ADVERTISEMENT

ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജിയുടെ 450എക്സ്, 450 പ്ലസ് മൂന്നാം തലമുറ വിപണിയിലെത്തി. പുതുക്കിയ വലിയ ബാറ്ററി മറ്റു ചില നവീന ഫീച്ചറുകൾ എന്നിവ ചേർത്താണ് വാഹനം വിപണിയിലെത്തിയത്. പഴയ മോഡലിലെ 2.9 കിലോവാട്ട് ബാറ്ററി പായ്ക്കിൽ നിന്ന് 3.7 കിലോവാട്ട് ബാറ്ററിയിലേക്കുള്ള മാറ്റമാണ് പുതിയ വാഹനങ്ങളിൽ പ്രധാനം. 

 

ഇതോടെ പഴയ മോഡലിലെ 116 കിലോമീറ്റർ എന്ന റേഞ്ചിൽ നിന്ന് 146 കിലോമീറ്റർ എന്ന കൂറ്റൻ റേഞ്ചു വാഹനത്തിനു കൈവന്നതായി എആർഎഐ സർട്ടിഫിക്കറ്റ് ലഭിച്ചു. യഥാർഥ റോഡ് സാഹചര്യത്തിൽ 105 കിലോമീറ്ററും (ഇക്കോമോഡ്) ചുരുങ്ങിയത് 85 കിലോമീറ്ററും വാഹനത്തിനു ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. 450 പ്ലസിന് കമ്പനി വാഗ്ദാനം ചെയ്യുന്നത് 108 കിലോമീറ്ററാണ്. വലിയ ബാറ്ററി എത്തിയതോടെ വാഹനത്തിന്റെ ആകെ ഭാരത്തിൽ ഉയർച്ചയുണ്ടായതും റൈഡ് കൂടുതൽ സുഖകരമാക്കുമെന്ന് കരുതുന്നു. പഴയ മോഡലിന്റെ ആകെ ഭാരം 108 കിലോഗ്രാമായിരുന്നത് പുതിയതിൽ 111.6 കിലോഗ്രാമായാണ് ഉയർന്നത്. 

 

റൈഡിന് കൂടുതൽ ദൃഢത നൽകാൻ പിന്നിൽ പുതിയ 100/80–12 ടയറുകൾ നൽകി. ബ്രേക്കിങ്ങിലും എല്ലാ കാലാവസ്ഥാ സാഹചര്യങ്ങളിലും കൂടുതൽ സുരക്ഷയ്ക്കായാണ് പുതിയ സന്നാഹങ്ങളെന്ന് കമ്പനി പറയുന്നു. പുതിയ സിംഗിൾ കാസ്റ്റ് അലുമിനിയം റിയർ വ്യൂ മിററുകൾ വാഹനത്തിലുണ്ട്. മുൻ മോഡലിലുള്ളവ വിറയ്ക്കുന്നതായും കാഴ്ച അപൂർണമായിരുന്നതായും പരാതി കേൾപ്പിച്ചിരുന്നു. 

 

വാഹനത്തിന്റെ ഡാഷ്ബോർഡ് റാം 1 ജിബിയിൽ നിന്ന് 2 ജിബിയായി ഉയർത്തിയിട്ടുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ടച്ച്സ്ക്രീൻ ഡാഷ്ബോർഡിൽ ഫോൺ കോളുകൾ, മ്യൂസിക് എന്നിവ നിയന്ത്രിക്കാൻ സൗകര്യമുണ്ട്. 7 ഇ‍്ച് ടച്ച്സ്ക്രീൻ ഡാഷ്ബോർഡിന് 16 മില്യൺ കളർ ഡെപ്ത്, സ്നാപ് ഡ്രാഗൺ ക്വാഡ് കോർ പ്രോസസർ എന്നീ ആധുനികതകളുണ്ട്. ഗൂഗിൾ നാവിഗേഷൻ, ഓൺ ബോർഡ്  ഡയഗ്നോസ്റ്റിക്, ഓവർ ദി ഇയർ അപ്ഡേറ്റ്, ഓട്ടോ ഇൻഡിക്കേറ്റർ ഓഫ്, ഗൈഡ് മി ഹോം ലൈറ്റ് തുടങ്ങിയ ഫീച്ചറുകളുമുണ്ട്. 

ഓല എസ്1 പ്രോ, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയോട് നേരിട്ട് ഏറ്റുമുട്ടുന്ന വാഹനത്തിന്റെ വില 1.17 ലക്ഷം മുതൽ 1.39 ലക്ഷം വരെയാണ്. 

 

English Summary: Ather 450 X With More Range

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com