ADVERTISEMENT

യാത്രാ സങ്കൽപങ്ങളെ മാറ്റി മറിക്കാൻ റോഡിലും ആകാശത്തും ഉപയോഗിക്കാവുന്ന ടാക്സി അനാവരണം ചെയ്തു. നാലു പേര്‍ക്കു യാത്ര ചെയ്യാം. 'ലോകത്തെ ആദ്യത്തെ പറക്കും ടാക്‌സി' എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് 100 മുതല്‍ 500 മൈല്‍ (160.934 കിലോമീറ്റർ മുതൽ 804.672 കിലോമീറ്റർ) ദൂരം വരെ പറക്കാനാകും. നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാനായിരിക്കും ഇത് പ്രയോജനപ്പെടുത്തുക. എഎം നെക്സ്റ്റ് (AM NEXT) എന്നു പേരിട്ടിരിക്കുന്ന പറക്കും ടാക്‌സി കാര്‍ നിര്‍മിച്ചിരിക്കുന്നത് എയ്‌റോമൊബില്‍ എന്ന സ്ലോവാക്യന്‍ കമ്പനിയാണ്. വിലയോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

 

പറക്കും കാര്‍ ആദ്യം പരിചയപ്പെടുത്തിയത് 2017ല്‍

am-next-1

 

ഈ കമ്പനി തങ്ങളുടെ ആദ്യ പറക്കും കാര്‍ പരിചയപ്പെടുത്തിയത് 2017ല്‍ നടത്തിയ പാരിസ് എയര്‍ ഷോയില്‍ വച്ചായിരുന്നു. എയ്‌റോമൊബില്‍ 4.0 (AeroMobil 4.0) എന്നായിരുന്നു അതിന്റെ പേര്. അന്ന് അത് വ്യക്തികള്‍ക്കുള്ള പറക്കും വാഹനം എന്ന വിവരണത്തോടെയാണ് പ്രദര്‍ശിപ്പിച്ചത്. രണ്ടു സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. മണിക്കൂറില്‍ ഏകദേശം 360 കിലോമീറ്ററായിരുന്നു ആകാശത്ത് വേഗം. റോഡിലാകട്ടെ 160 കിലോമീറ്ററും. ഏകദേശം 1.2-1.5 ദശലക്ഷം ഡോളറായിരുന്നു വില. വായു മാര്‍ഗത്തില്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൈലറ്റിന്റെ ലൈസന്‍സും കാണിച്ചാല്‍ മാത്രമേ വില്‍ക്കൂ എന്നാണ് കമ്പനി പറഞ്ഞിരുന്നത്. അതേസമയം, ഇപ്പോള്‍ പുറത്തിറക്കിയ പറക്കും ടാക്‌സിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. എന്തായാലും എയ്‌റോമൊബില്‍ 4.0ന്റെ സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളിച്ചാണ് പുതിയ എഎം നെക്‌സ്റ്റ് ടാക്‌സി നിര്‍മിച്ചിരിക്കുന്നതെന്ന് എയ്‌റോമൊബില്‍ മേധാവി പാട്രിക് ഹെസല്‍ പറഞ്ഞു. ടാക്‌സി ഔദ്യോഗികമായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത് 2027ല്‍ ആണ്.

am-next-2

 

പത്തു വര്‍ഷത്തിലെറെ ഗവേഷണം

 

തങ്ങളുടെ പറക്കും വാഹന നിര്‍മാണത്തിന് 10 വര്‍ഷത്തിലേറെ ഗവേഷണവും വികസിപ്പിക്കലും നടത്തിയിട്ടുണ്ടെന്ന് പാട്രിക് പറയുന്നു. ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ, ആസ്റ്റണ്‍ മാര്‍ട്ടിന്‍, മക്ലാരന്‍, മേഴ്‌സിഡീസ് ബെന്‍സ്, ഫെറാറി തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള എൻജീനിയര്‍മാരുടെയും ഡിസൈനര്‍മാരുടെയും സഹകരണത്തോടെയാണ് പറക്കും വാഹനങ്ങള്‍ നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

 

മറ്റു കമ്പനികളും

 

എന്നാല്‍, അദ്ദേഹത്തിന്റെ കമ്പനി മാത്രമല്ല പറക്കും ടാക്‌സി നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസും പറക്കും ടാക്‌സി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. 'വാഹന' എന്നാണ് അതിന് തുടക്കത്തില്‍ പേരു നല്‍കിയിരുന്നത്. എന്നാല്‍ പുതിയ ഡിസൈന്‍ അടക്കം ഉള്‍ക്കൊള്ളിച്ച ശേഷം അതിന് പേരിട്ടിരിക്കുന്നത് 'സിറ്റി എയര്‍ബസ് നെക്സ്റ്റ്‌ജെന്‍' എന്നാണ്. 'വാഹന' ഒരു പൈലറ്റില്ലാ കാര്‍ എന്ന നിലയിലാണ് നിര്‍മിച്ചുവന്നത്. പക്ഷെ, പിന്നീട് തുടക്കത്തില്‍ പൈലറ്റിനെ വച്ച് പറപ്പിക്കാം എന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു.

 

ഇസ്രയേൽ കമ്പനി

 

ഈ മേഖലയില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന മറ്റൊരു കമ്പനിയാണ് ഇസ്രയേലിലെ അര്‍ബന്‍ എയ്‌റോനോട്ടിക്‌സ്. ആളുകള്‍ക്ക് പറക്കാവുന്ന ഡ്രോണിനെ സൈനികാവശ്യത്തിനായി ആണ് അവര്‍ നിര്‍മിച്ചു വന്നത്. കൊമൊറന്റ് എന്നു പേരിട്ടിരിക്കുന്ന ഈ പറക്കും വാഹനത്തിന് വെര്‍ട്ടിക്കല്‍ ടെയ്ക് ഓഫും ലാന്‍ഡിങും സാധ്യമാണ്. ഇതിന് 1000 പൗണ്ട് വരെ ഉയര്‍ത്താം. പക്ഷെ, 31 മൈല്‍ വരെയാണ് പറക്കാനാകുക. എന്നാല്‍, 2020ല്‍ അര്‍ബന്‍ എയ്‌റോനോട്ടിക്‌സ് സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസന്റ് കമ്പനിയുമായി സഹകരിച്ച് ഇലക്ട്രിക് അല്ലെങ്കില്‍ ഹൈഡ്രജന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പറക്കും വാഹനത്തിന്റെ പണിപ്പുരയിലാണ്. 

 

വേറേയുമുണ്ട് കമ്പനികള്‍

 

ജര്‍മ്മന്‍ കമ്പനിയായ ലിലിയം ഏവിയേഷനും രണ്ടു പേര്‍ക്കിരിക്കാവുന്ന ഒരു പറക്കും കാറിന്റെ നിര്‍മാണം നടത്തിവരികയാണ്. ഇതിന്റെ ചിറകില്‍ 36 ഇലക്ട്രിക് ഫാന്‍ എൻജിനുകളാണ് പ്രവര്‍ത്തിക്കുന്നത്. മുട്ടയുടെ ആകൃതിയിലുള്ള ഇതിന്റെ മേന്മയെ യൂറോപ്യന്‍ സ്‌പെയസ് എജന്‍സി വരെ പ്രകീര്‍ത്തിച്ചിട്ടുമുണ്ട്. ചൈനീസ് ഡ്രോണ്‍ നിര്‍മ്മാതാവ് ഇഹാങ് (EHang) ആണ് ഈ മേഖലയില്‍ ഒരു കൈ നോക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കമ്പനി. ടെറാഫുഗിയ, വോളോകോപ്റ്റര്‍ തുടങ്ങിയവയും ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മറ്റു കമ്പനികള്‍.

 

English Summary: 'World's first' four-seater flying TAXI is unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com