ADVERTISEMENT

മിഡ് സൈസ് എസ്‍യുവി വിപണിയിലേക്ക് മാരുതി സുസുക്കി (Maruti Suzuki) പുറത്തിറക്കുന്ന എസ്‍യുവി ഈ മാസം 20ന് അവതരിപ്പിക്കും. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ എസ്‍യുവിയുടെ ആദ്യ പ്രദർശനം ജൂലൈ 20 ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡറിന്റെ (Toyota Urban Curiser Hyryder) മാരുതി പതിപ്പാണെങ്കിലും ഏറെ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി സുസുക്കിയും ടൊയോട്ടയും (Toyota) ചേർന്ന് വികസിപ്പിച്ച വാഹനത്തിന്റെ ടൊയോട്ട പതിപ്പായ ഹൈറൈഡറിനെ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു. ഹൈറൈഡറിന്റെ വില അടുത്തമാസം പ്രഖ്യാപിക്കും. ഹ്യുണ്ടേയ് ക്രേറ്റ (Hyundai Creta), കിയ സെൽറ്റോസ് (Kia Seltos), സ്കോഡ കുഷാക് (Skoda Kushaq), ഫോക്സ്‍വാഗൻ ടൈഗൂൺ (Volkswagen Taigun) തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന ഈ എസ്‍യുവിയുടെ ബുക്കിങ്ങും ടൊയോട്ട ആരംഭിച്ചിട്ടുണ്ട്. 

 

ഹൈറൈഡറിന്റെ അടിസ്ഥാന ഘടന നിലനിർത്തിയുള്ള മാറ്റങ്ങളായിരിക്കും പുതിയ എസ്‍യുവിയിൽ. ഹൈറൈഡറെപ്പോലെ തന്നെ ഫുൾ അല്ലെങ്കിൽ സ്ട്രോങ് ഹൈബ്രിഡ് എൻജിനുമായി എത്തുന്ന മിഡ് സൈസ് എസ്‍യുവിയായിരിക്കും പുതിയ വാഹനം. രാജ്യാന്തര വിപണിയിലുള്ള യാരിസ് ഹാച്ച്ബാക്ക്, യാരിസ് ക്രോസ് ഓവർ എന്നിവയിൽ ഉപയോഗിക്കുന്ന നാലാം തലമുറ ഇ ഡ്രൈവ് ഹൈബ്രിഡ് ടെക്നോളജിയാണ് വാഹനത്തിൽ.

 

ടൊയോട്ടയുടെ 1.5 ലീറ്റർ അറ്റ്കിസൺ സൈക്കിൾ എൻജിനാണ് ഹൈറൈഡറിൽ. 92 ബിഎച്ച്പി കരുത്തും 122 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 79 എച്ച്പിയും ടോർക്ക് 141 എൻഎം ആണ്. 177.6 വാട്ടിന്റെ ലിഥിയം അയൺ ബാറ്ററിയാണ് എസ്‍യുവിയിൽ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ഓൺലി മോഡിൽ 25 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 24 – 25 കിലോമീറ്റർ ഇന്ധനക്ഷമത വാഹനം നൽകുമെന്നാണ് പ്രതീക്ഷ.

 

മാരുതി സുസുക്കിയുടെ 1.5 ലീറ്റർ  ഹൈബ്രിഡ് എൻജിനാണ് മൈൽഡ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. പുതിയ ബ്രെസ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനത്തിൽ ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.

 

English Summary: Maruti's Creta rivalling SUV to be unveiled on July 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com