ADVERTISEMENT

അമിതമായി ചൂടാകുന്നതിനെ  തുടർന്ന് ടച്ച്സ്ക്രീൻ പ്രവർത്തനക്ഷമമാകുന്നില്ല. യുഎസിൽ 1.3 ലക്ഷം കാറുകൾ ടെസ്‌ല തിരിച്ചുവിളിച്ചു. ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിന്റെ തലച്ചോറായ സിപിയു അമിതമായി ചൂടാകാൻ തുടങ്ങിയതിനു പിന്നാലെയാണ് ടച്ച്സ്ക്രീൻ സംവിധാനങ്ങളുടെ പ്രവർത്തനം നിലച്ചത്. ഇതിനെ തുടർന്ന് വാഹനങ്ങൾക്ക് പ്രശ്നങ്ങൾ നേരിടാൻ തുടങ്ങിയതോടെയാണ്  വാഹനങ്ങൾ കമ്പനി തിരികെ വിളിച്ചതെന്ന് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്ടിഎസ്എ) കുറിപ്പ് പുറത്തിറക്കി. 

 

ഇൻഫോടെയ്ൻമെന്റ്  സംവിധാനത്തിലെ റിയർവ്യൂ ക്യാമറ ദൃശ്യങ്ങൾ, വാഹനത്തിന്റെ വാണിങ് ലാംപുകൾ, മാപ്പിൽ നിന്നുള്ള അറിയിപ്പുകൾ, വാഹനത്തിന്റെ അടിസ്ഥാന വിവരങ്ങൾ എന്നിവയൊന്നും ലഭ്യമാകുന്നില്ലെന്നും സെൻട്രൽ പ്രൊസസിങ് യൂണിറ്റിൽ നിന്ന് സ്ക്രീനിലേക്കുള്ള സന്ദേശങ്ങൾ എത്തുന്നില്ലെന്നും കണ്ടെത്തയെന്നും എൻഎച്ച്ടിഎസ്എ പറഞ്ഞു. 2021 – 22 വർഷങ്ങളിൽ ടെസ്‌ല പുറത്തിറക്കിയ എസ്, എക്സ് എന്നിവയും ഈ വർഷം പുറത്തിറക്കിയ ടെസ്‌ല 3, വൈ എന്നീ മോഡലുകളുമാണ് നിലവിൽ തിരിച്ചു വിളിച്ചിട്ടുള്ളത്. 

 

ഈ പ്രശ്നം പരിഹരിക്കാൻ വാഹന നിർമാതാവ് എല്ലാ വർഷവും സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നൽകണമെന്ന് എൻഎച്ച്ടിഎസ്എ നിർദേശിച്ചിട്ടുണ്ട്. ജനുവരി മുതൽ ലഭിച്ച പരാതികളെക്കുറിച്ചും വാറന്റി ക്ലെയിമുകളെക്കുറിച്ചും ഫീൽഡ് റിപ്പോർട്ടുകളെക്കുറിച്ചും പഠിച്ചുവരുന്നതായും ഈ വിഷയത്തിൽ തങ്ങൾക്ക് അറിയിപ്പ് ലഭിച്ചിട്ടുള്ളതായും ടെസ്‌ല  എൻഎച്ച്ടിഎസ്എയ്ക്ക്  മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരുക്കുകളെ ഉണ്ടായിട്ടില്ലെന്നും  ടെസ്‌ലയുടെ മറുപടിയിൽ പറയുന്നു. 

 

ട്രാക്ക് മോഡിലേക്ക്  മാറുമ്പോൾ സ്പീഡോമീറ്റർ പ്രവർത്തന രഹിതമാകുന്ന പ്രശ്നത്തിന് കഴിഞ്ഞ മാസം 48000 മോഡൽ 3 പെർഫോമൻസ് വാഹനങ്ങൾ ടെസ്‌ല തിരികെ വിളിച്ചിരുന്നു. ഇതിനു മുൻപും ഒട്ടേറെ പ്രശ്നങ്ങൾക്ക് യുഎസിൽ ടെസ്‌ല വാഹനങ്ങൾ തിരികെ വിളിച്ചിട്ടുണ്ട്. റിവേഴ്സ് ക്യാമറ, റിയർ വ്യൂ മിററിലെ റിവേഴ്സ് പ്രശ്നങ്ങൾ എന്നിവയ്ക്കാണ് മാർച്ചിൽ ടെസ്‌ല വാഹനങ്ങൾ തിരികെ വിളിച്ചത്. 

ക്യാമറ പ്രശ്നങ്ങളിൽ 2017 –2020 മോഡൽ വാഹനങ്ങളുടെ 3.56 ലക്ഷം മോഡൽ 3കാറുകൾ തിരികെ വിളിക്കപ്പെട്ടിട്ടുണ്ടെന്ന്  കണക്കുകൾ സൂചിപ്പിക്കുന്നു. തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിനാൽ ബൂട്ട് ലിഡിലെ ക്യാമറ കേബിൾ ഹാർനെസ് തകരാറിലാകുന്നതാണ്  ക്യാമറ പ്രശ്നത്തിനു കാരണമെന്ന്  എൻഎച്ച്ടിഎസ്എ കണ്ടെത്തിയിരുന്നു.

 

English Summary: Tesla recalls 130,000 vehicles to fix touchscreen issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com