ADVERTISEMENT

ബ്രിട്ടിഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ് ഔപചാരികമായി  വൈദ്യുത വാഹന (ഇ വി) വിഭാഗത്തിലേക്കു ചുവടുവച്ചു. കമ്പനി അവതരിപ്പിക്കുന്ന ആദ്യ വൈദ്യുത ആഡംബര കാറായ സ്പെക്ടറിന്റെ തിരനോട്ടവും നടത്തി. റോൾസ് റോയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ടോർസ്റ്റെൻ മ്യുള്ളെർ ഒറ്റെവോസ് തന്നെയാണു ലിങ്ക്ഡിനിൽ സ്പെക്ടറിന്റെ ആദ്യ ചിത്രം പങ്കുവച്ചത്. സ്പെക്ടറിലൂടെ വൈദ്യുത വാഹന വിഭാഗത്തിലേക്കു ചുവടുമാറാനാണ് 115 വർഷത്തെ പ്രൗഢപാരമ്പര്യമുള്ള റോൾസ് റോയ്സിന്റെ നീക്കം. വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കാൻ റോൾസ് റോയ്സ് തികച്ചും അനുയോജ്യരാണെന്നും ടോർസ്റ്റെൻ മ്യുള്ളെർ ഒറ്റെവോസ് കരുതുന്നു. 

മറ്റു വാഹന ബ്രാൻഡുകളെ അപേക്ഷിച്ച് വൈദ്യുത പവർട്രെയ്ൻ ഏറ്റവും ഇണങ്ങുക റോൾസ് റോയ്സ് കാറുകൾക്കാണ്; നിശ്ശബ്ദവും പരിഷ്കൃതവും ഞൊടിയിടയിൽ ടോർക്ക് സൃഷ്ടിക്കുന്നതുമായ വൈദ്യുത പവർട്രെയ്നിന് മികച്ച കരുത്തും സമ്മാനിക്കാനാവുമെന്ന് മ്യുള്ളെർ ഒറ്റെവോസ് ഓർമിപ്പിച്ചു. ആയാസരഹിതമായ ചലനത്തെ റോൾസ് റോയ്സ് വിളിക്കുന്ന ‘'waftability' എന്ന വാക്കാണ് വൈദ്യുത ഡ്രൈവ് ട്രെയ്നു കൂടുതൽ ചേരുകയെന്നും അദ്ദേഹം വിലയിരുത്തുന്നു.  വൈദ്യുത വാഹനം ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം തികച്ചും അനുയോജ്യമായ മോഡലാവും ‘സ്പെക്ടർ’ എന്നും മ്യുള്ളെർ ഒറ്റെവോസ് വിശദീകരിക്കുന്നു. ഇന്നത്തെ കാലത്തിന് അനുയോജ്യവും സമ്പന്നവുമായ കാറാവും ‘സ്പെക്ടർ’ എന്നും അദ്ദേഹം ഉറപ്പുതരുന്നു. 

ലോകത്തിലെ അതിസമ്പന്നരെയും അതിപ്രശസ്തരെയും മാത്രം ലക്ഷ്യമിട്ടെത്തുന്ന റോൾസ് റോയ്സ് സ്പെക്ടർ സംബന്ധിച്ച സാങ്കേതിക വിവരങ്ങളൊന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുത്ത വിപണികളിൽ 2023ൽ സ്പെക്ടർ വിൽപനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. അതേസമയം, സ്പെക്ടർ തുടക്കം മാത്രമാവുമെന്ന് റോൾസ് റോയ്സ് വ്യക്തമാക്കുന്നുമുണ്ട്. 2030 ആകുമ്പോലേക്ക് മോഡൽ ശ്രേണി പൂർണമായും വൈദ്യുതീകരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് മ്യുള്ളെർ ഒറ്റെവോസ് വെളിപ്പെടുത്തുന്നു. അപ്പോഴേക്ക് ആന്തരിക ജ്വലന എൻജിനുള്ള മോഡലുകളുടെ നിർമാണവും വിൽപ്പനയും റോൾസ് റോയ്സ് പൂർണമായും ഉപേക്ഷിച്ചിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.

വൈദ്യുത വാഹന വിഭാഗത്തിലെ ആദ്യ കൺസപ്റ്റ് 2011ൽ തന്നെ റോൾസ് റോയ്സ് പ്രദർശിപ്പിച്ചിരുന്നു. ഫാന്റം അടിസ്ഥാനമാക്കിയായിരുന്നു റോൾസ് റോയ്സിന്റെ  ഈആശയം പിറവിയെടുത്തത്. തുടർന്ന് 2016ൽ വിഷൻ നെക്സ്റ്റ് 100 എന്ന പേരിൽ റോൾസ് റോയ്സ് മറ്റൊരു ആശയവും അവതരിപ്പിച്ചു. പൂർണമായും വൈദ്യുത പവർ ട്രെയ്നുള്ള കാറിൽ സ്വയം ഓടാൻ സഹായിക്കുന്ന സംവിധാനങ്ങളും കമ്പനി ഉൾപ്പെടുത്തിയിരുന്നു. 

English Summary: Rolls-Royce Spectre: Luxury Marque Announces First All-Electric Car, Coming In 2023 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com