ADVERTISEMENT

സ്ക്രാപ്പേജ് നയത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പതിനഞ്ചു വർഷം പൂർത്തിയായ കേന്ദ്ര, സംസ്ഥാന സർക്കാർ വാഹനങ്ങൾ അടുത്ത വർഷം ഏപ്രിൽ മുതൽ പൊളിച്ചു നീക്കും. 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രമേ പുനർ റജിസ്ട്രേഷൻ നൽകൂ. ട്രാൻസ്പോർട്ട് ബസുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇതു ബാധകമാകും. ഹെവി വാണിജ്യ വാഹനങ്ങൾക്ക് 2023 മുതലും വ്യക്തിഗത വാഹനങ്ങൾക്ക് 2024 ജൂൺ മുതലും ഇതു ബാധകമാവും. 

ഓട്ടമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റിങ് കേന്ദ്രങ്ങളിലൂടെയുള്ള ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും അതു പാസാവുന്ന വാഹനങ്ങൾക്ക് പുനർ റജിസ്ട്രേഷന് ഉയർന്ന ഫീസ് ഈടാക്കുകയുമാണ് പുതിയ നിയമത്തിലെ പ്രധാന കാര്യം. അതി കഠിനമായ നിബന്ധനകളായിരിക്കും ഫിറ്റ്നെസ് ടെസ്റ്റിനുണ്ടാവുക. സർക്കാർ വാഹനങ്ങൾ 15 വർഷം കഴിഞ്ഞാൽ നിർബന്ധമായും പൊളിക്കും. 

നിശ്ചിത വർഷ കാലാവധിക്കു ശേഷം വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന വളരെ നിർണായകമാകുമെന്നാണു പുതിയ നയം സൂചിപ്പിക്കുന്നത്. ഫിറ്റ്നസ് പരിശോധന പാസായാലും പിന്നീടുള്ള ഓരോ അഞ്ചുവർഷവും വീണ്ടും നടത്തണം. ഒരു ഓട്ടമേറ്റഡ് ഫിറ്റ്നസ് കേന്ദ്രം സ്ഥാപിക്കാനുള്ള ചെലവ് 17 മുതൽ 33 കോടി രൂപ വരെയാണ്. 2023 മാർച്ചോടെ രാജ്യത്ത് 75 ഫിറ്റ്നസ് സെന്ററുകളും അതേവർഷം ഡിസംബറോടെ കുറഞ്ഞത് 50 പൊളിക്കൽ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിടുന്നത്.

പൊളിക്കുന്ന പഴയ വാഹനത്തിന്റെ അതേ മോഡലിലുള്ള പുതിയ വാഹനത്തിന്റെ എക്സ് ഷോറൂം വിലയുടെ 4–6% വരെ പൊളിക്കൽ കേന്ദ്രങ്ങളിൽ നിന്ന് ഉടമസ്ഥർക്ക് നൽകും. പൊളിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ പുതിയ വാഹനങ്ങൾക്ക് 5% വിലക്കിഴിവു നൽകാൻ കമ്പനികളോട് സർക്കാർ നിർദേശിക്കും. ഉടമയ്ക്ക് താൽപര്യമുള്ള മറ്റൊരാൾക്ക് ഇതു കൈമാറാനും പറ്റും. 

സ്വകാര്യ വാഹനങ്ങൾക്ക് 25% റോഡ് നികുതിയിളവും വാണിജ്യ വാഹനങ്ങൾക്ക് 15% റോഡ് നികുതിയിളവും നൽകാ‍ൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. പുതിയ വാഹനത്തിന്റെ റജിസ്ട്രേഷൻ ഫീസ് സൗജന്യമാക്കാനും പദ്ധതിയുണ്ട്. പൊളിക്കൽ കേന്ദ്രങ്ങൾ പരിസ്ഥിതി, മലിനീകരണ, തൊഴിൽ നിയമങ്ങൾ പാലിക്കണം. മതിയായ പാർക്കിങ് സൗകര്യം. വായു, ജല, ശബ്ദ മലിനീകരണ നിയന്ത്രണ സംവിധാനം, അപകടകരമായ മാലിന്യം സുരക്ഷിതമായി നീക്കാനുള്ള സംവിധാനം എന്നിവ വേണമെന്നു നിബന്ധനയുണ്ട്.

ഫിറ്റ്നസ് ടെസ്റ്റ് കേന്ദ്രങ്ങൾ സർക്കാർ–സ്വകാര്യ സംയുക്ത സംരംഭങ്ങളും സ്വകാര്യ സംരംഭങ്ങളും, ഓട്ടമൊബീൽ കമ്പനികളുടെ സംരംഭങ്ങളും ആകാം. ഒരു ജില്ലയിൽ കുറഞ്ഞത് ഒരു കേന്ദ്രം. എല്ലാ ജില്ലകളിലും ഗതാഗത മന്ത്രാലയം മാതൃകാ ഇൻസ്പെക്‌ഷൻ സർട്ടിഫിക്കേഷൻ കേന്ദ്രം തുടങ്ങും. ടെസ്റ്റിങ്, പാർക്കിങ് തുടങ്ങിയവയ്ക്ക് മതിയായ സൗകര്യം വേണം.കേന്ദ്രങ്ങൾ നടത്തുന്നവർക്ക് റിപ്പയർ, സ്പെയർപാർട്സ് വിൽപന കേന്ദ്രങ്ങൾ പാടില്ല. ഓൺലൈൻ ബുക്കിങ്ങും ഓട്ടമാറ്റിക് റിപ്പോർട്ട് തയാറാക്കലും വേണം.

റജിസ്ട്രേഷൻ പുതുക്കൽ, ഫിറ്റ്നസ് ഫീസ് കൂടും

സ്ക്രാപ്പേജ് നയം നടപ്പാക്കുന്നതോടെ റജിസ്ട്രേഷൻ പുതുക്കൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഫീസിൽ  വൻ വർധനയുണ്ടാകും. ഇതിന്റെ കരടു നിർദേശം നേരത്തേ വിജ്ഞാപനം ചെയ്തിരുന്നു 15 വർഷം പഴക്കമുള്ള ബൈക്കിന്റെ റജിസ്ട്രേഷൻ പുതുക്കാൻ 300 രൂപ എന്നത് 1000 രൂപയാക്കി. കാറിന്റേത് 600ൽ നിന്ന് 5000 രൂപയും മുച്ചക്രവാഹനത്തിന്റേത് 600ൽ നിന്ന് 2500 രൂപയുമാക്കി. ഇറക്കുമതി ചെയ്ത കാറുകളുടെ നിരക്ക് 5000 എന്നതിൽ നിന്ന് 40,000 രൂപയാക്കി. ട്രാൻസ്പോർട്ട് വാഹനങ്ങളിൽ മുച്ചക്രവാഹനത്തിന്റെ നിരക്ക് 1000ൽ നിന്ന് 3500, ബൈക്ക് ടാക്സിയുടേത് 500ൽ നിന്ന് 1000, ടാക്സി വാഹനങ്ങൾക്ക് 1000ൽ നിന്ന് 7000, മീഡിയം ഗുഡ്സ്–പാസഞ്ചർ വാഹനങ്ങൾക്ക് 1300ൽ നിന്ന് 10000, ഹെവി ഗുഡ്സ് പാസഞ്ചർ വാഹനങ്ങൾക്ക് 1500ൽ നിന്ന് 12500 രൂപ എന്നിങ്ങനെയാണു നിരക്ക്.

ഇരുചക്രവാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കുമ്പോഴുള്ള ഫിറ്റ്നസ് പരിശോധനയുടെ ഫീസ് 400 രൂപയും കാറുകളുടേത് 800 രൂപയും ആക്കിയിട്ടുണ്ട്. റജിസ്ട്രേഷൻ പുതുക്കാൻ വൈകിയാൽ ഇരുചക്രവാഹനങ്ങൾക്ക് 300 രൂപയും കാറുകൾക്കും മറ്റും 500 രൂപയും പ്രതിമാസം പിഴ നൽകണം. വാണിജ്യ വാഹനങ്ങൾക്ക് ദിവസം 50 രൂപ വീതമാണ് പിഴ. 

പൊളിക്കാറായ വാഹനങ്ങൾ കേരളത്തിൽ 35 ലക്ഷം

20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ചെറുകിട വാഹനങ്ങളും 15 വർഷത്തിലേറെ പഴക്കമുള്ള 34 ലക്ഷം ചെറുകിട വാഹനങ്ങളും രാജ്യത്തുണ്ട്. 15 വർഷം കഴി‍ഞ്ഞ 15 ലക്ഷം വാണിജ്യ വാഹനങ്ങളുമുണ്ട്. ഇവ മറ്റു വാഹനങ്ങളെക്കാൾ 10–12 ഇരട്ടി അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നു. കേരളത്തിൽ 35 ലക്ഷത്തോളം പഴയ വാഹനങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്.

പൊളിക്കാൻ 635 കെഎസ്ആർടിസി ബസുകൾ

13 വർഷത്തിന് മുകളിൽ പഴക്കമുള്ള 635 ബസുകളാണ് പൊളിക്കുന്നതിനായി കെഎസ്ആർടിസി ഇപ്പോൾ മാറ്റിയിട്ടുള്ളത്.  ജൻറം സ്കീമിൽ ലഭിച്ച 150 ബസുകൾ കാലപ്പഴക്കമായില്ലെങ്കിലും ഇപ്പോൾ സർവീസിനയക്കാതെ മാറ്റിയിട്ടിരിക്കുകയാണ്. ഇത് കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാന പദ്ധതികളുടെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് വാടകയ്ക്കു നൽകുകയാണ്.

English Summary: Know More About Vehicle scrappage policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com