ADVERTISEMENT

പെര്‍ഫോമന്‍സിലും കാഴ്ചയിലും ഏതു കാലത്തും രാജാവാണ് ഫുള്‍ സൈസ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍. ഇന്ത്യന്‍ നിരത്തുകളില്‍ പ്രീമിയം കാറുകളെക്കാള്‍ ആളുകള്‍ക്ക് താല്‍പര്യം നെടുനീളന്‍ എസ്‌യുവികളോടാണെന്നതിൽ സംശയം വേണ്ട. അങ്ങനെയുള്ള എസ്‌യുവികളുടെ വില്‍പനയില്‍ വിപണിയിലെത്തിയ കാലം മുതല്‍ രാജാവാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. ഞാനാണ് ഒരേയൊരു രാജാവെന്ന് വീണ്ടും വില്‍പനയിലൂടെ വിളിച്ചുപറയുകയാണ് ഫോര്‍ച്യൂണര്‍. 

 

സെപ്റ്റംബറിലെ വില്‍പന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ എതിരാളികളെക്കാള്‍ ഏറെ മുന്നിലാണ് ഫോര്‍ച്യൂണര്‍. ഫോഡ് എന്‍ഡവറിന്റെ വില്‍പനയില്‍ ഗണ്യമായ കുറവുണ്ടായതോടെ എസ്‌യുവി വില്‍പനയില്‍ ഫോര്‍ച്യൂണറിന് വലിയ മുന്നേറ്റമാണ് ഉണ്ടായത്. 2021 സെപ്റ്റംബറിൽ 1869 യൂണിറ്റ് ഫോര്‍ച്യൂണറായിരുന്നു ഇന്ത്യയിലുടനീളം വിറ്റുപോയത്. എന്‍ഡവര്‍ കളമൊഴിഞ്ഞതിനു ശേഷമുള്ള കണക്കില്‍, കഴിഞ്ഞ സെപ്റ്റംബറില്‍ 2935 യൂണിറ്റുകളുടെ വില്‍പനയുമായി ഫോര്‍ച്യൂണര്‍ കുതിച്ചുപായുകയാണ്. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ 57 ശതമാനത്തിന്റെ വില്‍പന വളര്‍ച്ച കൈവരിക്കാന്‍ ടൊയോട്ടയ്ക്കു സാധിച്ചു. 7 സീറ്റര്‍ ബിഗ് ഡാഡി എസ്‌യുവി വിഭാഗത്തില്‍ വര്‍ഷങ്ങളായി ടൊയോട്ടയുടെ ഈ ആധിപത്യം തകര്‍ക്കാനായിട്ടില്ല. 

 

ആരാധകരുടെ ഇഷ്ടം മനസ്സിലാക്കി വിപുലമായ വേരിയന്റുകള്‍ കൂടി അവതരിപ്പിച്ചതോടെ ബിഗ് സൈസ് എസ്‌യുവി വിഭാഗത്തില്‍ സ്വന്തം സിംഹാസനം ഉറപ്പിച്ചുകഴിഞ്ഞു ഫോര്‍ച്യൂണര്‍. കുറച്ചു നാള്‍ മുന്‍പാണ് ടൊയോട്ട ഫോര്‍ച്യൂണറിന്റെ വില വർധിപ്പിച്ചത്. പെട്രോള്‍ പതിപ്പുകള്‍ക്ക് 19000 രൂപ കൂടി. 2 വീല്‍ ഡ്രൈവ് മാന്വല്‍ ഡീസല്‍ വകഭേദങ്ങള്‍ക്കും സമാനമായ വില വര്‍ധനയുണ്ടായിരുന്നു. ഫോര്‍വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ക്ക് 40000 രൂപയോളം വര്‍ധിച്ചെങ്കിലും വിപണിയില്‍ ഏറ്റവും ആവശ്യക്കാരുള്ളതും ഈ വകഭേദത്തിനാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 32.58 ലക്ഷം രൂപ മുതല്‍ 50.33 ലക്ഷം രൂപ വരെയാണ് ഫോര്‍ച്യൂണറിന്റെ എക്‌സ് ഷോറൂം വില. 

 

ഇതിനിടെ പുതിയ ഫോര്‍ച്യൂണറും അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 2023 ജൂണില്‍ വാഹനം വിപണിയിലെത്തുമെന്നാണ് കരുതുന്നത്. പുതിയ ഫീച്ചറുകള്‍ക്കൊപ്പം ഒരു ഹൈബ്രിഡ് എന്‍ജിനും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഫുള്‍ സൈസ് എസ്‌യുവി വിഭാഗത്തില്‍ 507 യൂണിറ്റുകള്‍ വിറ്റഴിച്ച് ജീപ്പ് മെറിഡിയനാണ് രണ്ടാം സ്ഥാനത്തുള്ളത്. എംജി ഗ്ലോസ്റ്ററാണ് മൂന്നാം സ്ഥാനം നേടിയത്. 311 യൂണിറ്റ് എംജി ഗ്ലോസ്റ്ററുകളാണ് സെപ്റ്റംബര്‍ വരെ വിറ്റഴിക്കപ്പെട്ടത്. ഫോക്‌സ്‌വാഗന്‍ ടിഗ്വാന്‍, സ്‌കോഡ കോഡിയാക് എന്നിവ 4, 5 സ്ഥാനങ്ങളിലുണ്ട്. നിലവിലുള്ള എതിരാളികള്‍ക്ക് ഫോര്‍ച്യൂണറിനൊപ്പമെത്താന്‍ ഏറെ വിയര്‍ക്കേണ്ടി വരുമെന്ന് സാരം. 

 

English Summary: Full Size SUV Sales Sep 2022 – Fortuner  Tops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com