ADVERTISEMENT

രാജ്യത്തെ ആദ്യ ഇലക്ട്രിക് ബൈക്ക് എന്ന പേരിൽ കഴിഞ്ഞ വർഷം വിപണിയിലെത്തിയ വാഹനമാണ് റിവോൾട് ആർവി 400. ഒറ്റചാർജിൽ 150 കിലോമീറ്റർ ദൂരപരിധി വാഗ്ദാനം ചെയ്യുന്ന വാഹനം ഇന്ത്യയിൽ തന്നെ ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് ബൈക്കുകളിലൊന്നാണിത്. പെട്രോളിന്റെ ദിനംപ്രതിയുള്ള വില വർധന ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകളെ കൂടുതൽ അടുപ്പിക്കുന്നുണ്ടെങ്കിലും കുറച്ചുനാൾ ഉപയോഗിച്ചുകഴിയുമ്പോൾ ബാറ്ററിയുടെ റേഞ്ച് കുറയുമോ? ദൂരയാത്രകൾക്ക് ഉപയോഗപ്രദമോ സംശയങ്ങൾ ഇനിയും ബാക്കിയാണ്. ഈ സംശയങ്ങൾക്ക് മറുപടിയുമായി എത്തുകയാണ് കഴിഞ്ഞ ആറുമാസമായി റിവോൾട്ടിന്റെ ഇലക്ട്രിക് ബൈക്ക് ഉപയോഗിക്കുന്ന ആലപ്പുഴ സ്വദേശി സിജേഷ്.

Revolt RV 400
Revolt RV 400

 

പെട്രോളിൽ നിന്നു ഇലക്ട്രിക്കിലേക്കുള്ള മാറ്റം

 

വർധിച്ചുവരുന്ന ഇന്ധന വില തന്നെയാണ് സിജേഷിനെ ഇലക്ട്രിക് ബൈക്കിലേക്ക് എത്തിച്ചത്, കൂടാതെ പഴയ ബൈക്ക് മാറ്റാനും സമയമായിരുന്നു. ബൈക്ക് തന്നെ വേണമെന്നായിരുന്നു ആഗ്രഹം ഇലക്ട്രിക് സ്കൂട്ടറുകൾ ഏറെയുണ്ടെങ്കിലും ബൈക്കുകളുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് ഇന്റർനെറ്റിലും മറ്റും ഒരുപാട് അന്വേഷണങ്ങൾക്കൊടുവിലാണ് റിവോൾട്ടിലേക്കെത്തിയത്.

revolt-rv400

 

ചെറു യാത്രകൾക്ക് മാത്രം, മൂന്നു മോഡുകൾ

Revolt RV1
Revolt RV1

 

ഓഫീസ് യാത്രകൾക്കും ചെറു യാത്രകൾക്കും മാത്രമാണ് വാഹനം ഉപയോഗിക്കുന്നത്. ഇതുവരെ ദൂരയാത്ര നടത്തിയിട്ടില്ല. എന്നാൽ ദിവസവും 60 കിലോമീറ്ററിൽ അധികം ഉപയോഗിക്കുന്നുണ്ട്. ഇക്കോ, നോർമൽ, സ്പോർട്സ് മോഡുകളുണ്ട് ബൈക്കിൽ. ഇക്കോ മോഡിൽ പരമാവധി 45 കിലോമീറ്റർ വേഗവും 150 കിലോമീറ്റർ റേഞ്ചും സ്പോർട്സ് മോഡിൽ 65 കിലോമീറ്റർ വേഗവും 100 കിലോമീറ്റർ റേഞ്ചും സ്പോർട്സ് മോഡലിൽ 85 കിലോമീറ്റർ വേഗവും 80 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി പറയുന്നത്. ഇക്കോ മോഡിലാണ് കൂടുതലും ഉപയോഗിക്കാറ്, അതുവരെ 120 മുതൽ 130 കിലോമീറ്റർ വരെ റേഞ്ച് ലഭിച്ചിട്ടുണ്ട്. ബാറ്ററി ചാർജ് 5 ശതമാനം ആകുന്നത് വരെ ഉപയോഗിച്ചിട്ടുണ്ട്. ആ സമയത്തും ബൈക്കിന്റെ കരുത്തിനോ പെർഫോമൻസിനോ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.

 

ചാർജിങ്ങും വൈദ്യുതി ചെലവും

 

വണ്ടി നേരിട്ട് വീട്ടിലെ പ്ലഗ്ഗിൽ നിന്നും ചാർജ് ചെയ്യാം‌ം. ബാറ്ററി ഊരി ചാർജ് ചെയ്യാനും ഓപ്ഷനുണ്ട്. കൂടുതലും നേരിട്ട് ചാർജ് ചെയ്യുകയാണ്. ബൈക്ക് ചാർജിങ് തുടങ്ങിയതിന് ശേഷം മുൻപ് വന്നിരുന്ന വൈദ്യുതി ബില്ലിനേക്കാൾ ഏകദേശം 300 മുതൽ 500 രൂപ വരെയാണ് കൂടുതൽ വരുന്നത്. ചെലവ് കിലോമീറ്ററിന് വളരെ കുറഞ്ഞ തുക മാത്രം.

 

സർവീസ് എപ്പോഴെല്ലാം

 

ആദ്യ സർവീസ് വരുന്നത് 1000 കിലോമീറ്ററിലാണ്, ആദ്യ സർവീസിൽ പ്രത്യേകിച്ച് ഒന്നും മാറ്റേണ്ടതില്ല. വാട്ടര്‍ സർവീസും ചെക്കപ്പുമാണുള്ളത്. അടുത്ത സർവീസ് 10,000 കിലോമീറ്ററിലാണ് 8500 കിലോമീറ്ററെ വണ്ടി ഓടിയിട്ടുള്ളൂ. പ്രധാനമായും ബ്രേക്ക് പാഡുകളാണ് മാറാനുള്ളത്. എറണാകുളത്തും തൃശൂരുമാണ് നിലവിൽ റിവോൾട്ടിന്റെ സർവീസ് സെന്ററുകളുള്ളത്.‌

 

സിറ്റി യാത്രക്ക് വളരെ മികച്ച വണ്ടി

 

ദിവസവും ഓഫീസിൽ പോകുന്നത് ഈ വണ്ടിയിലാണ് ഗിയറില്ലാത്തതിനാൽ സിറ്റി യാത്രയ്ക്കി സ്കൂട്ടർ പോലെതന്നെ ഉപയോഗിക്കാൻ പറ്റും.മോണോ ഷോക്ക് സസ്പെൻഷൻ സുഖകരമായ യാത്രയാണ് നൽകുന്നത്. ഇലക്ട്രിക് വാഹനം വരുന്നത് അറിയാൻ സാധിക്കില്ല എന്നതാണ് ആളുകൾ പറയുന്ന പ്രധാന പരാതി അതു പരിഹരിക്കാനായി ഈ ബൈക്കിന് ശബ്ദം നൽകിയിട്ടുണ്ട്, നാല് വത്യസ്ത ശബ്ദങ്ങളിൽ നമുക്കിത്  കസ്റ്റമൈസ് ചെയ്യാൻ കഴിയും.

 

ഈ ബൈക്ക് എടുക്കണോ?

 

130 റേഞ്ച് വണ്ടിക്കു ലഭിക്കുന്നുണ്ടെങ്കിലും ദൂരെ യാത്രകൾക്ക് എത്രത്തോളം  ഉപയോഗിക്കാമെന്നറിയില്ലെന്ന് സിജേഷ് പറയുന്നു. നിങ്ങളുടെ ആവശ്യം  മനസിലാക്കി ടെസ്റ്റ്‌ ഡ്രൈവ് ചെയ്ത ശേഷം വണ്ടി എടുക്കുക. 

 

English Summary: Revolt RV 400 Owners Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com