ADVERTISEMENT

കൊച്ചി∙ എസ്‌യുവി തരംഗത്തിൽ ഉലഞ്ഞുപോയ, 6/7 സീറ്റർ കാറുകളുടെ (മൾട്ടി പർപ്പസ് വെഹിക്കി‍ൾ– എംപിവി) വിപണി തിരിച്ചുവരവിന്റെ പാതയിൽ. കോവിഡിനു മുൻപുള്ള ഏതാനും വർഷം 1,80,000–1,90,000 എംപിവികൾ വിറ്റിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം 2,60,000 വാഹനങ്ങൾ ഈ വിഭാഗത്തിൽ വിറ്റഴി‍ഞ്ഞു. 

next-gen-ertiga-price

മൊത്തം കാർ വിപണിയുടെ 6% ആയിരുന്ന എംപിവി വിഭാഗം ഇപ്പോൾ 8.5% ആയിട്ടുണ്ട്. 2012–13 വരെ, മുഖ്യമായും ടൊയോട്ട ഇന്നോവ മാത്രം ഉണ്ടായിരുന്നപ്പോൾ കാർ വിപണിയുടെ 2.5% മാത്രം (എണ്ണത്തിൽ) ആയിരുന്ന വിഭാഗം മാരുതി എർട്ടിഗ വന്നതോടെ കൂടുതൽ വളർന്നു. 2018–19ൽ മാരുതി നവീകരിച്ച എർട്ടിഗ, എക്സ്എൽ6 എന്നിവയും റെനോ ട്രൈബറും എത്തിച്ചതോടെയാണ് വിപണി വിഹിതം 6% എത്തിയത്. കഴിഞ്ഞ വർഷം കിയ കാറെൻസ് കൂടി വന്നതോടെ വളർച്ച അതിവേഗത്തിലായി. 2 മാസം കൊണ്ട് 50,000 ബുക്കിങ്ങാണു കാറെൻസിനു ലഭിച്ചത്. ഇപ്പോൾ മാരുതി പുറത്തിറക്കിയ എക്സ്എൽ6ന് ഏതാനും ദിവസം കൊണ്ടുതന്നെ ബുക്കിങ് 8500 കടന്നു.

Renault Triber
Renault Triber

ടാക്സി വിഭാഗത്തിനായുള്ള വാഹനമെന്ന നിലയിൽനിന്ന് ഫാമിലി കാർ ആയും ലൈഫ്സ്റ്റൈൽ വാഹനമായും മാറാൻ കഴിഞ്ഞതാണ് എംപിവികളുടെ സ്വീകാര്യത ഉയരാൻ മുഖ്യകാരണമെന്ന് മാരുതി സുസുകി സീനിയർ എക്സിക്യൂട്ടിവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ ‘മനോരമ’യോടു പറഞ്ഞു. യുവദമ്പതികളും മക്കളും മാത്രമായി യാത്ര ചെയ്യുന്ന സ്ഥിതി മാറി ദമ്പതികളുടെ മാതാപിതാക്കളെയും വാരാന്ത്യ യാത്രകളിലും മറ്റും കൂടെക്കൂട്ടുന്ന രീതി ഇപ്പോൾ വ്യാപകമാണെന്ന് കിയ ഇന്ത്യ സെയിൽസ്–മാർക്കറ്റിങ് വൈസ് പ്രസിഡന്റ്  ഹർദീപ് സിങ് ബ്രാർ പറഞ്ഞു. 

maruti-suzuki-xl6-1

ടാക്സി–ഫ്ലീറ്റ് വിഭാഗത്തെ ലക്ഷ്യമിട്ടിരുന്ന കാലത്തെ സൗകര്യങ്ങളല്ല ഇപ്പോൾ എംപിവികളിലുള്ളത്. സ്റ്റൈലിഷ് വാഹനമായി കരുതപ്പെടുന്ന എസ്‌യുവികളുടെ (സ്പോർട്സ് യൂട്ടിലിറ്റി വാഹനം) രൂപത്തോടു സാദൃശ്യമുള്ളവയാണ് കിയ കാറെൻസും മാരുതി എക്സ്എൽ6ഉം. ആധുനിക ഫീച്ചറുകളുടെ കാര്യത്തിലും ഇപ്പോൾ ഈ വിഭാഗം വാഹനങ്ങൾ എസ്‌യുവികളോടു കിടപിടിക്കുന്നു. എംപിവി എന്ന പേരു തന്നെ ഒഴിവാക്കി ‘റിക്രിയേഷനൽ’ വാഹനം എന്നാണ് കാറെൻസിനെ കിയ വിളിക്കുന്നത്.   

Kia Carnes
Kia Carnes

 

2–നിര സീറ്റുള്ള സാധാരണ കാറായും 3–നിര സീറ്റുള്ള വലിയ കാർ ആയും ഉപയോഗിക്കാനാകുന്ന ‘ഫ്ലെക്സിബിലിറ്റി’യാണ് 4 മീറ്ററിനുതാഴെ മാത്രം നീളമുള്ള ട്രൈബറിനെ പ്രിയങ്കരമാക്കിയതെന്ന് റെനോ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് സുധീർ മൽഹോത്ര പറഞ്ഞു. ഒരു ലക്ഷത്തിലേറെ ട്രൈബർ വിറ്റഴിഞ്ഞിട്ടുണ്ട്. എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്നതാകും തുടർന്നും എംപിവികളുടെ വിജയതന്ത്രം. 2019–20ൽ എസ്‌യുവികൾ മൊത്തം കാർ വിപണിയുടെ 26% ആയിരുന്നെങ്കിൽ ഇപ്പോഴത് 40% ആണ്.

 

English Summary: MPV Market in India Growing Fast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com