ADVERTISEMENT

അമേരിക്കന്‍ വാഹന ഭീമന്മാരായ ഫോഡ് ഇന്ത്യയില്‍ നിന്നും പിന്മാറുകയല്ല മറിച്ച് കുതിക്കാനായി പതുങ്ങുകയായിരുന്നുവെന്ന് വേണം കരുതാന്‍. ആറു മാസത്തിന് മുമ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫോഡ് ഇന്ത്യയിലെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. ഇന്ത്യയില്‍ വൈദ്യുത കാര്‍ നിര്‍മാണം ആരംഭിക്കാനാണ് അമേരിക്കന്‍ കാര്‍ കമ്പനിയായ ഫോഡിന്റെ ഏറ്റവും പുതിയ തീരുമാനം. പി.എല്‍.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതോടെയാണ് ഫോഡ് തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

'പി.എല്‍.ഐ പദ്ധതിക്ക് കീഴില്‍ ഫോഡ് സമര്‍പ്പിച്ച അപേക്ഷക്ക് അനുമതി നല്‍കിയ ഇന്ത്യന്‍ സര്‍ക്കാറിന് നന്ദി അറിയിക്കുകയാണ്. ഇന്ത്യയിലെ ഏതെങ്കിലും ഒരു കാര്‍ നിര്‍മാണ പ്ലാന്റ് പുനരുദ്ധരിച്ച് വൈദ്യുതി കാറുകള്‍ നിര്‍മിച്ച് കയറ്റി അയക്കാനാണ് ഫോഡിന്റെ ശ്രമം' എന്ന് ഫോഡ് ഇന്ത്യ വിശദീകരിക്കുന്നു. വാഹന നിര്‍മാതാക്കള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തില്‍ ഉല്‍പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യ (പി.എല്‍.ഐ) പദ്ധതി പ്രകാരം 26,058 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

 

ഇന്ത്യയില്‍ വാഹന നിര്‍മാണം പുനരാരംഭിക്കാന്‍ ഫോഡ് തീരുമാനിച്ചെങ്കിലും ഏതെല്ലാം മോഡലുകളായിരിക്കും ഇന്ത്യയില്‍ നിര്‍മിക്കുകയെന്നോ ഏതു പ്ലാന്റിലാകും നിര്‍മിക്കുകയെന്നോ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇവ ലഭ്യമാകുമോ എന്നതിനെക്കുറിച്ചോ കമ്പനി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫോര്‍ഡിന്റെ ഇന്ത്യയിലെ നിലവിലുള്ള രണ്ട് കാര്‍ നിര്‍മാണ ഫാക്ടറികളിലും ഇന്റേണല്‍ കംബസ്റ്റണ്‍ എൻജിന്‍(ICE) മോഡല്‍ വാഹനങ്ങളാണ് നിര്‍മിച്ചിരുന്നത്. അതുകൊണ്ടുതന്നെ വൈദ്യുതി വാഹന നിര്‍മാണത്തിന് തിരഞ്ഞെടുക്കുന്ന ഫാക്ടറിയിലെ ഉപകരണങ്ങളും മറ്റും ഏതാണ്ട് പൂര്‍ണമായി തന്നെ മാറേണ്ടി വരും. 

 

രണ്ടില്‍ ഒരു ഫാക്ടറി മാത്രമേ പുനരാരംഭിക്കൂ എന്നും ഫോഡ് വ്യക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തിക്കാത്ത ഫാക്ടറി വില്‍ക്കാനാണ് ഫോഡിന്റെ തീരുമാനം. ഏതു പ്ലാന്റിനാണോ കൂടുതല്‍ വില്‍പന ക്ഷമതയുള്ളത് തുടങ്ങിയ കാര്യങ്ങളും അന്തിമ തീരുമാനത്തില്‍ പരിഗണിക്കും. ഇപ്പോഴും ഏതു ഫാക്ടറിയാവും തെരഞ്ഞെടുക്കുക എന്നതു സംബന്ധിച്ച വിവരങ്ങള്‍ ഫോഡ് ഇന്ത്യ അതീവ രഹസ്യമാക്കിവെച്ചിരിക്കുകയാണ്.

 

പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഫോഡ് ഇന്ത്യ പുറത്തിറക്കിയ കുറിപ്പില്‍ കയറ്റുമതി മാത്രം ലക്ഷ്യമാക്കിയുള്ള നിര്‍മാണ കേന്ദ്രമാണ് തുടങ്ങുകയെന്ന സൂചനയുണ്ട്. സര്‍ക്കാര്‍ സഹായത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാന്‍ പി.എല്‍.ഐ പദ്ധതി കമ്പനികള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വിറ്റില്ലെങ്കിലും തദ്ദേശീയ തൊഴിലവസരങ്ങളും വാര്‍ഷിക വളര്‍ച്ചാ നിരക്കും അടക്കം പല മാര്‍ഗ്ഗ നിര്‍ദേശങ്ങളും കമ്പനികള്‍ പാലിക്കേണ്ടതുണ്ടെന്ന് മാത്രം.

 

ഇന്ത്യയിലെ തങ്ങളുടെ ഉപഭോക്തൃ സേവനങ്ങള്‍ ഫോഡ് പിൻമാറ്റത്തിന് ശേഷവും തുടരുന്നുണ്ടായിരുന്നു. അഞ്ചു വര്‍ഷത്തേക്ക് സ്‌പെയര്‍ പാര്‍ട്ടുകള്‍ക്കും മറ്റും വില കൂട്ടില്ലെന്ന ആനുകൂല്യവും ഉപഭോക്താക്കള്‍ക്കായി ഫോഡ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഫോഡ് ഇന്ത്യയുടെ 90% കസ്റ്റമര്‍ സര്‍വീസ് നെറ്റ്‌വര്‍ക്കുകളും തുടരാന്‍ തന്നെയാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ വൈദ്യുതി കാറുകളും ഇന്ത്യയില്‍ വില്‍പന നടത്തുന്നതിന് ഫോഡിന് ഫലത്തില്‍ കാര്യമായ പ്രതിസന്ധികളില്ല. 

 

ഇന്ത്യയില്‍ വൈദ്യുത കാറുകള്‍ മാത്രമാണോ നിര്‍മിക്കുക എന്നതിനെക്കുറിച്ചും ഫോഡ് ഇന്ത്യ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് ഫോഡ് കാറുകളും വിദേശത്ത് നിര്‍മിച്ച ഫോഡ് കാറുകളും വൈകാതെ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

 

English Summary: Ford India could return as EV maker thanks to govt PLI scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com