ADVERTISEMENT

ഇന്ത്യയിലെ പ്രവർത്തനം നിർത്താനുള്ള ഫോഡ് മോട്ടോർ കമ്പനിയുടെ തീരുമാനം ഇവിടെ നിർമിച്ചു വിദേശ വിപണികളിൽ വിറ്റിരുന്ന കാർ മോഡലുകൾക്കും തിരശീല വീഴ്ത്തുന്നു. സബ്കോംപാക്ട് എസ് യു വിയായ ഇകോസ്പോർട്ട് പോലുള്ള മോഡലുകളുടെ യുഎസ് അടക്കമുള്ള വിവിധ വിപണികളിലെ വിൽപനയ്ക്കാണ്  കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള പിൻമാറ്റം തിരിച്ചടിയാവുക. അടുത്ത വർഷം മധ്യത്തോടെ യു സ് വാഹന വിപണിയിൽ നിന്ന് ഇകോസ്പോർട് അരങ്ങൊഴിയുമെന്നാണു സൂചന. അതേസമയം,  റൊമാനിയയിൽ നിന്നുള്ള ഉൽപാദനത്തിന്റെ പിൻബലത്തിൽ യൂറോപ്യൻ വിപണികളിൽ ഇകോസ്പോർട് തുടരാൻ സാധ്യതയുണ്ട്.

വിൽപനയിൽ കാര്യമായ നേട്ടം കൊയ്യാനാവാതെ പോയതാണ് യു എസ് വിപണിയിൽ ഇകോസ്പോർട്ടിന്റെ അന്തിമ വിധിയെഴുതുന്നത്. 2016ലായിരുന്നു ഫോഡ്, യുഎസിൽ ആദ്യമായി ഇകോസ്പോർട് പ്രദർശിപ്പിക്കുന്നത്. തുടർന്ന് 2018ൽ ഈ കോംപാക്ട് എസ്‌യുവിയുടെ വിൽപനയ്ക്കും തുടക്കമായി. ഒരു ലീറ്റർ, മൂന്നു സിലിണ്ടർ, ടർബോ പെട്രോൾ എൻജിനും രണ്ടു ലീറ്റർ, നാലു സിലിണ്ടർ എൻജിനും സഹിതമാണു യു എസിൽ ഇകോസ്പോർട്ട് വിൽപനയ്ക്കുണ്ടായിരുന്നത്. ഇരു മോഡലുകൾക്കും ഓൾ വീൽ ഡ്രൈവ് ലേ ഔട്ടും ലഭ്യമായിരുന്നു. 

എന്നാൽ കടന്നു പോയ വർഷങ്ങൾക്കിടയിൽ വിൽപനയിൽ ക്രമമായ ഇടിവാണ് ഇകോസ്പോർട് രേഖപ്പെടുത്തിയത്. ബ്രോങ്കോ സ്പോർട് ശ്രേണിക്ക് ആവശ്യക്കാരേറിയതും ഇകോസ്പോർട് പിൻവലിക്കാനുള്ള ഫോഡിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാവണം. ഇകോസ്പോർട്ടിന്റെ ഒഴിവിൽ പുതിയ മോഡലുകൾ ഉൽപ്പാദിപ്പിച്ചു വിൽക്കാനുള്ള അവസരവും ഫോഡിനെ കാത്തിരിപ്പുണ്ട്.

ഇന്ത്യയിലാവട്ടെ സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിനു തുടക്കം കുറിച്ചായിരുന്നു 2013ൽ ഇകോസ്പോർട്ടിന്റെ അരങ്ങേറ്റം. അതുകൊണ്ടുതന്നെ ഫോഡിന്റെ ശ്രേണിയിൽ മികച്ച സ്വീകാര്യത കൈവരിച്ച മോഡലുകമായിരുന്നു ഇകോസ്പോർട്. 

ഇകോസ്പോർട് എസ് യു വിയുടെ പരിഷ്കരിച്ച പതിപ്പുമായി ഫോഡ് ഇന്ത്യയിൽ പരീക്ഷണ ഓട്ടങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ പ്രവർത്തനം തന്നെ അവസാനിപ്പിക്കാൻ ഫോഡ് തീരുമാനിച്ച സാഹചര്യത്തിൽ  ഈ പരിഷ്കരിച്ച പതിപ്പ് വെളിച്ചം കാണില്ലെന്ന് ഉറപ്പായി.

English Summary: Ford Ecosport Will Leave US Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com