരുതുന്നത്.

മത്സരയോട്ടം അപകടം

അടച്ചിട്ട പ്രദേശങ്ങളിൽ മികച്ച പരിശീലനം ലഭിച്ചതിനു ശേഷം മാത്രമേ ബൈക്ക് അഭ്യാസങ്ങൾ നടത്താവൂ. ഇതാകട്ടെ, ഇതിനായി മാത്രമായി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമേ പാടുള്ളൂ. ഇവിടേക്കു മനുഷ്യരൊ മൃഗങ്ങളൊ മറ്റെന്തെങ്കിലും വസ്തുക്കളോ കടന്നുവരില്ല എന്നുറപ്പാക്കുകയും വേണം. സുരക്ഷയ്ക്കായുള്ള പ്രത്യേക വസ്ത്രങ്ങളണിയണം. പൊതുറോഡിൽ ബൈക്ക് അഭ്യാസം നടത്തുന്ന മിക്കവരും പരിശീലനം കിട്ടിയവരല്ല. റേസിങ്ങിനു ഒരിക്കലും പൊതുവഴികൾ തിരഞ്ഞെടുക്കില്ല. നമ്മുടെ റോഡുകളിൽ 70 കിലോമീറ്റർ വേഗത്തിൽ പോകുന്നത് പോലും അപകടകരമാണ്. ന്യൂജനറേഷൻ  വാഹനങ്ങളുടെ കുഴപ്പമല്ല അപകടകാരണം; അത് ഉപയോഗിക്കാനറിയാത്തതാണ് എന്നാണ് പ്രമുഖ ബൈക്ക് സ്റ്റണ്ടിങ് ടീം റൈഡറായ മിഖിൽ മോഹൻ പറയുന്നത്.

പരിശോധന കടുപ്പിക്കും

റോഡിലെ റേസിങ് പരിശോധിക്കാൻ പട്രോളിങ് ശക്തമാക്കും. നൈറ്റ്  പട്രോളിങ്ങും ശക്തമാക്കും. ഇത്തരം റേസിങ് നടക്കുന്ന പ്രദേശങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഇന്റർസെപ്റ്റർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചു പരിശോധന നടത്തുമെന്നാണ് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറയുന്നത്. 

റോഡ് റേസ് ട്രാക്കല്ല

റേസ് ട്രാക്കിലെ വളവുകളിൽ വിദഗ്ധരായ ഡ്രൈവർമാർ ബൈക്ക് കിടത്തിയെടുക്കുന്നതു കണ്ട് രോമാഞ്ചമണിഞ്ഞ് അതുപോലെ എനിക്കും കഴിയും എന്നു പറഞ്ഞാണ് മിക്കവരും റോഡിലിറങ്ങുന്നത്. ഒന്നോർക്കുക. റോ‍ഡ് വേറെ ട്രാക്ക് വേറെ. ട്രാക്കിന്റെ നിർമാണരീതിയല്ല റോഡിന്റേത്. ട്രാക്കിൽ എതിരേ വാഹനങ്ങളില്ല. പൊടിയില്ല മറ്റു തടസങ്ങൾ ഒന്നുമില്ല. റോഡിലോ അങ്ങോട്ടു പോയപ്പോൾ ഉള്ള അവസ്‌ഥയായിരിക്കില്ല തിരിച്ചു വരുമ്പോൾ. ടിപ്പറിൽ നിന്നുള്ള മണൽ വളവിൽ വീണു കിടപ്പുണ്ടെങ്കിലോ? അതറിയാതെ വീശിയെടുത്താൽ കഴിഞ്ഞില്ലേ കാര്യം.

ടയർ സുപ്രധാന ഘടകം

വേഗത്തിൽ പായുന്നതിന് മുന്നേ ബൈക്കിന്റെ ടയറിന്റെ അവസ്ഥ കൂടി പരിഗണിക്കുക. വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു ഘടകം ടയർമാത്രമാണ്. അമിത വേഗത്തിൽ പായുന്ന ചെറുപ്പക്കാർ എത്രപേർ വണ്ടി എടുക്കുന്നതിനു മുൻപ് ടയറിന്റെ അവസ്ഥ നോക്കാറുണ്ട്. റേസ് ബൈക്കുകളിൽ ഉപയോഗിക്കുന്ന ടയറുകൾ സോഫ്റ്റ് കോംപൗണ്ട് റബറിനാൽ നിർമിച്ചവയാണ്. അതു ട്രാക്കിൽ കൂടുതൽ പിടിത്തം നൽകും. പക്ഷേ ഈടു കുറവാണ്. നിരത്തിലേക്കുള്ള ടയറുകൾ എല്ലാ കാലാവസ്‌ഥയിലും സാഹചര്യത്തിലും ഒാടാൻ കഴിയുന്ന ഈടുള്ള കട്ടികൂടിയ റബറിനാൽ നിർമിച്ചവയാണ്. പക്ഷേ ഈ ടയറുകൊണ്ട് പരിധിയിൽ കൂടുതൽ വളവു വീശിയാൽ തെന്നിപ്പോകുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. 

ബ്രേക്ക് വില്ലനാകുമ്പോൾ

ഒാരോ വാഹനത്തിനും നിർമാതാക്കൾ ബ്രേക്കിങ് ഡിസ്റ്റൻസ് (ബ്രേക്കു പിടിച്ചാൽ നിൽക്കുന്ന ദൂരം) പറഞ്ഞിട്ടുണ്ട്. ഇതൊന്നും നോക്കാതെ മുന്നിൽ േപാകുന്ന വാഹനത്തിനു തൊട്ടു പിന്നാലെ അമിത വേഗത്തിൽ പാഞ്ഞാൽ ഇടി ഉറപ്പ്. മറ്റൊന്ന് ബ്രേക്ക് ഉപയോഗിക്കുന്നതിലെ അ‍ജ്ഞതയാണ്. ഒട്ട‍ുമിക്ക ബൈക്കുകളുടെയും മുന്നിൽ ഇപ്പോൾ ഡിസ്ക്ക് ബ്രേക്കുകളാണ്. തൊട്ടാൽ ഇടിച്ചിടിച്ചു നിൽക്കും. പക്ഷേ മുൻ ബ്രേക്ക് പിടിക്കുന്നതിനു മുൻപ് ഹാൻഡിലിന്റെ പൊസിഷനും റോഡിന്റെ അവസ്ഥയും ഞൊടിയിടകൊണ്ട് മനസ്സിലാക്കിയില്ലെങ്കിൽ അപകടം തീർച്ച. കഴിവതും 60 : 40 അനുപാതത്തിൽ ബ്രേക്ക് ചെയ്യുക. വളവുകളിൽ കഴിവതും പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കുക. വളരെ വേഗത്തിൽ വളവിലേയ്ക്കു കയറി പെട്ടെന്നു ത്രോട്ടിൽ കൊടുക്കുന്നതും ശരിയല്ല. കാരണം വീൽ സ്പിൻ ചെയ്ത് നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. എൻജിൻ ബ്രേക്ക് ചെയ്യുന്നത് ഉത്തമമാണ്. പക്ഷേ അത് എവിടെ എങ്ങനെ പ്രയോഗിക്കണം എന്നതാണ് മിക്കവർക്കും അറിയാത്തത്. നേർരേഖയിൽ ഗീയർ ഡൗൺ ചെയ്ത് എൻജിൻ ബ്രേക്ക് ചെയ്യാം. ഒരിക്കലും വളവുകളിൽ ആകരുത്. വളവിനു മുൻപ് ഗീയർ ഡൗൺ ചെയ്ത് കയറിപോകാം. വളവ് വേഗത്തിൽ കിടത്തി എടുക്കുമ്പോൾ ടയറും റോഡും തമ്മിൽ ബന്ധമുള്ള ഭാഗത്തിന്റെ അളവ് വളരെ കുറവാണ്. അപ്പോൾ ഗീയർ ഡൗൺ ചെയ്താൽ എൻജിൻ കരുത്ത് പെട്ടെന്നു പിൻവീലിേലക്കെത്തുകയും ടയർ തെന്നുകയും ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും ചെയ്യും.

മിക്ക ബൈക്ക് അപകടങ്ങളിലും പിൻയാത്രികരാണ് മരണപ്പെടുകയോ ഗുരുതര പരുക്കുകൾക്ക് ഇരയാകുകയോ ചെയ്യുന്നത്. സ്പോർട്സ് ബൈക്കുകളുടെ പിൻസീറ്റ് ഉയർന്നതായതിനാൽ പിടിത്തം വളരെ കുറവാണ്. ഇത്തരം കരുത്തു കൂടിയ ബൈക്കുകളിൽ കഴിവതും പിൻയാത്രികനെ ഒഴിവാക്കുക. കാരണം നിങ്ങൾ എത്ര വിദഗ്ധ റൈഡറാണെങ്കിലും പിൻയാത്രക്കാരന്റെ ചെറിയൊരു ചലനം മതി വളവുകളിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ.

വേഗമെടുക്കാം സുരക്ഷിതമായി‌

വളവുകളിൽ എതിരേ വരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് മിക്ക അപകടവും സംഭവിക്കുന്നത്. വളവുകൾ എങ്ങനെ എടുക്കണമെന്ന് ഏതെങ്കിലും ഡ്രൈവിങ് സ്കൂളുകാർ പഠിപ്പിക്കാറുണ്ടോ? ഇല്ല. അൽപം ശ്രദ്ധിച്ചാൽ വളവുകളിലെ അപകടം ഒഴിവാക്കാം. വളവിലെത്തുന്നതിനു മുൻപ് റോഡിന്റെ മധ്യഭാഗത്തേക്ക് വാഹനം പോയിന്റ് ചെയ്യുക. എതിരെ വാഹനം വരുന്നുണ്ടോ എന്നും വളവിൽ തടസങ്ങൾ ഉണ്ടോ എന്നും വളരെ കൃത്യമായി മനസ്സിലാക്കാൻ ഇതുകൊണ്ടു കഴിയും.

സുരക്ഷ അവനവന്റെ കാര്യം

പൊലീസിനെ പേടിച്ച് ഹെൽമറ്റ് വയ്ക്കുന്നവരാണ് കൂടുതലും. ബൈക്കിലെ യാത്ര ഒരു ഞാണിൻമേൽ കളിയാണ്. എതിരേ വരുന്നവരുടെയും പിന്നിൽ വരുന്നവരുടെയും അശ്രദ്ധകൊണ്ട് അപകടം സംഭവിക്കാം. കഴിഞ്ഞ വർഷം നടന്ന ബൈക്ക് അപകടങ്ങളിൽ ഭൂരിപക്ഷംപേരും മരിച്ചത് തലയ്ക്കേറ്റ പരിക്കുകൊണ്ടാണ്. അതുകൊണ്ട് ബൈക്ക് ഒാടിക്കുന്നുണ്ടെങ്കിൽ ഹെൽമറ്റ് ധരിച്ചാവണം.

English Summary: Bike racing Leads to Accident, Road is Not A Racetrack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com