ADVERTISEMENT

അഴകിൽ രാജാവായി ഇന്ത്യൻ ബെന്റ്ലി. ഇന്ത്യയ്ക്കു പുറത്തുള്ള വിന്റേജ് മത്സരങ്ങളിൽ നേട്ടം കൊയ്ത ആദ്യ താരമായി യൊഹാൻ പൂനവാലായുടെ ബെന്റ്ലി മാർക്ക് 6. യുകെയിൽ നടന്ന ആർആർഇസി കോൺകോഴ്സ് ഡീ എലഗൻസ് എന്ന മത്സരത്തിലാണ് ഇന്ത്യയിൽ നിന്നുള്ള വാഹനം സമ്മാനം നേടിയത്. ഇന്റർനാഷനൽ ക്ലബ് ഓഫ് റോൾസ് റോയ്സ് ആൻഡ് ബെന്റ്ലി എന്തൂസിയാസ്റ്റ് എന്ന സംഘടനയാണ് മത്സരം സംഘടിപ്പിച്ചത്. ഇതിൽ ക്ലാസ് 10 വിഭാഗത്തിൽ ഏറ്റവും മികച്ച മാർക്ക് 6 എന്ന നേട്ടമാണ് പൂനവാലായുടെ  ബെന്റ്ലി സ്വന്തമാക്കിയത്. മൈസൂരു 1 എന്ന നമ്പറിൽ റജിസ്ട്രേഷൻ നേടിയ വാഹനത്തിന്റെ ആദ്യ ഉടമ മൈസൂർ മഹാരാജാവായിരുന്നു. അദ്ദേഹത്തിന്റെ രാജകീയ യാത്രകൾക്ക് തേരോട്ടം നടത്തിയ ബെന്റ്ലി ഏറെ നാളുകൾക്ക് മുൻപ് ലേലത്തിലൂടെയാണ് പൂനാവാല നേടിയത്.

 

മൈസൂരു രാജാവിനു വേണ്ടി ലണ്ടനിലാണ് വാഹനത്തിന്റെ കസ്റ്റമൈസേഷൻ പൂർത്തിയാക്കിയത്. പ്രൗഢിയും ഗാംഭീര്യവും മങ്ങിയ വാഹനം കരസ്ഥമാക്കിയ പൂനാവാല റീസ്റ്റോറേഷൻ ജോലികൾക്ക് വാഹനം ഏല്‍പിച്ചത് മുംബൈയിലെ വിവേക് ഗോയങ്ക, അലൻ അൽമെയ്ദ എന്നിവരെയാണ്. . 

പൂർവകാല പ്രതാപം തിരിച്ചുപിടിക്കാൻ സഹായിച്ചത്  ഇവരുടെ കഠിനപ്രയത്നമാണെന്ന് പൂനവാല പറയുന്നു. റോബ് എംബഴ്സൻ ട്രോഫിയും വാഹനം നേടി.

 

യുകെയിലെ മികച്ച വിജയത്തിനു ശേഷം ‘ഇന്ത്യൻ രാജാവിന്’ യുകെയിലെ ഹാംപ്ടൻ കോർട്ട് കൊട്ടാരത്തിൽ രാജകീയ സ്വീകരണവും ലഭിച്ചു. കൊട്ടാര മുറ്റത്ത് പ്രതാപം വിളിച്ചോതുന്ന വിധത്തിൽ വലിയ ഫൊട്ടോഷൂട്ടും അരങ്ങേറിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബെന്റ്ലിയാകാൻ തന്റെ വാഹനത്തിനു സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതോടെ ലോകത്തിലെ തന്നെ വിലപിടിപ്പുള്ള വാഹനമായി മാറിയെന്നും പൂനവാല പറഞ്ഞു. 

 

ഇലുമിനേറ്റഡ് ഷീൽഡുകൾ, സ്വർണവും വെള്ളിയും പൂശിയ ഭാഗങ്ങൾ, ഇരട്ട നിറത്തിലുള്ള പെയിന്റിങ് എന്നിവയെല്ലാമുള്ള വാഹനം അറിയപ്പെടുന്നത് ‘ദി റൂബർബ് ആൻഡ് കസ്റ്റാഡ് കാർ’ എന്നാണ്. 1946 മുതൽ 52 വരെയുള്ള കാലഘട്ടത്തിൽ നിർമിക്കപ്പെട്ട മാർക് 6 ആയിരത്തോളം വിറ്റുപോയിരുന്നു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുൻപ് വാഹനം ക്രൂവിലെ ബെന്റ്ലി മോട്ടോഴ്സ് ലിമിറ്റഡ് ആസ്ഥാനം സന്ദർശിക്കുകയും ചെയ്തു. ലോക വിന്റേജ് വാഹനങ്ങളിൽ താരമായ മാർക് 6ന് ഇന്ത്യയിൽ വലിയ സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വിന്റേജ് പ്രേമികൾ. 

 

English Summary: Poonawalla's Bentley Mark VI Wins 'Best In Class' Award At RREC Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com