ADVERTISEMENT

അമേരിക്കൻ വാഹനനിർമാതാക്കളായ ഫോഡ്, ഇന്ത്യ വിടുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് വാഹനപ്രേമികൾ കേട്ടത്. കിയയും എംജിയും പോലെയുള്ള പുതിയ കമ്പനികൾ വണ്ടി പിടിച്ചിങ്ങോട്ടു വരുമ്പോൾ, 25 വർഷമായി ഇന്ത്യൻ നിരത്തുകളെ അറിയുന്ന ഫോഡിന് കാലിടറിയത് എന്തുകൊണ്ടാണെന്നതാണ് വാഹനലോകത്തെ ഇപ്പോഴത്തെ ചർച്ച. ലോക വാഹനവിപണിയിൽ അഞ്ചാം സ്ഥാനമുള്ള ഇന്ത്യ പക്ഷേ, ഇത്തരം ഒട്ടേറെ വൻകിട വാഹന കമ്പനികളുടെ വരവും പോക്കും കണ്ടതാണ്. അതിൽ, ഇന്ത്യക്കാരുടെ മനംകവർന്ന മോഡലുകളുമായി ഒരുകാലത്ത് ജൈത്രയാത്ര നടത്തിയ ഫിയറ്റും ജനറൽ മോട്ടോഴ്സും മുതൽ ഒറ്റ വണ്ടി മാത്രം നിരത്തിലിറക്കി സ്റ്റാൻഡ് വിട്ട ഐഷർ പൊളാരിസ് വരെ ഉൾപ്പെടും. ഫോഡിന് മുൻപ് ഇന്ത്യൻ വിപണിയിൽനിന്നു പിൻവാങ്ങിയ പ്രധാനപ്പെട്ട ഏതാനും വാഹനനിർമാതാക്കളെ അറിയാം.

fiat-punto
ഫീയറ്റ് പുന്തോ ഇവോ

ഫിയറ്റ്

ഇറ്റലിയിലെ ടൂറിനിൽ 1899ൽ തുടക്കംകുറിച്ച ഫിയറ്റ് ആദ്യം യൂറോപ്പിലും പിന്നീട് ലോകത്തിന്റെ പലഭാഗങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചശേഷമാണ് ഇന്ത്യയിൽ കച്ചവടത്തിനെത്തിയത്. 1997ൽ ടാറ്റയുമായി കൈകോർത്തായിരുന്നു ഇന്ത്യയിലേക്കുള്ള വരവ്. 12 വർഷത്തോളം വിവിധ മോഡലുകളുമായി ഇന്ത്യയിൽ ചുവടുറപ്പിച്ചെങ്കിലും ലിനിയയും പുന്തോയും പോലെ ഏറെ പ്രതീക്ഷയോടെ വിപണിയിലിറക്കിയ ചില മോഡലുൾ കാര്യമായ ചലനമുണ്ടാക്കാതെ കടന്നുപോയി. ഒടുവിൽ  2019 മാർച്ചിൽ ഫിയറ്റും നിരാശയോടെ ഇന്ത്യയിൽനിന്നു മടങ്ങി. അതേസമയം, ആഗോളതലത്തിൽ ഫിയറ്റ് ഇപ്പോഴും ഒന്നൊന്നര താരം തന്നെ.  മസെരാറ്റി, ജീപ്പ്, ഫെറാരി, ആൽഫാ റോമിയോ, അബാർത്ത് പോലുള്ള കിടിലൻ ബ്രാൻഡുകൾ ഫിയറ്റിന്റെ കീഴിൽത്തന്നെയാണ്. ക്രൈസ്‌ലറുമായുള്ള ലയനത്തിനു ശേഷം ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ് എന്ന പേരിലാണ് ഇപ്പോൾ  കമ്പനി അറിയപ്പെടുന്നത്. ഫിയറ്റിന്റെ വാഹനങ്ങളുടെ വിൽപന നിർത്തിയെങ്കിലും ബ്രാൻഡിന് കീഴിൽ ജീപ്പ് ഇപ്പോഴും ഇന്ത്യയിൽ സൂപ്പർഹിറ്റായി ഓടുന്നുണ്ട്.

chevrolet-beat
ബീറ്റ്

ജനറൽ മോട്ടോഴ്സ്

1996ൽ ഓപൽ ബ്രാൻഡുമായി ഇന്ത്യയിലേക്കെത്തിയ അമേരിക്കൻ കാർ നിർമാതാക്കളാണ് ജനറൽ മോട്ടോഴ്സ്. പിന്നീട്, 7 വർഷത്തിനുശേഷം 2003ൽ ഷെവർലെ എന്ന ബ്രാൻഡിൽ പുതുനിര കാറുകളുമായി കമ്പനി രണ്ടാം അങ്കം പയറ്റിയെങ്കിലും 2017 ഡിസംബറിൽ പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങേണ്ടിവന്നു. എന്നാൽ, മറ്റു കമ്പനികളെ അപേക്ഷിച്ച്, ചിരപരിചിതമായ ഒട്ടേറെ വാഹനങ്ങളിലൂടെ ജനറൽ മോട്ടോഴ്സിന്റെ സാന്നിധ്യം ഇപ്പോഴും ഇന്ത്യൻ നിരത്തുകളിൽ കാണാം. ഷെവർലെ ബീറ്റ്, തവേര, ക്രൂസ്, എൻജോയ്, സെയിൽ തുടങ്ങിയ മോഡലുകളുടെ വിൽപന നടക്കുന്നതിനിടെയാണ് ഇന്ത്യയിൽനിന്നുള്ള വിടവാങ്ങൽ കമ്പനി പ്രഖ്യാപിച്ചത്. സ്റ്റാർട്ട്  ചെയ്ത് 20 വർഷമായിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ വന്നതോടെയാണ് പിൻമാറ്റമെന്നായിരുന്നു കമ്പനിയുടെ കുമ്പസാരം. 2016–2017ൽ ജനറൽ മോട്ടോഴ്സിന്റെ ഇന്ത്യയിലെ വിൽപന 21% കുറഞ്ഞ് 25,823 യൂണിറ്റിലെത്തിയിരുന്നു.

harley-davidson-street-bob
ഹാർ‌ലി സ്റ്റീറ്റ് ബോബ്

ഹാർലി ഡേവിഡ്സൺ

യുഎസ് ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ ഇന്ത്യ വിടുന്നു എന്നു പ്രഖ്യാപിച്ചത് 2020 സെപ്റ്റംബറിലാണ്. കമ്പനിയുടെ ആഗോള ബിസിനസ് പുനഃക്രമീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ ഉൽപാദനം നിർത്തുകയാണെന്ന് അറിയിച്ച കമ്പനി പിന്നീട്, അവരുടെ ബൈക്കുകൾ ഇന്ത്യയിൽ ഇനി വിൽക്കുന്നതും സർവീസ് ചെയ്യുന്നതും ഇന്ത്യൻ കമ്പനിയായ ഹീറോ മോട്ടോകോർപ് ആയിരിക്കുമെന്നും അറിയിച്ചു. ഹാർലി ഡേവിഡ്സൺ ബ്രാൻഡ് നാമത്തിൽ, പ്രീമിയം ബൈക്കുകൾ ഇന്ത്യയിൽ നിർമിച്ചു വിൽക്കാനും ഹീറോയ്ക്ക് അനുമതി നൽകി. ഹാർലി ഷോറൂമുകളിലൂടെയും ഹീറോ ഷോറൂമുകളിലൂടെയും ഹാർലി ഉൽപന്നങ്ങൾ വിൽക്കുമെന്നും ഇരു കമ്പനികളും അറിയിച്ചു. 2011ൽ ആണ് കമ്പനി ഹരിയാനയിൽ പ്രീമിയം ബൈക്കുകളുടെ അസംബ്ലിങ്ങും വിൽപനയും തുടങ്ങിയത്.

multix
മൾട്ടിക്‌സ്

ഐഷർ പൊളാരിസ്

ഇന്ത്യയിലെ ആദ്യത്തെ ‘പഴ്സനൽ യൂട്ടിലിറ്റി വെഹിക്കിൾ’ എന്ന വിശേഷണമുള്ള ‘മൾട്ടിക്സ്’ എന്ന മോഡലുമായി 2015ൽ ഇന്ത്യയിൽ അവതരിച്ച ഐഷർ പൊളാരിസ്, ആ ഒറ്റ മോഡൽ കൊണ്ടുതന്നെ അസ്തമിക്കുന്ന കാഴ്ചയാണ് വാഹനലോകം കണ്ടത്. 2018 മാർച്ചിലായിരുന്നു ഇന്ത്യൻ നിരത്തുകളിൽനിന്നു കമ്പനിയുടെ പിന്മാറ്റം. ഐഷർ എന്ന ഇന്ത്യൻ ട്രക്ക് നിർമാണ കമ്പനിയും പൊളാരിസ് എന്ന യുഎസ് കമ്പനിയും ചേർന്നു പുറത്തിറക്കിയ വാഹനമാണ് മൾട്ടിക്സ്. 5 പേർക്ക് ഇരിക്കാനും വിവിധയിനം ലഗേജ് കൊണ്ടുപോകാനും ഇടമുള്ള വാഹനത്തിൽ മൂന്നു കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവുന്ന ജനറേറ്റർ സജ്ജീകരണവുമുണ്ടായിരുന്നു. ചെറുകുടുംബത്തിന്റെ യാത്രയ്ക്കും ചെറുകിട വ്യവസായ ആവശ്യങ്ങൾക്കും ഉപകരിക്കുന്ന ഉത്തമ വാഹനമെന്ന പേരിലെത്തിയ മൾട്ടിക്സ് പക്ഷേ, വിപണിയിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. 

English Summary: Fiat, GM, Harley-Davidson and now Ford; The Iconic Automakers that Left India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com