ADVERTISEMENT

ഇന്ത്യയിൽ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിനു തുടക്കമിട്ട സ്വിഫ്റ്റിന്റെ മൊത്തം വിൽപന 25 ലക്ഷം കവിഞ്ഞതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 2005ൽ അരങ്ങേറിയ സ്വിഫ്റ്റ് 16 വർഷത്തിനകമാണ് ഈ ഉജ്വല നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ കാർ വിൽപന കണക്കെടുപ്പിൽ പതിവായി ഒന്നാം സ്ഥാനം അലങ്കരിച്ച ചരിത്രമാണു സ്വിഫ്റ്റിന്റേത്. കഴിഞ്ഞ സാമ്പത്തിക വർഷവും യാത്രാവാഹന വിഭാഗത്തിൽ രാജ്യത്ത് ഏറ്റവുമധികം വിൽപന നേടിയതു സ്വിഫ്റ്റ് തന്നെ. 

ഒന്നര പതിറ്റാണ്ട് പിന്നിട്ട പ്രയാണത്തിനിടെ രൂപകൽപനയിലും കാബിൻ സൗകര്യങ്ങളിലും നടപ്പായ സമയോചിത പരിഷ്കാരങ്ങളും എൻജിനിലടക്കം വരുത്തിയ മാറ്റങ്ങളുമാണു നേതൃപദവിയിൽ തുടരാൻ സ്വിഫ്റ്റിനെ സഹായിച്ചത്. ഹാച്ച്ബാക്ക് വിഭാഗത്തിൽ പുതുമുഖങ്ങൾ പലരും അരങ്ങേറിയതും ഇന്ത്യൻ ഉപയോക്താക്കൾക്ക് എസ് യു വികളോടുള്ള അമിത പ്രതിപത്തിയുമൊന്നും സ്വിഫ്റ്റിന്റെ തിളക്കത്തിനു മങ്ങൽ ഏൽപ്പിച്ചില്ല. സ്വിഫ്റ്റിന്റെ ഓരോ തലമുറയ്ക്കും ഇന്ത്യൻ വിപണി മികച്ച വരവേൽപ്പാണു നൽകിയതെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ വെളിപ്പെടുത്തുന്നു. കാഴ്ചപ്പകിട്ടിന്റെയും കിടയറ്റ പ്രകടനക്ഷമതയുടെയും സമന്വയത്തിലൂടെ പ്രൗഢ പാരമ്പര്യമാണു സ്പോർട്ടി സ്വിഫ്റ്റ് പടുത്തുയർത്തിയത്. ഈ ജൈത്രയാത്രയിൽ കാൽ കോടിയോളം ഹൃദയങ്ങളും സ്വിഫ്റ്റ് കീഴടക്കിയെന്ന് അദ്ദേഹം ഓർമിക്കുന്നു. 

ഇന്ത്യൻ നിരത്തിലെത്തി അഞ്ചു വർഷത്തിനകം 2010ൽ തന്നെ  സ്വിഫ്റ്റിന്റെ മൊത്തം വിൽപന അഞ്ചു ലക്ഷം യൂണിറ്റ് പിന്നിട്ടു. 2013ലാണ് കാറിന്റെ വിൽപ്പന 10 ലക്ഷം യൂണിറ്റ് കവിഞ്ഞത്. 2016ൽ സ്വിഫ്റ്റ് വിൽപന 15 ലക്ഷവും 2018ൽ 20 ലക്ഷവും കടന്നു. കോവിഡ് 19 മഹാമാരിയും മറ്റും സൃഷ്ടിച്ച വെല്ലുവിളികളെയും അതിജീവിച്ച് ഇപ്പോൾ ‘സ്വിഫ്റ്റ്’ വിൽപ്പന കാൽ കോടിയിലുമെത്തി. ഇന്ത്യൻ കാർ ഓഫ് ദ് ഇയർ പുരസ്കാരം മൂന്ന തവണ നേടിയ ഏക കാറെന്ന പെരുമയുള്ള സ്വിഫ്റ്റിനു കരുത്തേകുന്നത് 1.2 ലീറ്റർ, ഡ്യുവൽജെറ്റ് വേരിയബ്ൾ വാൽവ് ടൈമിങ് (വി വി ടി) പെട്രോൾ എൻജിനാണ്. മാനുവൽ, ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) ട്രാൻസ്മിഷനുകളാണ് ഈ എൻജിനു കൂട്ട്. മാനുവൽ ട്രാൻസ്മിഷനോടെ ലീറ്ററിന് 23.20 കിലോമീറ്ററും എ ജി എസ് ഗീയർബോക്സിനൊപ്പം 23.76 കിലോമീറ്ററുമാണ് ‘സ്വിഫ്റ്റി’നു മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 

തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന മെഷ് ഗ്രില്ലും ആകർഷക ഹെഡ്ലൈറ്റും സ്പോർട്ടി അലോയ് വീലുമൊക്കെയായി കാഴ്ചപ്പകിട്ടോടെ എത്തുന്ന ‘സ്വിഫ്റ്റ്’, ഒറ്റ നിറത്തോടെയും ഇരട്ട വർണ സങ്കലനത്തോടെയും ലഭ്യമാണ്. എൽ എക്സ് ഐ, വി എക്സ് ഐ, സെഡ് എക്സ് ഐ, സെഡ് എസ് ഐ പ്ലസ്, സെഡ് എക്സ് ഐ പ്ലസ്(ഡ്യുവൽ ടോൺ) വകഭദേങ്ങളിൽ വിൽപ്പനയ്ക്കുള്ള കാറിന് 5.73 ലക്ഷം രൂപ മുതലാണു ഷോറൂം വില. ടാറ്റ ‘ആൾട്രോസ്’, ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 10 നിയൊസ്’, ഫോക്സ്വാഗൻ ‘പോളൊ’ തുടങ്ങിയവയ്ക്കൊപ്പം സബ്കോംപാക്ട് എസ് യു വികളായ നിസ്സാൻ ‘മാഗ്നൈറ്റും’ റെനോ ‘കൈഗറും’ വരെ ‘സ്വിഫ്റ്റി’ന് എതിരാളികളായുണ്ട്. 

English Summary: Maruti Suzuki Swift Crosses 25 Lakh Sales Milestone in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com