ADVERTISEMENT

പുത്തൻ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ കരൻസിനുള്ള ബുക്കിങ് അരലക്ഷം പിന്നിട്ടതായി ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ ഇന്ത്യ. കഴിഞ്ഞ ജനുവരി 14 മുതലാണു കിയ ഇന്ത്യ കരൻസിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. അരങ്ങേറ്റ വേളയിൽ തന്നെ ഇന്ത്യക്കാരുടെ മനംകവർന്ന കരൻസിനുള്ള ബുക്കിങ്ങിൽ 60 ശതമാനത്തോളം ഒന്നാം നിര, രണ്ടാംനിര നഗരങ്ങളിൽ നിന്നാണെന്നും കമ്പനി വ്യക്തമാക്കുന്നു.

 

സകുടുംബമുള്ള യാത്രകൾക്കായി ആശ്രയിക്കുന്ന എംപിവി വിഭാഗത്തിൽ പുതിയ ആവേശം സൃഷ്ടിക്കാൻ കരൻസിന്റെ വരവ് വഴി തെളിച്ചിട്ടുണ്ടെന്ന് കിയ ഇന്ത്യ ചീഫ് സെയിൽസ് ഓഫിസർ യുങ് സിക് സോൻ അവകാശപ്പെട്ടു. ശ്രേണിയിലെ എസ് യു വികൾ സൃഷ്ടിക്കുന്നതിനു സമാനമായ ചലനം എം പി വിയായ കരൻസും നേടിയത് ഏറെ ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരൻസിന്റെ പെട്രോൾ, ഡീസൽ വകഭേദങ്ങൾക്കുള്ള ആവശ്യം ഏറെക്കുറെ തുല്യമായ നിലയിലാണ്. അതേസമയം, ബുക്കിങ്ങിൽ 30% മാത്രമാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വകഭേദങ്ങളുടെ വിഹിതമെന്നതും ശ്രദ്ധേയമാണ്. 

 

കഴിഞ്ഞ മാസം അരങ്ങേറിയ കരൻസ്, ആദ്യ 13 ദിനം കൊണ്ട് 5,300 യൂണിറ്റുകളുടെ കൈമാറ്റം പൂർത്തിയായെന്നും കിയ ഇന്ത്യ വെളിപ്പെടുത്തുന്നു. സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമം വാഹന ഉൽപ്പാദനത്തിനു കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും സോൻ സ്ഥിരീകരിച്ചു. ഇക്കൊല്ലം മധ്യത്തോടെ സ്ഥിതിഗതി മെച്ചപ്പെടുമെന്നാണു കിയ ഇന്ത്യയുടെ പ്രതീക്ഷ. പുതിയ വാഹനങ്ങൾക്കുള്ള കാത്തിരിപ്പ് കുറയ്ക്കാനായി ആന്ധ്ര പ്രദേശിലെ അനന്തപൂരിലുള്ള ശാലയിൽ മൂന്നാം ഷിഫ്റ്റിൽ ഉൽപ്പാദനം ആരംഭിച്ചതായും സോൻ അറിയിച്ചു. 

 

സെൽറ്റോസിനു സമാനമായ എൻജിൻ സാധ്യതകളോടെയാണു കരൻസ് എത്തുന്നത്. പെട്രോൾ വിഭാഗത്തിൽ 1.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (115 ബി എച്ച് പി കരുത്തും 144 എൻ എം ടോർക്കും), 1.4 ലീറ്റർ ടർബോ(140 ബി എച്ച് പി കരുത്തും 242 എൻ എം ടോർക്കും) എൻജിനുകളാണുള്ളത്. 1.5 ലീറ്റർ എൻജിനുകൾക്കു കൂട്ട് ആറു സ്പീഡ് മാനുവൽ ഗീയർബോക്സാവും; ടർബോ പെട്രോളിനൊപ്പം ഏഴു സ്പീഡ് ഡി സി ടി ഗീയർബോക്സും ലഭിക്കും. 

 

ആറും ഏഴും സീറ്റുകളോടെ ലഭ്യമാവുന്ന കരൻസ് ഏഴു നിറങ്ങളിലാണു  വിൽപനയ്ക്കെത്തുന്നത്: ഇംപീരിയൽ ബ്ലൂ, മോസ് ബ്രൗൺ, ഇന്റെൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, സ്പാർക്ലിങ് സിൽവർ, ഗ്രാവിറ്റി ഗ്രേ, ഗ്ലേഷ്യർ വൈറ്റ് പേൾ. പ്രീമിയം, പ്രെസ്റ്റീജ്, പ്രെസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ചു വകഭേദങ്ങളിൽ കരൻസ് ലഭ്യമാണ്. 

കടുവയുടെ മുഖത്തെ അനുസ്മരിപ്പിക്കുന്ന രൂപകൽപ്പനയോടെ എത്തുന്ന കരൻസിന്റെ മുന്നിൽ ഡി ആർ എൽ സഹിതം എൽ ഇ ഡി ഹെഡ്ലാംപ്, 16 ഇഞ്ച് ഇരട്ട വർണ അലോയ് വീൽ, പിന്നിൽ എൽ ഇ ഡി ടെയിൽ ലൈറ്റ് എന്നിവയെല്ലാമുണ്ട്. കൂടാതെ ബുട്ടിന്റെ നീളത്തോളം എൽ ഇ ഡി സ്ട്രിപ്പും ഘടിപ്പിച്ചിട്ടുണ്ട്. 

 

രണ്ടാം നിരയിലെ യാത്രികർക്കു കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്ന കരൻസിൽ ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ വീൽ ബേസാണു കിയ ഉറപ്പാക്കുന്നത്. പ്രായോഗികതയ്ക്ക് ഊന്നൽ നൽകി ബോട്ട്ൽ ഹോൾഡർ, തലപ്പൊക്കത്തിൽ ഘടിപ്പിച്ച എയർ വെന്റ്, മടക്കി ഒതുക്കി വയ്ക്കാവുന്ന പിൻ സീറ്റ്, രണ്ടാം നിരയ്ക്കായി ട്രേ ടേബിൾ തുടങ്ങിയവയൊക്കെ കരൻസിലുണ്ട്. കൂടാതെ 10.25 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, എട്ടു സ്പീക്കർ സഹിതം ബോസ് ഓഡിയോ, 64 നിറത്തിലുള്ള ആംബിയന്റ്  ലൈറ്റിങ്, രണ്ടാം നിര സീറ്റിന്റെ വാതിലിൽ പഡ്ൽ ലാംപ്, ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് മുൻ സീറ്റ്, കിയ കണക്റ്റ് സ്യൂട്ട് കണക്റ്റഡ് കാർ സാങ്കേതിക വിദ്യ തുടങ്ങിയവയും ലഭ്യമാവും. 

 

കരൻസിന്റെ എല്ലാ വകഭേദത്തിലും കിയ ഇന്ത്യ ആറ് എയർബാഗ് ഘടിപ്പിക്കുന്നുണ്ട്; ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ(ഇ  എസ് സി), സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, മുന്നിൽ പാർക്കിങ് സെൻസർ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, ഡിസ്ക് ബ്രേക്ക്, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവയും കരൻസിലുണ്ട്. ഇന്ത്യൻ വിപണിയിൽ കരൻസിന്റെ മത്സരം മാതൃസ്ഥാപനമായ ഹ്യുണ്ടേയിയുടെ ആൽകാസർ, എം ജിയുടെ ഹെക്ടർ പ്ലസ്, ടാറ്റയുടെ സഫാരി തുടങ്ങിയവയോടാണ്. 

 

English Summary: Kia Carens Crosses 50,000 Bookings Mark In India In Under 2 Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com