ADVERTISEMENT

റഷ്യന്‍ ആയുധ കച്ചവടക്കാരന്റെ ഉടമസ്ഥതയിലുള്ള ആഡംബര കപ്പല്‍ മുക്കാന്‍ ശ്രമിച്ച യുക്രെയ്ന്‍ നാവികന്‍ അറസ്റ്റിലായി. എൻജിന്‍ റൂമിലെ സുരക്ഷാ വാല്‍വുകള്‍ തുറന്ന് വെള്ളം അകത്തേക്ക് കയറ്റിയാണ് 156 അടിയുള്ള കപ്പല്‍ മുക്കാന്‍ 55കാരനായ ടരസ് ഒസ്റ്റാപ്ചുക് ശ്രമിച്ചത്. സ്‌പെയിനിലെ മല്ലോക്കയില്‍ നങ്കൂരമിട്ടപ്പോഴായിരുന്നു കപ്പല്‍ മുക്കാന്‍ യുക്രെയ്ന്‍ സ്വദേശി ശ്രമിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ടരസ് ഒസ്റ്റാപ്ചുക്കിനെ സ്‌പെയിനിലെ സിവില്‍ ഗാര്‍ഡ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. തന്റെ പ്രവൃത്തികളില്‍ യാതൊരു കുറ്റബോധവും ഇല്ലെന്നാണ് ഒസ്റ്റാപ്ചുക്ക് കോടതിയെ അറിയിച്ചത്. 'എന്റെ പ്രവൃത്തികളില്‍ കുറ്റബോധമില്ല. അവസരം കിട്ടിയാല്‍ ഇനിയും അതുതന്നെ ചെയ്യും. യുക്രെയ്‌നികളെ കൊന്നുകൊണ്ടിരിക്കുന്ന റഷ്യന്‍ ആയുധങ്ങള്‍ കച്ചവടം ചെയ്യുന്ന ഒരു ക്രിമിനലിന്റെയാണ് ആ കപ്പല്‍' എന്നായിരുന്നു ഒസ്റ്റാപ്ചുക്കിന്റെ പ്രതികരണം.

റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ട് എന്ന കമ്പനിയുടെ സിഇഒയായ അലക്‌സാണ്ടര്‍ മിജീവിന്റേതാണ് ലേഡി അനസ്താസ്യ എന്നു പേരുള്ള ഈ ആഡംബര കപ്പല്‍. റഷ്യന്‍ നിര്‍മിത ആയുധങ്ങളും കപ്പലുകളും ടാങ്കുകളും മറ്റു യുദ്ധ ഭൂമിയില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുമെല്ലാം നിര്‍മിക്കുന്ന കമ്പനിയാണ് റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ട്‌സ്.

യുക്രെയ്‌നെതിരായ റഷ്യയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടതോടെയാണ് ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാന്‍ തീരുമാനമെടുത്തതെന്ന് ഒസ്റ്റാപ്ചുക്ക് കോടതിയില്‍ പറഞ്ഞു. 'കീവില്‍ റഷ്യന്‍ ഹെലിക്കോപ്റ്റര്‍ കെട്ടിടത്തിനു നേരെ ആയുധം പ്രയോഗിക്കുന്നത് ഞാന്‍ വാര്‍ത്തയില്‍ കണ്ടു. അവര്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഞങ്ങളുടെ മുതലാളിയുടെ കമ്പനിയുടേതാണ്. നിരപരാധികളെയാണ് അവര്‍ ആക്രമിക്കുന്നത്' പത്തുവര്‍ഷം ഇതേ കപ്പലില്‍ ജോലിയെടുത്ത ഒസ്റ്റാപ്ചുക്ക് പറഞ്ഞു.

എൻജിന്‍ റൂമിലെ വാല്‍വുകള്‍ തുറന്ന് വെള്ളം കയറ്റിയ ശേഷം മറ്റു ജീവനക്കാരോട് ആഡംബര കപ്പല്‍ ഉപേക്ഷിച്ച് പുറത്തേക്ക് രക്ഷപ്പെടാനും ഒസ്റ്റാപ്ചുക് നിര്‍ദേശിച്ചു. ഏതാണ്ട് 7.7 ദശലക്ഷം ഡോളര്‍ വില (ഏകദേശം 59.29 കോടി രൂപ) വരുന്നതാണ് ഈ കപ്പലെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തത്. എൻജിന്‍ റൂമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സാരമായ കേടുപാടുകള്‍ കപ്പലിന് സംഭവിച്ചിട്ടുണ്ട്. സ്‌പെയിനിലെ കോടതിയില്‍ നിന്നു ജാമ്യമെടുത്ത ഒസ്റ്റാപ്ചുക് റഷ്യക്കെതിരെ പോരാടുന്നതിന് സ്വന്തം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു

English Summary: Ukrainian Sailor Tries To Sink Russian Boss's $7.7 Million Yacht

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com