ADVERTISEMENT

വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ക്രയോൺ മോട്ടോഴ്സിന്റെ രണ്ടാമത്തെ ഇ സ്കൂട്ടർ വിൽപനയ്ക്കെത്തി. എൻവി എന്നു പേരിട്ട വൈദ്യുത സ്കൂട്ടറിന് 64,000 രൂപയാണു ഷോറൂം വില(നികുതികളുടെയും ഇളവുകളുടെയും അടിസ്ഥാനത്തിൽ പ്രാദേശികമായ മാറ്റങ്ങൾക്കു സാധ്യത); വെള്ള, നീല, കറുപ്പ്, വെള്ളി നിറങ്ങളിൽ എൻവി വിൽപനയ്ക്കുണ്ട്. 

കൺട്രോളറിനും മോട്ടോറിനും രണ്ടു വർഷത്തെ വാറന്റി സഹിതമാണു ക്രയോൺ മോട്ടോഴ്സ് ‘എൻവി’ അവതരിപ്പിക്കുന്നത്. സ്കൂട്ടർ വിൽപ്പനയ്ക്കായി രാജ്യത്ത് നൂറോളം കേന്ദ്രങ്ങളും സജ്ജമാണ്. ഡിജിറ്റൽ സ്പീഡോമീറ്ററ്, ജിയോ ടാഗിങ്, കീ രഹിത സ്റ്റാർട്, മൊബൈൽ ചാർജിങ്, സെൻട്രൽ  ലോക്കിങ് തുടങ്ങിയവയെല്ലാമായാണ് എൻവിയുടെ വരവ്. കൂടാതെ വാഹനം ആയാസരഹിതമായി പാർക്ക് ചെയ്യാൻ സഹായിക്കാനായി റിവേഴ്സ് അസിസ്റ്റുമുണ്ട്.

പ്രകൃതിയിൽ നിന്നു പ്രചോദിതമാണ് എൻവിയുടെ രൂപകൽപനയെന്നാണ് ക്രയോൺ മോട്ടോഴ്സിന്റെ അവകാശവാദം. ഇരട്ട ഹെഡ്ലാംപുകൾക്കും സിംഹത്തിന്റെ കരുത്തോടെയുള്ള നിർമിതിക്കുമെല്ലാം പ്രകൃതിയോടാണു കമ്പനിക്കു കടപ്പാട്. യാത്ര സുഖകരമാക്കാൻ സിംഗിൾ സീറ്റും ഇ സ്കൂട്ടറിലുണ്ട്. ഡിസ്ക് ബ്രേക്ക്, ട്യൂബ് രഹിത ടയർ, വിശാലമായ സംഭരണ സ്ഥലം, 150 എം എം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയെല്ലാമായി എത്തുന്ന ‘എൻവി’ക്കു കരുത്തേകുന്നത് 250 വാട്ട്, ബ്രഷ് രഹിത ഡി സി മോട്ടോറാണ്. മണിക്കൂറിൽ 25 കിലോമീറ്ററാണ് ‘എൻവി’യുടെ പരമാവധി വേഗം. അതുകൊണ്ട് തന്നെ വാഹനം ഓടിക്കാൻ റജിസ്ട്രേഷന്റെ ആവശ്യമില്ല. ഒറ്റ ചാർജിൽ സ്കൂട്ടർ 160 കിലോമീറ്റർ പിന്നിടുമെന്നാണു ക്രയോൺ മോട്ടോഴ്സിന്റെ വാഗ്ദാനം. 

കമ്പനിയുടെ സ്വന്തം ഗവേഷണ, വികസന വിഭാഗം രൂപകൽപ്പന ചെയ്തു നിരത്തിലെത്തിക്കുന്ന, പരിസ്ഥിതി സൗഹൃദമായ ഇ സ്കൂട്ടറാണ് ‘എൻവി’യെന്നു ക്രയോൺ മോട്ടോഴ്സ് സഹസ്ഥാപകനും ഡയറക്ടറുമായ മയങ്ക് ജെയിൻ വെളിപ്പെടുത്തി. പുരോഗമനാത്മകവും ആകർഷകവുമായ ‘എൻവി’ മലിനീകരണ വിമുക്തമായ ഹ്രസ്വദൂര യാത്രകൾക്ക് തികച്ചും അനുയോജ്യനായ പങ്കാളിയാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘എൻവി’ക്ക് ആകർഷക വായ്പകൾ ലഭ്യമാക്കാൻ ബജാജ് ഫിൻസെർവ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഷോപ് സെ, പേ ടെയ്ൽ, മണപ്പുറം ഫിനാൻസ്, സെസ്റ്റ് മണി തുടങ്ങിയ കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും ജെയിൻ അറിയിച്ചു. 

English Summary: Crayon Envy electric scooter Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com