ADVERTISEMENT

മൈനസ് 45 ഡിഗ്രി തണുപ്പിൽ പാറ പോലെ ഉറച്ച തടാകം. ആ കൊടുംതണുപ്പിലും സിരകളെ ചൂടുപിടിപ്പിച്ച് ചീറിപ്പായുന്ന ലോകത്തിലെ ഏറ്റവും കരുത്തൻ വാഹനങ്ങൾ. അതിലൊന്നിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന്, മഞ്ഞുറഞ്ഞ ആ തടാകപ്പരപ്പിലൂടെ കാർ പായിക്കാൻ ഏതു വാഹനപ്രേമിയും കൊതിക്കും. മെഴ്സിഡീസ് ബെൻസിന്റെ എഎംജി ഉടമകൾക്കു മാത്രം ലഭിക്കുന്ന ആ അസുലഭ അവസരം കൈവന്നതിന്റെ സന്തോഷത്തിലാണ് സമീർ ഹംസ. സ്വീഡനിലെ അറിയപ്ലോഗ് എന്ന സ്ഥലത്ത് വാഹനമോടിച്ചതിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സമീർ.

മറക്കാനാകില്ല ആ അനുഭവം

ബെൻസിന്റെ ഏറ്റവും കരുത്തൻമാരുടെ കൂടെയുള്ള ആ മൂന്നുദിവസം ഒരിക്കലും മറക്കാനാവില്ലെന്നു സമീർ ഹംസ പറയുന്നു. എകദേശം 47 ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ വലുപ്പത്തിൽ നീണ്ട് നിവർന്നുകിടക്കുന്ന തടാകത്തിലൂടെയാണ് ഡ്രൈവ് നടത്തുന്നത്. മെഴ്സ്ഡീസിന്റെ എഎംജി കാറുകളായ ജിടിഎസ്, സി 63 കൂപ്പേ, ഇ63 എസ്, എ 45 എഎംജി തുടങ്ങിയ വാഹനങ്ങൾ അക്കൊല്ലത്തെ വിന്റർ എക്സ്പീരിയൻസ് ഡ്രൈവിലുണ്ടായിരുന്നു.

sameer-hamsa

കൂടാതെ നോർത്തേൺ ലൈറ്സ് രാത്രിയിൽ കാണാൻ സാധിക്കുകയും ചെയ്തു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഈ പരിപാടിയിൽ കഴിഞ്ഞ തവണ കേരളത്തിൽനിന്ന് പങ്കെടുത്ത ഒരേ ഒരാൾ താനായിരുന്നെന്നും സമീർ പറയുന്നു. ദക്ഷിണേന്ത്യയിൽനിന്ന് 4 പേരും ഉത്തരേന്ത്യയിൽനിന്ന് 4 പേരും അടങ്ങുന്ന എട്ടംഗസംഘമായിരുന്നു ഇന്ത്യയിൽനിന്ന് ഉണ്ടായിരുന്നത്. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ ഉണ്ടായിരുന്നു.

Mercedes-AMG C 63 S Coupé

ഓരോ ടാസ്കൂകൾ

മഞ്ഞിലൂടെ വാഹനമോടിക്കാൻ ഡ്രൈവർമാരെ പരിശീലിപ്പിക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ചെറിയ ടാസ്കുകൾ നൽകും, അതിൽ പോയിന്റുകളും നൽകും. തെറ്റു  വരുത്തിയാൽ പെനൽറ്റിയുമുണ്ട്. ഏറ്റവും അധികം പോയിന്റുകൾ നേടി വിജയിക്കുന്ന ആളിന് സർട്ടിഫിക്കറ്റും നൽകും. വിന്റർ ടയറുകൾ ഒഴികെ വലിയ മാറ്റങ്ങളൊന്നും സ്റ്റോക് വാഹനത്തിൽ വരുത്തുന്നില്ല. എഎംജിയുടെ വാഹനങ്ങളുടെ ഡ്രൈവിങ് സുഖവും പെർഫോമൻസും കാണിച്ചു തരുന്നതിനാണ് ഇങ്ങനെയൊരു ഇവന്റ് സംഘടിപ്പിക്കുന്നത്.

‘അറോറ ബൊറിയാലിസ്’ തെളിഞ്ഞപ്പോൾ. ചിത്രം: സുബിൻ എബ്രഹാം.
‘അറോറ ബൊറിയാലിസ്’ തെളിഞ്ഞപ്പോൾ. ചിത്രം: സുബിൻ എബ്രഹാം.

‌മഞ്ഞൂ മൂടിയ തടാകം

മൂവായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള സ്വീഡനിലെ ചെറിയ മുനിസിപ്പാലിറ്റി ആയ അറിയപ്ലോഗിന്റെ പ്രധാന വരുമാന സ്രോതസിലൊന്നാണ് ഈ വിന്റർ ഡ്രൈവ് എക്സ്പീരിയൻസ്. നോർത്തേൺ ലൈറ്റ്സ് പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളിലൊന്നും ഇതുതന്നെ. ബെൻസ് മാത്രമല്ല, യൂറോപ്പിലെ മിക്ക വാഹന നിർമാതാക്കളും ഏറ്റവും തീവ്രമായ കാലാവസ്ഥയിൽ തങ്ങളുടെ വാഹനം എങ്ങനെ പെർഫോം ചെയ്യുന്നുവെന്നു പരീക്ഷിക്കാൻ ഇവിടം ഉപയോഗിക്കാറുണ്ട്.

English Summary: Sameer Hamsa AMG Winter Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com