ശൈത്യകാലമായതോടെ വടക്കേ ഇന്ത്യയിലെ പല ഉയര്‍ന്ന പ്രദേശങ്ങളിലും വാഹനം ഓടിക്കുന്നത് ഭാഗ്യപരീക്ഷണമായിട്ടുണ്ട്. റോഡുകള്‍ക്ക് മുകളില്‍ അതിരാവിലെയും രാവിലെയും രൂപപ്പെടുന്ന ബ്ലാക്ക് ഐസ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. ഹിമാചല്‍ പ്രദേശില്‍ ഇത്തരമൊരു അപകടത്തില്‍ പെട്ട ടാറ്റ നെക്‌സോണ്‍ 200 അടിയോളം താഴേക്കാണ് പതിച്ചത്. കാര്‍ പലതവണ മറിഞ്ഞ് തകര്‍ന്നെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
നിഖില്‍ റാണ എന്ന യുട്യൂബറാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്. പ്രദേശവാസികളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് റോഡിനോട് ചേര്‍ന്ന് വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാര്‍ ബ്ലാക്ക് ഐസില്‍ തെന്നിമാറി താഴേക്ക് പതിക്കുകയായിരുന്നു. അഞ്ചോ ആറോ തവണ മറിഞ്ഞാണ് 200 അടിയോളം താഴേക്ക് ടാറ്റ നെക്‌സോണ്‍ പതിച്ചത്.
അപകടസമയത്ത് രണ്ട് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണെന്നും ഒരു പോറല്‍ പോലുമേറ്റില്ലെന്നും ലളിത് എന്ന പ്രദേശവാസിയെ ഉദ്ധരിച്ച് നിഖില്‍ പറയുന്നു. പിന്നീട് ക്രെയിന്റെ സഹായത്തിലാണ് വാഹനം മുകളിലെത്തിച്ചത്. പലതവണ മറിഞ്ഞ് താഴേക്ക് പതിച്ചതിനാല്‍ തന്നെ കാറിന് പുറം ഭാഗത്ത് വലിയ കേടുപാടുകള്‍ ദൃശ്യമായിരുന്നു. അതേസമയം വാഹനത്തിന്റെ എൻജിൻ അപ്പോഴും പ്രവര്‍ത്തനക്ഷമമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. നെക്‌സോണില്‍ സഞ്ചരിച്ചിരുന്നവര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ കൂടിയാണ് കാര്യമായ പരിക്കേല്‍ക്കാതിരുന്നതെന്നും നിഖില്‍ റാണ ഓര്‍മിപ്പിക്കുന്നുണ്ട്.
ബ്ലാക്ക് ഐസ് എന്ന വില്ലന്‍
അതിശൈത്യമുള്ള, താപനില പൂജ്യം ഡിഗ്രിയോട് അടുത്ത് വരുന്ന പ്രദേശങ്ങളിലാണ് രാത്രികാലങ്ങളില്‍ ബ്ലാക്ക് ഐസ് രൂപപ്പെടുക. റോഡിലൂടെ ഒഴുകുന്ന ജലം കട്ടിയായാണ് ഇതുണ്ടാവുന്നത്. നേരിയ നനവു പോലെ തോന്നിപ്പിക്കുന്നതിനാല്‍ ഇവ പെട്ടെന്ന് തിരിച്ചറിയുക ഡ്രൈവര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ്. പെട്ടെന്ന് ബ്രേക്ക് പിടിക്കുകയോ ആക്‌സിലറേറ്റര്‍ നല്‍കുകയോ ചെയ്താല്‍ വാഹനം തെന്നി നീങ്ങാന്‍ സാധ്യത ഏറെയാണ്. ഇരുചക്രവാഹനങ്ങളില്‍ പോകുന്നവര്‍ ഇതിനകം തന്നെ വീഴുകയും ചെയ്യും. പലപ്പോഴും റോഡ് തെന്നുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഡ്രൈവര്‍മാര്‍ ബ്രേക്ക് പിടിക്കാനാണ് ശ്രമിക്കുക. ഇത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുകയാണ് ചെയ്യുക.
ബ്ലാക്ക് ഐസില്‍ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പതിയെ അവക്ക് മുകളിലൂടെ വാഹനം ഓടിക്കുകയെന്നതാണ്. ബ്ലാക്ക് ഐസിനെ റോഡിന് മുകളില്‍ തിരിച്ചറിയുകയാണ് ഏറ്റവും പ്രയാസം. അതുകൊണ്ടുതന്നെ അതിശൈത്യമുള്ള പ്രദേശങ്ങളില്‍ പുലര്‍കാല യാത്രകള്‍ക്ക് വേഗത കുറക്കുക മാത്രമാണ് അപകടം ഒഴിവാക്കാനുള്ള മാര്‍ഗ്ഗം. വെയില്‍ വരുന്നതോടെ ചൂടേറ്റ് ബ്ലാക്ക് ഐസ് ഉരുകി തീരുകയും ചെയ്യും. അപ്പോഴും തണലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സമയം ഇത് നില്‍ക്കുമെന്നതും വെല്ലുവിളിയാണ്. ബ്ലാക്ക് ഐസിന് മുകളില്‍ കയറിയെന്ന് ഉറപ്പിച്ചാല്‍ പരമാവധി വേഗം കുറച്ച് ഗിയര്‍ മാറ്റാതെ വാഹനം നിരക്കി നീക്കുക മാത്രമാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഇത്തരം പ്രദേശങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് മുമ്പ് വാഹനങ്ങളുടെ ടയറിന്റെ ഗ്രിപ്പ് ഉറപ്പിക്കുന്നതും നല്ലതാണ്.
English Summary: Tata Nexon falls off a 200 foot cliff: Passengers walk away unhurt