ADVERTISEMENT

കോംപസ് അടിസ്ഥാനമാക്കി ‌ജീപ്പ് അവതരിപ്പിക്കുന്ന പുതിയ എസ്‌യുവി മെർഡിയൻ അടുത്ത വർഷം ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തും. പുതിയ മോഡലുകളുടെ നിർമാണത്തിനായി ഏകദേശം 1870 കോടി രൂപ പുണെയിലെ പ്ലാന്റിൽ നിക്ഷേപിക്കുമെന്നും കമ്പനി അറിയിക്കുന്നു.  

മൂന്നു നിര സീറ്റോടെ, ഇന്ത്യൻ വിപണിയിൽ മെർഡിയൻ എന്നും രാജ്യാന്തര വിപണിയിൽ കമാൻഡർ എന്നും പേരിട്ടായിരിക്കും വാഹനം പുറത്തിറങ്ങുക. നേരത്തേ, ബ്രസീലിയൻ വിപണിക്കായി എത്തുന്ന കമാൻഡറിന്റെ ചിത്രങ്ങൾ ജീപ്പ് ബ്രസീൽ പുറത്തുവിട്ടിരുന്നു. അടുത്ത വർഷം ഏപ്രിലോടെ ഇന്ത്യയിൽ ഉൽപാദനം ആരംഭിച്ച് തുടർന്നുള്ള മാസങ്ങളിൽ വാഹനം വിൽപനയ്ക്കെത്തിക്കാൻ ആണ് ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീലിന്റെ (എഫ്‌സി​എ) പദ്ധതി. 

മെറിഡിയൻ എന്ന പേരിൽ ഏഴു സീറ്റുമായി എത്തുമ്പോഴും എസ്‌യുവിയിലെ ബോഡി പാനലുകളടക്കം കോംപസിൽനിന്നു കടം കൊണ്ടവയാകും. ബി പില്ലറിനു പിന്നിലേക്കാണ് കോംപസും മെറിഡിയനുമായി പ്രധാന വ്യത്യാസം. പുത്തൻ മോഡലുകളായ ഗ്രാൻഡ് ചെറോക്കീ എൽ, ഗ്രാൻഡ് വാഗണീർ എന്നിവയിലെപ്പോലെ നീളമേറിയ വാതിലുകളാണ് ‘മെറിഡിയനി’ലും. പിൻ ടെയിൽ ഗേറ്റിൽ തിരശ്ചീനമായി ഘടിപ്പിച്ച എൽഇഡി ടെയിൽ ലാംപുകളുമുണ്ട്.

എസി വെന്റ് ഉള്ള സീറ്റ്, പനോരമിക് സൺറൂഫ്, വലുപ്പമേറിയ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തുടങ്ങി പരിഷ്കരിച്ച കോംപസിലെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം മെറിഡിയനിലും ഉണ്ടാവും. കൂടുതൽ ആഡംബര പ്രതീതിക്കായി ഉയർന്ന ഗുണമേന്മയുള്ള സാമഗ്രികൾ ഉപയോഗിച്ചാവും ഇന്റീരിയർ രൂപകൽപന. മൂന്നാം നിര സീറ്റ് എത്തുന്നതോടെ ഡ്രൈവർക്കു പുറമേ, ക്യാപ്റ്റൻ സീറ്റെങ്കിൽ ആറും ബെഞ്ച് സീറ്റെങ്കിൽ ഏഴും യാത്രക്കാർക്ക് ഇടമുണ്ടാവും.

ബ്രസീലിയൻ വിപണിയിലെത്തുന്ന വാഹനത്തിന്റെ എൻജിൻ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കോംപസിലെ രണ്ടു ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിന്റെ കരുത്തേറിയ വകഭേദമാവും മെറിഡിയനിൽ എന്നാണ് പ്രതീക്ഷ. കോംപസിലെ 170 ബിഎച്ച്പിക്കു പകരം 200 ബിഎച്ച്പിയോളം കരുത്ത് സൃഷ്ടിക്കുംവിധമാവും ഈ എൻജിന്റെ ട്യൂണിങ് എന്നു കരുതുന്നു. ഒൻപതു സ്പീഡ്, ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സ് മാത്രമാവും ട്രാൻസ്മിഷൻ സാധ്യത.

മികച്ച മലിനീകരണ നിയന്ത്രണത്തിനും ഉയർന്ന ഇന്ധനക്ഷമതയ്ക്കുമായി ബെൽറ്റ് ഡ്രിവൺ സ്റ്റാർട്ടർ ജനറേറ്റർ (ബിഎസ്ജി) സഹിതം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മെറിഡിയനിലുണ്ടാവും. മെറിഡിയന്റെ വില സംബന്ധിച്ച സൂചനകളൊന്നും ലഭ്യമല്ല. കോംപസിനു മൂന്നാം നിര സീറ്റോടെ, ജീപ്പ് എച്ച് സിക്സ് എന്ന കോഡ് നാമത്തിലാണ് എസ്‌യുവിയെ വികസിപ്പിച്ചത്.

ഇന്ത്യയിൽ ഫോക്സ്‌വാഗന്റെ ടിഗ്വൻ ഓൾസ്പേസ്, സ്കോഡ കൊഡിയാക് തുടങ്ങിയവയാവും മെറിഡിയന്റെ പ്രധാന എതിരാളികൾ. ഓഫ് റോഡിങ് ക്ഷമത പരിഗണിച്ചാൽ ‘മെറിഡിയന്റെ മത്സരം ലാഡർ ഫ്രെയിം എസ്‌യുവികളായ എംജി ഗ്ലോസ്റ്റർ, ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡേവർ എന്നിവയോടുമാകും.

English Summary: Jeep Meridian Launch on Track for mid-2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com