ADVERTISEMENT

വാഹന മേഖലയിൽ വൈദ്യുതീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും പരമ്പരാഗത എൻജിനുള്ള മോഡലുകളുടെ റജിസ്ട്രേഷൻ അവസാനിപ്പിക്കില്ലെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി. വൈദ്യുത വാഹന(ഇ വി)ങ്ങൾക്കൊപ്പം എതനോളും ജൈവ - ദ്രവീകൃത പ്രകൃതി വാതക(എൽ എൻ ജി)വും ഹരിത ഹൈഡ്രജനും പോലുള്ള ബദൽ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. എങ്കിലും പരമ്പരാഗതമായ, ആന്തരിക ജ്വലന എൻജിൻ(ഐ സി ഇ) ഘടിപ്പിച്ച വാഹനങ്ങൾക്കു റജിസ്ട്രേഷൻ നിരസിക്കില്ലെന്ന് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ ഗഢ്കരി വ്യക്തമാക്കി. 

 

രാജ്യത്ത് വൈദ്യുത വാഹന വിൽപ്പന വർധിച്ചു വരുന്നുണ്ട്; ഇ വികളെ ജനം സ്വീകരിക്കുന്നുമുണ്ട്. എന്നാൽ പരമ്പരാഗത വാഹനങ്ങളുമായി ബന്ധപ്പെട്ട് നിർബന്ധിത വ്യവസ്ഥകളൊന്നും നടപ്പാക്കില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ ഇരുനൂറ്റി അൻപതോളം സ്റ്റാര്ട് അപ് കമ്പനികളാണു വൈദ്യുത വാഹന വികസനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവരുടെ ഗവേഷണം ലക്ഷ്യത്തിലെത്തുന്നതോടെ രാജ്യത്തു വൈദ്യുത വാഹന വില കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

 

രണ്ടു വർഷത്തിനകം വൈദ്യുത വാഹനങ്ങളുടെ വില, പരമ്പരാഗത രീതിയിയിലുള്ള എൻജിൻ ഘടിപ്പിച്ച വാഹനങ്ങൾക്കൊപ്പമാവുമെന്ന് മുമ്പും ഗഢ്കരി അഭിപ്രായപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പ്രധാന ദേശീയപാതകളിലും പെട്രോൾ പമ്പുകളിലുമൊക്കെ വൈദ്യുത വാഹന ചാർജിങ് സൗകര്യം ഏർപ്പെടുത്തുന്നതും ഇ വി ഉൽപ്പാദനം അടിസ്ഥാനമാക്കി ആനുകൂല്യം (പി  എൽ ഐ) പ്രഖ്യാപിച്ചതുമൊക്ക ഈ മേഖലയ്ക്കു തുണയാവുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

 

വാഹനങ്ങൾക്കു പുറമെ വിമാന ഇന്ധന(എ ടി എഫ്)ത്തിലും എതനോൾ കലർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ഗഢ്കരി അറിയിച്ചു. വൈദ്യുത വാഹനങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ എതനോളും ബയോ എൽ എൻ ജിയും ഹരിത ഹൈഡ്രജനുമടക്കമുള്ള ബദൽ ഇന്ധനങ്ങളുടെ ഉപയോഗവും  പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ പേരിൽ പെട്രോൾ, ഡീസൽ എൻജിനുള്ള വാഹനങ്ങൾക്കു നിയന്ത്രണമോ വിലക്കോ ഏർപ്പെടുത്താൻ പദ്ധതിയില്ല. 

 

തീർത്തും പരിസര മലിനീകരണ വിമുക്തമായ ഹൈഡ്രജനാവും ഭാവിയുടെ ഇന്ധനമെന്നും ഗഢ്കരി കരുതുന്നു. അതുകൊണ്ടുതന്നെ, സ്വന്തം ഉപയോഗത്തിനായി അടുത്ത മാസത്തോടെ ഹൈഡ്രജനിൽ ഓടുന്ന കാർ വാങ്ങാനും കേന്ദ്ര മന്ത്രിക്കു പദ്ധതിയുണ്ട്. 

 

English Summary: Encouraging EVs, but won't stop registration of ICE vehicles: Nitin Gadkari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com