ADVERTISEMENT

വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുകയാണു നിസ്സാന്റെ സബ് കോംപാക്ട് എസ്‌യുവിയായ മാഗ്‌നൈറ്റ്. 2020 ഡിസംബറിലെ  അവതരണഘട്ടത്തിൽ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സബ് കോംപാക്ട് എസ്‌യുവി എന്ന പെരുമയിലെത്തിയ മാഗ്‌നൈറ്റിന് ഇതുവരെ ലഭിച്ചത് ഒരു ലക്ഷം ബുക്കിങ്. പുറത്തിറങ്ങി ആദ്യമാസത്തിൽ തന്നെ 32000 ബുക്കിങ്ങ് ലഭിച്ച വാഹനത്തിന്റെ നിർമാണം 50000 യൂണിറ്റ് എന്ന നാഴികക്കല്ല് മാർച്ചിൽ തികച്ചിരുന്നു.

 

ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ നിസ്സാൻ റെനോ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന മാഗ്‌നൈറ്റ് ഇന്ത്യയ്ക്കു പുറമെ പതിനഞ്ചോളം വിദേശ വിപണികളിലാണു വിൽപനയുള്ളത്. ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാനാവാതെ വലഞ്ഞ നിസ്സാനെ സംബന്ധിച്ചിടത്തോളം നിർണായക അവതരണമായിരുന്നു മാഗ്‌നൈറ്റ്.

 

തുടക്കത്തിൽ വിലയിലെ കുറവ് തന്നെയായിരുന്നു മാഗ്‌നൈറ്റിനെ ശ്രദ്ധേയമാക്കിയത്. അടിസ്ഥാന വകഭേദത്തിന് അഞ്ചു ലക്ഷം രൂപയിൽ താഴെയാണു നിസ്സാൻ നിശ്ചയിച്ച വില. തുടർന്നിങ്ങോട്ട് മാഗ്‌നൈറ്റിന്റെ വില ഉയർത്തിയത് (നിലവിൽ ഏകദേശം 5.87 ലക്ഷം രൂപ മുതൽ 10.56 ലക്ഷം രൂപ വരെ) സ്വീകാര്യതയെ ബാധിച്ചില്ലെന്നാണു വിൽപന കണക്കുകൾ വ്യക്തമാക്കുന്നത്.

 

നിസ്സാൻ നെക്സ്റ്റ് എന്ന പരിവർത്തന പദ്ധതിയുടെ ഭാഗമായി ആഗോളതലത്തിൽ അവതരിപ്പിച്ച ആദ്യ മോഡലായ മാഗ്‌നൈറ്റ് രണ്ടു പെട്രോൾ എൻജിൻ മോഡലുകളുണ്ട്.  കാറിലെ ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 97 ബി എച്ച് പിയോളം കരുത്തും 160 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അതേസമയം, നാച്ചുറലി ആസ്പിറേറ്റഡ് ഒരു ലീറ്റർ എൻജിൻ സൃഷ്ടിക്കുക 71 ബി എച്ച് പി വരെ കരുത്തും 96 എൻ എമ്മോളം ടോർക്കുമാണ്. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഇരു എൻജിനുകൾക്കും കൂട്ട്. അതേസമയം ടർബോ എൻജിനൊപ്പം എക്സ് – ട്രോണിക് സി വി ടി ഗീയർബോക്സും ലഭ്യമാണ്.

 

ടർബോ എൻജിൻ – മാനുവൽ ട്രാൻസ്മിഷൻ സഖ്യത്തിന് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 20 കിലോമീറ്ററാണ്. ഇതേ എൻജിനൊപ്പം സി വി ടി ഗീയർബോക്സ് എത്തുന്നതോടെ ഇന്ധനക്ഷമത 17.7 കിലോമീറ്ററാവും. മൊത്തം 20 ഗ്രേഡുകളിലായി മുപ്പത്തി ആറോളം സങ്കലനങ്ങളിൽ ലഭ്യമാവുന്ന മാഗ്‌നൈറ്റിന്റെ മത്സരം മാരുതി സുസുക്കി വിറ്റാര ബ്രേസ, ഹ്യുണ്ടേയ് വെന്യു, ടാറ്റ നെക്സൻ, കിയ സൊണെറ്റ് തുടങ്ങിയവയോടാണ്.

 

English Summary: Nissan Magnite Gathers One Lakh Bookings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com