ADVERTISEMENT

കാത്തിരിപ്പിനു വിരാമമിട്ട് റോയൽ എൻഫീൽഡ് ഹണ്ടർ 350 അവതരിപ്പിക്കപ്പെട്ടു. കാഴ്ച ഭംഗിയും സാങ്കേതികതയുമെല്ലാം കോർത്തിണക്കിയ വാഹനത്തിന്റെ ആകർഷണീയത ചർച്ച ചെയ്യപ്പെട്ടതിനെക്കാൾ ഇപ്പോൾ ചർച്ചയാകുന്നത് വാഹനത്തിന്റെ വിലയാണ്.  റോയൽ എൻഫീൽഡിന്റെ വിലക്കുറവുള്ള മോഡൽ എന്നു വിശേഷിപ്പിക്കപ്പെട്ട വാഹനത്തിന്റെ ഏറ്റവും കുറഞ്ഞ വകഭേദമായ റെട്രോ വേരിയന്റിനു വില ആരംഭിക്കുന്നത് 1.49 ലക്ഷം രൂപയിലാണ്. ഉയർന്ന വകഭേദമായ മെട്രോയുടെ വില 1.64 മുതൽ 1.69 ലക്ഷം രൂപയാണ്. കളർ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെയാണ് ഇവിടെ വില വ്യത്യാസം വരുന്നത്. തിരഞ്ഞെടുക്കാൻ പല മാറ്റങ്ങളും തരുന്നതിലൂടെ റോയൽ എൻഫീൽഡ് വെല്ലുവിളിക്കുന്നത് ആരെയാണെന്ന് നോക്കാം.  

royal-enfield-hunter-3

 

royal-enfield-hunter-5

ഡിസ്പ്ലേസ്മെന്റ് തലത്തിലും വിലയുടെ ഭാഗത്തിലും മറ്റെല്ലാ നിർമാതാക്കളുടെയും നിയോ റോഡ്സ്റ്ററുകളെ തന്നെയാണ് ഹണ്ടർ വേട്ടയാടുന്നത്. ഹോണ്ട സിബി350 ആർഎസ്, ജാവ 42, യെസ്ഡി റോഡ്സ്റ്റർ എന്നിവയാണ് ഇനി ഭയപ്പെടേണ്ടവർ. ഹോണ്ട സിബി350 ആർഎസിനോടാണ് ഹണ്ടറിന്റെ പ്രധാന മത്സരമെന്ന് കരുതാം. 2,03,179 രൂപ സിംഗിൾ ടോൺ കളറിനും 2,03,808 രൂപ ഡ്യുവൽ ടോണിനും വില നൽകിയിട്ടുണ്ട് ഹോണ്ട. ചുരുക്കി പറഞ്ഞാൽ ജാപ്പനീസ് മോട്ടർസൈക്കിൾ നിർമാതാക്കളെ വെല്ലുവിളിച്ച് 53279 രൂപ കുറവിലാണ് റോയൽ എൻഫീൽഡ് ഹണ്ടറിനെ നൽകുന്നത്.  

 

royal-enfield-hunter-2

ഇതേ വിധത്തിൽ യെസ്ഡി റോഡ്സ്റ്ററിന് വില 2,01,142 രൂപയ്ക്കും 2,09,142 രൂപയ്ക്കും ഇടയിലായാണ്. ഹോണ്ടയെ വെല്ലുവിളിച്ച അതേ വിധത്തിൽ യെസ്ഡിയെയും ആർഇ നിഷ്കരുണം തള്ളി. ഉയർന്ന മോഡലുകൾ തമ്മിലായാൽ പോലും 40000 രൂപ കുറവിന്റെ വ്യത്യാസമാണ് ഹണ്ടറിനു ലഭിക്കുന്നത്.  

ഹണ്ടറിനോടൊപ്പം വിലയുടെ കാര്യത്തിൽ ഒപ്പം നിൽക്കാൻ ശ്രമിക്കാനെങ്കിലും പ്രാപ്തിയുള്ളത് ജാവ42 ആണ്. അങ്ങനെ ശ്രമിച്ചാൽ തന്നെ ഹണ്ടറിനെക്കാൾ വിലയിൽ 17587 രൂപയോളം മുകളിലായിരിക്കും ജാവയ്ക്ക് വില.  

 

225 സിസി എൻജിനുമായി എത്തുന്ന ടിവിഎസിന്റെ റോണിൻ മാത്രമാണ് ഹണ്ടറിന്റെ വിലയേക്കാൾ താഴെയുള്ളത്. റെട്രോ മോട്ടർസൈക്കിൾ ആണെങ്കിലും ഹണ്ടറിന്റെ 27 എൻഎം ടോർക്കിനു മുന്നിൽ അടിപതറി വീഴും. 1.49 ലക്ഷം രൂപ മുതൽ 1.68 ലക്ഷം രൂപ വരെയാണ് റോണിന്റെ വില.  

കാഴ്ചയുടെ കാര്യത്തിൽ ഈ 4 നിർമാതാക്കളുടെ പ്രോഡക്ടുകളെക്കാൾ വളരെ മികച്ച ഫിനിഷാണ് ഹണ്ടറിന്. ഒപ്പം ഉപയോക്താവിന്റെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനുള്ള അക്സസറി പാക്കും ഹണ്ടറിന് ലഭിക്കുന്നു. 1.75 ലക്ഷം രൂപയ്ക്കുള്ളിൽ ലക്ഷ്വറി റോഡ്സ്റ്റർ വാഹനങ്ങളോടു കിടപിടിക്കാൻ ശേഷിയുണ്ട് റോയൽ എൻഫീൽഡിന്റെ ഈ കുഞ്ഞൻ റോഡ്സ്റ്ററിന്. 

 

English Summary: Royal Enfield Hunter 350 pricing compared to Rivals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com