ADVERTISEMENT

ഇലക്ട്രിക് വാഹനമായ അയോണിക് 5 നെ ഇന്ത്യയിൽ അസംബിൾ ചെയ്ത് വിപണിയിലെത്തിക്കാൻ ഹ്യുണ്ടേയ്. നേരത്തെ പൂർണമായും ഇറക്കുമതി ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും വില കുറയ്ക്കുന്നതിന്റെ ഭാഗമായി ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിൾ ചെയ്തു വിൽക്കും എന്നാണ് ഹ്യുണ്ടേയ്‌ കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കിയയുടെ ഇവി 6 വിപണിയിൽ എത്തിച്ചത് ശേഷമായിരിക്കും അയോണിക് 5 എത്തുക. അമ്പതുലക്ഷത്തിൽ താഴെയായിരിക്കും ഈ ഹ്യുണ്ടേയ്‌ ഇലക്ട്രിക് കാറിന്റെ വില.

ബിയോൺഡ് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായി ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യവാഹനമാണ് അയോണിക് 5. ആറ് ഇലക്ട്രിക് മോഡലുകള്‍ 2028 നുള്ളിൽ ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് ബിയോൺഡ് മൊബിലിറ്റി സ്ട്രാറ്റജി എന്ന പദ്ധതി ഹ്യുണ്ടേയ് ആവിഷ്കരിച്ചത്. 2022 ലെ വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ കാറാണ് അയോണിക് 5.

മനോഹരമായ ഡിസൈൻ, മോഡുലാർ പ്ലാറ്റ്ഫോം

ഫ്യുച്ചറിസ്റ്റിക് ഡിസൈനാണ് അയോണിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. മനോഹരമായ മുൻഭാഗവും അലോയ് വീലുകളും പിൻഭാഗവുമുണ്ട് കാറിന്. ലാളിത്യമാണ് ഡിസൈനിന്റെ മുഖമുദ്ര. ഹ്യുണ്ടേയ്‌യുടെ സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോമായ ഇ–ജിഎംപിമ്മിലാണ് (ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം) നിർമാണം. ബാറ്ററിയെയും ഇലക്ട്രിക് മോട്ടറിനെയും അടിസ്ഥാനപ്പെടുത്തി രൂപകൽപന ചെയ്ത ഹ്യുണ്ടേയ്‌യുടെ ആദ്യ മോഡലാണ് അയോണിക് 5.

ബാറ്ററി,കരുത്ത്

രാജ്യാന്തര വിപണിയിൽ രണ്ട് പവർ ട്രെയിൻ വകഭേദങ്ങളും രണ്ട് ബാറ്ററി പാക്ക് വകഭേദങ്ങളും വാഹനത്തിനുണ്ട്. സിംഗിൾ മോട്ടർ മുൻവീൽ ഡ്രൈവ് മോഡലിന് ഏകദേശം 169 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. ഡ്യുവൽ മോട്ടറുള്ള ഓൾ വീൽ ഡ്രൈവ് മോഡലിന് 325 എച്ച്പിയാണ് കരുത്ത്. ടോർക്ക് 605 എൻഎമ്മും. രണ്ടു പവർട്രെയിൻ മോഡലിനോടൊപ്പം രണ്ടു തരത്തിലുള്ള ബാറ്ററി പാക്കുമുണ്ട്.

റേഞ്ച് കുറഞ്ഞ മോഡലിന് 58 കിലോവാട്ട് ബാറ്ററിയും കൂടിയ റേഞ്ചുള്ള മോഡലിന് 77.4 കിലോവാട്ട് ബാറ്ററിയുമാണ്. ഒറ്റ ചാർജിൽ യഥാക്രമം 358 കിലോമീറ്ററും 502 കിലോമീറ്ററും വാഹനം സഞ്ചരിക്കും. അയോണിക് 5 ലെ 800 വി ബാറ്ററി സാങ്കേതിക വിദ്യ അതിവേഗ ചാർജിങ് ഉറപ്പുവരുത്തുന്നു എന്നാണ് ഹ്യുണ്ടേയ് പറയുന്നത്. 220 കിലോവാട്ട് ഡിസി ചാർജർ ഘടിപ്പിച്ചാൽ‍ 10 ൽ നിന്ന് 80 ശതമാനം ചാർജിലേക്ക് എത്താൻ വാഹനത്തിന് വെറും 18 മിനിറ്റ് മതി. എന്നാൽ ഈ രണ്ടു മോഡലുകളിൽ 58 കിലോവാട്ട് ബാറ്ററി പാക്കുള്ള വാഹനമാണ് ഇന്ത്യയിൽ എത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com