ADVERTISEMENT

മോട്ടർസൈക്കിളുകളെ സംബന്ധിച്ച് കുറച്ചു നാളുകളായി പതിവായി ഉണ്ടാകുന്ന വാർത്തയാണ് വില വർധിച്ചു എന്നുള്ളത്. 3 – 4 വർഷങ്ങൾക്കുള്ളിൽ ഇരുചക്രവാഹനങ്ങളുടെ വിലയിലുണ്ടായ മാറ്റം അത്രയേറെ വലുതാണെന്ന് പറയാം. ‘ഒരു ബുള്ളറ്റിന്റെ ടയർ, ചെയിനും സ്പ്രോക്കറ്റ് എന്നിവ മാറ്റി സർവീസ് ചെയ്തതിന് 6800 രൂപ നമ്മുടെ നാട് ഇതെങ്ങോട്ടാണ് പോകുന്നത്’ എന്ന ചോദ്യമാണ് ഇരുചക്രവാഹനങ്ങളുടെ വിലയെയും പരിപലനത്തെയും കുറിച്ച് ഒന്നു ചിന്തിക്കാൻ പ്രേരിപ്പിച്ചത്. മോട്ടർസൈക്കിളുകൾക്ക് വില വർധിക്കുന്നു, പരിപാലനച്ചെലവ് വർധിക്കുന്നു എന്തുകൊണ്ടാണ്? ഒന്നു പരിശോധിച്ചു നോക്കാം. 

 

ബിഎസ്4–ബിഎസ് 6 മാറ്റങ്ങളും എബിഎസ് സംബന്ധിച്ച നിബന്ധനകളുമെല്ലാമാണ് നിർമാതാക്കൾ ചൂണ്ടിക്കാണിക്കുന്നതെങ്കിലും വിലവർധനയ്ക്ക് പിന്നിൽ മറ്റനേകം കാരണങ്ങളുണ്ട്. വലിയ വിലവർധനണ് 2019ൽ മോട്ടർസൈക്കിൾ വിപണി കണ്ടത്. ജിഎസ്ടിയിലുണ്ടായ 28 ശതമാനം വർധനയായിരുന്നു ഇതിനു പിന്നിലുണ്ടായത്. ഇതിലൊക്കെ നിർമാതാക്കൾ പിടിച്ചു നിന്നെങ്കിലും 2020 അവസാനം ഉണ്ടായ ബിഎസ് 6 മാറ്റങ്ങളോടെ വിലയും കുത്തനെ വർധിച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് കോവിഡ് രോഗവ്യാപനവും ലോക്ഡൗണും എത്തിയത്. കൂനിന്റെ പുറത്ത് ഒരു കുരു വന്നതുപോലെയായി വിപണിയുടെ അവസ്ഥ. നഷ്ടമായ ബിസിനസ് തിരികെ പിടിക്കുന്നതിന് വിപണി തുറന്നതിനു പിന്നാലെ നിർമാതാക്കൾ വില വർധിപ്പിച്ചു തുടങ്ങി. 

 

ലോക്ഡൗണിനു പിന്നാലെ അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം ആരംഭിച്ചതോടെ ലോക വിപണിയിലും നിർമാതാക്കളുടെ ഇടയിലും വീണ്ടും പ്രശ്നങ്ങളുണ്ടായി തുടങ്ങി. പ്ലാസ്റ്റിക് മുതൽ റബർ വരെയുള്ള സാമഗ്രികളുടെ വില വർധിച്ചു. അർധചാലക പദാർഥങ്ങളുടെ (സ്റ്റീൽ ഉൾപ്പെടെ) വിലയിലും വർധനയുണ്ടായി. ഇപ്പോൾ ഡോളറിനെതിരെ യൂറോയും ഇന്ത്യൻ രൂപയും കൂപ്പു കുത്തി വീഴുമ്പോൾ ഒരു കാര്യം ഉറപ്പാണ്. വാഹനം വാങ്ങുന്നതിനും പരിപാലിക്കുന്നതിനുമെല്ലാം ഇനിയും വലിയ വില നൽകേണ്ടി വരുമെന്ന് തീർച്ച. 

 

ഇതിനെല്ലാം ഒപ്പം ജനങ്ങളുടെ പോക്കറ്റ് ചോർത്തുന്ന ഇന്ധനവിലയും! പൂർത്തിയായില്ലേ. നൂറുകണക്കിന് വിതരണക്കാരിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ആയിരക്കണക്കിനു ഘടകങ്ങൾ ചേർന്നതാണ് വാഹനങ്ങൾ. ഒരു വർഷത്തിനുള്ളിൽ 30 ശതമാനത്തോളം ഇന്ധനവില വർധനയോടൊപ്പം വാഹനത്തിന്റെ അറ്റകുറ്റപ്പണികളും വർധിച്ചു. 1450 രൂപയുണ്ടായിരുന്ന ടയറിന്റെ വില 2 വർഷത്തിനുള്ളിൽ 2100 രൂപയോളമെത്തി. 

 

സാധാരണക്കാരന്റെ വാഹനമായിരുന്ന മോട്ടർസൈക്കിൾ – സ്കൂട്ടറുകൾ പരിപാലിക്കുന്നതു പുതിയവ വാങ്ങുന്നതിനെക്കാൾ ഭാരപ്പെടുത്തുകയാണ്. വരുന്ന മാസങ്ങളിൽ ഇതു രൂക്ഷമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ വാഹനങ്ങൾക്കു വേണ്ടി മാത്രം പുതിയൊരു ബജറ്റ് കണ്ടെത്താനും നമ്മളെല്ലാവരും ഒരുങ്ങേണ്ടതായി വരുമെന്ന് തീർച്ച. 

 

English Summary:  Motorcycle Maintenance Get Costlier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com