ADVERTISEMENT

സാങ്കേതിക ലോകത്ത് പേരെടുത്തവരാണ് ഷഓമി എന്ന കമ്പനി. സ്മാർട്ട് ഫോൺ രംഗത്ത് പേരെടുത്ത ഷഓമി ടാബിലും ടിവിയിലുമൊക്കെ കൈവച്ച് ചെറിയ കളികളിൽ നിൽക്കുമെന്നു കരുതിയിരിക്കുമ്പോഴാണ് ഞെട്ടിക്കുന്നൊരു പ്രഖ്യാപനം കഴിഞ്ഞ മാർച്ചിൽ നടത്തിയത്. ഇവി രംഗത്തേക്ക് ഞങ്ങളിറങ്ങുന്നു. കേട്ട പാതി കേൾക്കാത്ത പാതി വാഹനലോകം ചർച്ച തുടങ്ങി. ഇലക്ട്രിക് വെഹിക്കിൾ രംഗം ശരവേഗത്തിൽ വളരുന്നുവെന്ന തിരിച്ചറിവിലാണ് ഷഓമി രംഗത്തേക്ക് എത്തുന്നത്. എന്നാൽ സാങ്കേതിക രംഗത്ത് ഷഓമിയുടെ കയ്യിലുള്ള ചില പേറ്റന്റുകളാണ് മറ്റ് ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് ആശങ്കയാകുന്നത്. പ്രഖ്യാപനം കഴിഞ്ഞ് പൊടിയും തട്ടി പോകുമെന്ന് ആശ്വസിച്ചിരുന്നവർക്ക് തിരിച്ചടിയായി ഷഓമി കഴിഞ്ഞ ഓഗസ്റ്റിൽ കാർ കമ്പനിയും റജിസ്റ്റർ ചെയ്തു. ഇല്യോള താമയിച്ചാലും സാരമില്ലെന്ന എതിർകമ്പനികളുടെ പ്രാർഥനയും വെറുതെയാക്കി ഇപ്പോൾ ഏകദേശം 75000 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങിയിരിക്കുകയാണ് ഷഓമി. 

 

ബീജിങ് കേന്ദ്രമാക്കി കാർ പ്ലാന്റിന്റെ നിർമാണം ആരംഭിക്കാനൊരുങ്ങുകയാണ് ഇവർ. ബീജിങ്ങിലെ ഇകണോമിക് ആൻഡ് ടെക്നോളജിക്കൽ ഡെവലപ്മെന്റ് സോണിൽ(ഇടിഡി സോൺ) ആണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിവർഷം 300000 യൂണിറ്റ് കാറുകൾ നിർമിക്കാൻ പ്രാപ്തമായ പ്ലാന്റ് ആണ് ഷഓമി ഒരുക്കുന്നത് എന്ന് ചൈനീസ് ഔദ്യോഗിക വൃത്തങ്ങൾ തന്നെ വ്യക്തമാക്കി. രണ്ടു ഫേസുകളിലായാണ് പ്ലാന്റിന്റെ നിർമാണം. യൂണിറ്റ് ഹെഡ് ക്വാട്ടേഴ്സ്, സേൽസ് ആൻഡ് റിസേർച്ച് ഓഫിസ് എന്നിവയും ഇതിനൊപ്പം നിർമിക്കും. കമ്പനിയൊക്കെ നിർമിച്ച് ഉൽപാദനം തുടങ്ങാൻ വൈകുമെന്ന പേടി വേണ്ട. കോവിഡ് ആരംഭിച്ച കാലത്ത് മണിക്കൂറുകൾ കൊണ്ട് ആയിരം പേർക്ക് കിടക്കാവുന്ന ആശുപത്രി ഒരുക്കിയ നാട്ടിൽ നിർമാണമൊക്കെ ശ്ശടേ എന്നു നടക്കും. 2024ൽ ഷഓമിയുടെ പ്ലാന്റിൽ നിന്ന് അനർഗള നിർഗളം കാറുകൾ പുറത്തേക്ക് ഒഴുക്കിയേക്കുമെന്നാണ് പ്രഖ്യാപനം. ചൈനയിൽ കമ്പനി നടത്തുന്ന ആയിരക്കണക്കിനു സ്റ്റോറുകൾ ഇനി വാഹന വിൽപന കേന്ദ്രങ്ങൾ കൂടിയാകുമെന്നാണ് അണിയറ സംസാരം.

 

അതേസമയം പ്രതീക്ഷയോടെയാണ് സാങ്കേതിക ലോകം ഷഓമിയുടെ വാഹന സംരംഭത്തെ നോക്കുന്നത്. നിലവിൽ ഇവികൾക്കുള്ള പല പോരായ്മകൾക്കും പരിഹാരം കാണാൻ ഷഓമിക്കു കഴിയുമെന്നാണ് പ്രതീക്ഷയ്ക്ക് അടിസ്ഥാനം. മണിക്കൂറുകൾ ചാർജറിൽ തൂക്കിയിട്ടിരുന്ന ഫോണുകൾ മിനിട്ടുകൾ കൊണ്ട് ഫുൾ ചാർജ് ചെയ്യിക്കുന്ന ഫാസ്റ്റ് ചാർജിങ് സംവിധാനം, ചെറിയ ബാറ്ററിയിൽ ദീർഘനേരം ഊർജം സംഭരിക്കാവുന്ന സാങ്കേതിക വിദ്യകൾ തുടങ്ങിയവയാണ് ഷഓമിയിൽ നിന്ന് ടെക് ലോകം പ്രതീക്ഷിക്കുന്നത്. കൂടാതെ സാങ്കേതികമായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും സംവിധാനങ്ങളും ഷഓമി ഡിസൈൻ ചെയ്യുന്ന കാറിലുണ്ടാകാമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു. കണക്ടഡ് കാർ എന്ന കൺസപ്റ്റ് ഷഓമിയുടെ കയ്യിൽ കൂടുതൽ ഭദ്രമായിരിക്കുമെന്നാണ് പ്രതീക്ഷ. ഇതിനെല്ലാം പുറമേ കോസ്റ്റ് എഫക്ടീവ് ആയി സ്മാർട്ട് ഫോൺ ലോകത്ത് വിപ്ലവം തീർത്ത ഷഓമി ഇലക്ട്രിക് വെഹിക്കിൾ രംഗത്തും ഈ പ്രകടനം നടത്തുമെന്ന സ്വപ്നവുമുണ്ട്. 9 മിനിട്ട് കൊണ്ട് നാലായിരം എംഎഎച്ച് ബാറ്ററി ചാർജ് ചെയ്യുന്ന ഹൈപർ ചാർജർ ഒക്കെ അവതരിപ്പിച്ച ഷഓമിയുടെ കാർ സംരംഭത്തിനായി കാത്തിരിക്കുകയാണ് ലോകമിപ്പോൾ. 

 

കൂടാതെ മൊബൈൽ വിപണിയിൽ നടത്തിയ ഫ്ലാഷ് സെയിലും മറ്റും പോലെ വ്യത്യസ്തമായ വിപണന രീതികളും ഈ ടെക്ഭീമനിൽ നിന്ന് വ്യവസായ ലോകവും പ്രതീക്ഷികുന്നു. പ്ലാന്റ് നിർമാണം ആരംഭിക്കും മുൻപേ 300 ജീവനക്കാരെ ഇതിനായി ഷഓമി നിയമിച്ചുകഴിഞ്ഞു. അടുത്ത വർഷത്തിന്റെ ആദ്യപകുതിയിൽ കാർ പുറത്തിറക്കുമെന്ന് സിഇഒ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കാറിന്റെ ഡിസൈനും മറ്റു സാങ്കേതിക കാര്യങ്ങളുമെല്ലാം തയാറാണെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. പ്ലാന്റ് പൂർത്തിയാകുന്നതോടെ കാർ വിപണിയിലേക്ക് എത്തും. എന്നാൽ ചൈനയിൽ നിന്ന് പുറത്തേക്ക് കാർ എപ്പോൾ എത്തുമെന്ന കാര്യം തീർച്ചയാക്കിയിട്ടില്ല. ചൈനയിലെ കാർവിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഡിമാൻഡ് ആണിതിനു കാരണം.

 

ഇലക്ട്രിക് വാഹന വിപണിക്ക് അനുകൂല നിലപാട് എടുക്കുന്ന സർക്കാർ കമ്പനിക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്. ഈ പിന്തുണ കൊണ്ടു തന്നെ ചൈനയിലെ കാർ വിപണിയിൽ 51 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം ഇലക്ട്രിക് വാഹനങ്ങൾ നേടിയത്. നിയോ മുതൽ ടെസ്‌ല വരെയുള്ള കമ്പനികളോട് പോരാടാനുറച്ചാണ് ഷഓമിയുടെ വാഹനവിപണിയിലേക്കുള്ള രംഗപ്രവേശനം. നിലവിലെ സാധ്യതകൾ വച്ച് അധികച്ചെലവില്ലാതെ ആഡംബര സൗകര്യങ്ങളുള്ള കാർ വിപണിയിലേക്ക് എത്തുമെന്ന പ്രതീക്ഷയാണ് വാഹന പ്രേമികൾക്കുള്ളത്. സ്വപ്നം കാണാൻ പണച്ചെലവില്ലല്ലോ... 8 മാസം കാത്തിരിക്കാം. ഷഓമി കരുതി വച്ചിരിക്കുന്ന ഇവി എന്താണ് എന്നറിയാൻ.

 

English Summary: Xiaomi Will Make 300,000 Electric Cars/Year, Rs 75,000 Crore Investment Committed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com