ഒറ്റ ചാർജിൽ 236 കി.മീ; ഓലയുടെ എതിരാളി സിംപിൾ വൺ കൈമാറ്റം ജൂണിൽ

simple-one
Simple One
SHARE

ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട് അപ് കമ്പനിയായ സിംപിൾ എനർജിയുടെ ആദ്യ വൈദ്യുത സ്കൂട്ടറായ സിംപിൾ വൺ ജൂണോടെ ഉടമസ്ഥർക്കു കൈമാറി തുടങ്ങും. 1.10 ലക്ഷം രൂപ ഷോറൂം വില പ്രഖ്യാപിച്ചു കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിൽ അരങ്ങേറിയ ‘സിംപിൾ വൺ’ ഇതിനോടകം മുപ്പതിനായിരത്തിലേറെ പ്രീ ബുക്കിങ്ങാണു സ്വന്തമാക്കിയത്.  വൈദ്യുത വാഹനങ്ങൾക്കു ‘ഫെയിം’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രകാരവും വിവിധ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതുമായ ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ‘സിംപിൾ വൺ’ വിലയിൽ ഇളവും പ്രതീക്ഷിക്കാം.

തമിഴ്നാട്ടിലെ ഹൊസൂരിൽ സ്ഥാപിക്കുന്ന ശാലയുടെ ആദ്യ ഘട്ടം പൂർത്തിയാവുന്നതോടെയാവും സിംപിൾ വണ്ണിന്റെ നിർമാണം; പ്രതിവർഷം 10 ലക്ഷം യൂണിറ്റാണ് ഈ ശാലയുടെ ഉൽപ്പാദന ശേഷി. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തിയ പ്ലാന്റ്, വരും ആഴ്ചകളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിനു സജ്ജമാവുമെന്നാണു പ്രതീക്ഷ. ഇതിനു പുറമെ തമിഴ്നാട്ടിലെ തന്നെ ധർമപുരിയിൽ രണ്ടാമത്തെ നിർമാണശാല സ്ഥാപിക്കാനും സിംപിൾ എനർജി തയാറെടുക്കുന്നുണ്ട്. 600 ഏക്കർ വിസ്തൃതിയിൽ പൂർത്തിയാവുന്ന ഈ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 1.25 കോടി യൂണിറ്റാവും; ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാണശാലയായി ധർമപുരി പ്ലാന്റ് മാറുമെന്നാണു സിംപിൾ എനർജിയുടെ അവകാശവാദം.

എതിരാളികളായ ഓല ഇലക്ട്രിക്കും നേരത്തെ സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു; പ്രതിവർഷം ഒരു കോടി യൂണിറ്റ് ഉൽപ്പാദനശേഷിയോടെ തമിഴ്നാട്ടിൽ സ്ഥാപിക്കുന്ന ഫ്യൂച്ചർ ഫാക്ടറി ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാണശാലയായി മാറുമെന്നായിരുന്നു കമ്പനിയുടെ നിലപാട്. 

അഴകുറ്റ രൂപകൽപ്പനയ്ക്കൊപ്പം മിഡ് ഡ്രൈവ് മോട്ടോറുമായി എത്തുന്ന ‘സിംപിൾ വണ്ണി’ന്റെ സീറ്റിനടിയിൽ 30 ലീറ്റർ സംഭരണ സ്ഥലമുണ്ട്. 12 ഇഞ്ച് വീൽ, ഏഴ് ഇഞ്ച് കസ്റ്റമൈസബ്ൾ ഡിജിറ്റൽ ഡാഷ്ബോഡ്, ഓൺ ബോഡ് നാവിഗേഷൻ, ജിയോ ഫെൻസിങ്, എസ് ഒ എസ് മെസേജ്, രേഖകൾ സൂക്ഷിക്കാനുള്ള സ്ഥലം, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവയൊക്കെയുള്ള സ്കൂട്ടർ ചുവപ്പ്, വെള്ള, കറുപ്പ്, നീല നിറങ്ങളിലാവും വിൽപ്പനയ്ക്കെത്തുക. 

സ്കൂട്ടറിനു കരുത്തേകുന്നത് 4.8 കിലോവാട്ട് അവർ ശേഷിയുള്ള ലിതിയം അയോൺ ബാറ്ററിയാണ്; 4.5 കിലോവാട്ട് അവർ കരുത്തും 72 എൻ എം ടോർക്കുമാണ് ഈ പായ്ക്ക് സൃഷ്ടിക്കുക. ആറു കിലോഗ്രാമോളമാണു ബാറ്ററി പായ്ക്കിന്റെ ഭാരമെന്നതിനാൽ ഇത് അനായാസം ഊരിയെടുത്ത് വീട്ടിൽ കൊണ്ടുപോയി ചാർജ് ചെയ്യാനാവും. ഒപ്പം ബാറ്ററി ചാർജ് ചെയ്യാനായി സിംപിൾ ലൂപ് എന്ന ചാർജറും കമ്പനി ലഭ്യമാക്കും; വെറും 60 സെക്കൻഡിൽ 2.5 കിലോമീറ്റർ ഓടാനുള്ള ചാർജ് നേടാൻ ‘സിംപിൾ ലൂപ്’ സഹായിക്കുമെന്നാണു കമ്പനിയുടെ വിശദീകരണം. വൈകാതെ രാജ്യത്ത് 300 പബ്ലിക് ഫാസ്റ്റ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനും സിംപിൾ എനർജിക്കു പദ്ധതിയുണ്ട്. 

ഒറ്റ ചാർജിൽ (ഇകോ മോഡിൽ) 203 കിലോമീറ്റർ പിന്നിടാൻ ഈ ബാറ്ററിക്കാവുമെന്നാണു സിംപിൾ എനർജിയുടെ വാഗ്ദാനം;. ഇന്ത്യൻ ഡ്രൈവ് സൈക്കിൾ(ഐ ഡി സി) വ്യവസ്ഥയിലെ സഞ്ചാര പരിധി(റേഞ്ച്) 236 കിലോമീറ്ററാണ്. മണിക്കൂറിൽ 105 കിലോമീറ്ററാണു സ്കൂട്ടറിന്റെ പരമാവധി വേഗം. നിശ്ചലാവസ്ഥയിൽ നിന്നു വെറും 3.6 സെക്കൻഡിൽ സ്കൂട്ടർ മണിക്കൂറിൽ 50 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നു. 40 കിലോമീറ്റർ വേഗം കൈവരിക്കാനാവട്ടെ 2.95 സെക്കൻഡ് മതി. 

തുടക്കത്തിൽ കർണാടക, തമിഴ്നാട്, ഗോവ, ഡൽഹി, ഉത്തർ പ്രദേശ് തുടങ്ങി രാജ്യത്തെ 13 സംസ്ഥാനങ്ങളിലാണു സിംപിൾ വൺ വിൽപനയ്ക്കെത്തുക. ഇ സ്കൂട്ടർ വിപണിയിൽ ആഥെർ എനർജി, ഹീറോ ഇലക്ട്രിക്, ഒകിനാവ, ഓല ഇലക്ട്രിക് തുടങ്ങിയ നിർമാതാക്കളുടെ മോഡലുകളാണ് സിംപിൾ വണ്ണിനെ നേരിടാൻ രംഗത്തുള്ളത്.

English Summary: Simple Energy Now Pushes Delivery Date to June

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA