ADVERTISEMENT

ഒരുകാറില്‍ എത്ര പേര്‍ കൊള്ളും? ആറ്, ഏഴ്... കൂടി പോയാല്‍ ഒമ്പതോ പത്തോ അല്ലേ. എന്നാല്‍ ഒരു മിനി കൂപ്പറില്‍ 29 പേര്‍ കയറിയിട്ടുണ്ട്. കുട്ടികളൊന്നുമല്ല, പ്രായപൂര്‍ത്തിയായ 29 മനുഷ്യര്‍! അദ്ഭുതം തോന്നുന്നുവല്ലേ, ഈ അദ്ഭുതത്തിനാണ് ഗിന്നസ് വേള്‍ഡ് റെക്കോർഡ് വരെ ലഭിച്ചിട്ടുള്ളത്. 

 

അഞ്ചു പേര്‍ക്ക് പരമാവധി യാത്രചെയ്യാവുന്ന രീതിയില്‍ നിർമിച്ച മിനി കൂപ്പറില്‍ 29 പേര്‍ കയറിയ റെക്കോർഡിന്റെ വിഡിയോ ഇപ്പോള്‍ വൈറലാണ്. മറ്റൊരു വസ്തുത ഈ റെക്കോർഡ് എട്ടു വര്‍ഷം മുമ്പ് 2014 സെപ്റ്റംബര്‍ അഞ്ചിന് സംഭവിച്ചതാണെന്നതാണ്. ഗിന്നസ് റെക്കോർഡ് അധികൃതര്‍ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഈ വിഡിയോ പങ്കുവച്ചതോടെയാണ് ഇപ്പോഴത് വീണ്ടും സോഷ്യല്‍മീഡിയയുടെ സംസാരവിഷയമായത്.

 

'ഒരു മിനി കൂപ്പറിലേക്ക് എത്രപേരെ കയറ്റാനാകും?' എന്ന അടിക്കുറിപ്പോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോർഡ് അധികൃതർ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഔദ്യോഗിക ട്വിറ്റര്‍ വഴി പങ്കുവച്ചിരിക്കുന്നത്. വെളുപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചവർ ആദ്യം പിന്‍ സീറ്റിലാണ് ഇരിക്കുന്നത്. ആദ്യം ഇരുന്നവരുടെ മടിയിലേക്ക് ഒന്നിന് മേല്‍ ഒന്നായി മറ്റുള്ളവർ കിടക്കുന്നു. കാറിന്റെ മേല്‍ക്കൂര വരെ ഇങ്ങനെ പരമാവധി പേരെ പിന്‍സീറ്റില്‍ നിറച്ച ശേഷമാണ് മുന്‍ ഭാഗത്ത് ആളു കയറുന്നത്. മുന്നില്‍ ഡാഷ് ബോര്‍ഡില്‍ വരെ ആളെ കുത്തി കയറ്റുന്നുണ്ട്. 

 

ശ്വാസം വിടാന്‍ വരെ കാറിലുള്ളവര്‍ ബുദ്ധിമുട്ടുന്നതു കാണാം. ഒടുവിലായാണ് ബൂട്ട് സ്‌പേസില്‍ ആളുകൾ കയറുന്നത്. ഒടുവില്‍ 29 പേര്‍ കാറിനുള്ളില്‍ കയറി. റെക്കോർഡും സ്വന്തമാക്കി. ചൈനക്കാരി സിയ ലൈയുടേയും മിനി ചൈനയുടേയും പേരിലാണ് ഈ ഗിന്നസ് റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

സെപ്റ്റംബര്‍ ആറിന് പങ്കുവച്ച വിഡിയോക്ക് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമേരിക്കയിലും ഇതൊന്നു ശ്രമിച്ചു നേക്കണമെന്ന് ഒരാള്‍ പറയുമ്പോള്‍ ടാറ്റ നാനോ നീയാണിനി അടുത്തത് എന്നാണ് മറ്റൊരാള്‍ പ്രഖ്യാപിക്കുന്നത്. പൊലീസ് പുറത്ത് കാവലുണ്ട് എന്നാണ് മറ്റൊരാളുടെ കമന്റ്.

 

English Summary: 27 People Get Inside A Mini Cooper To Create Guinness World Record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com