ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് ഇലക്ട്രിക് വിപണിയിലേക്കു കാലെടുത്തുവച്ചു. വിഡ എന്ന ഇ–ബ്രാൻഡിലാണ് പുതിയ സ്കൂട്ടറുകൾ വിപണിയിലെത്തുക. പ്രോ, പ്ലസ് എന്നിങ്ങനെ രണ്ടു വേരിയന്റാണ് ആദ്യ ഘട്ടത്തിൽ വിൽപനയ്ക്കെത്തുന്നത്. നൂറു കിലോമീറ്ററിലധികം റേഞ്ച് ഉള്ള രണ്ടു മോഡലുകളാണ് ഹീറോ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. 

vida-v1-5

 

ബാറ്ററി ,പെർഫോമൻസ് 

 

ഒരേ മോട്ടറാണ് ഉള്ളതെങ്കിലും ബാറ്ററി, റേഞ്ച്, പെർഫോമൻസ് എന്നിവയിൽ ഇരു മോഡലുകളും വ്യത്യസ്തരാണ്. 3.9kW ഇലക്ട്രിക് മോട്ടർ പുറത്തെടുക്കുന്ന കരുത്ത് 8 എച്ച്പി. ആക്സിലറേഷനിൽ ഇരു മോഡലുകളിലും വ്യത്യാസമുണ്ട്. പ്ലസിന്റേത് 3.44kWh ബാറ്ററി പാക്കും പ്രോയിൽ 3.94kWh ബാറ്ററിയുമാണ്. റേഞ്ച് 143 കിമീ. പ്ലസിനെക്കാൾ റേഞ്ചും കൂടുതലാണ് പ്രോയ്ക്ക്. 165 കിമീ സഞ്ചരിക്കാം. 0-40 വേഗമാർജിക്കാൻ 3.4 സെക്കൻഡ് വേണം. പ്രോയ്ക്ക് 3.2 സെക്കൻഡ് മതി. ടോപ് സ്പീഡ് 80kph. ബാറ്ററിക്ക് മൂന്നു വർഷം അല്ലെങ്കിൽ 30,000 കിമീ വാറന്റി ഉണ്ട്. ബാറ്ററി ഊരിമാറ്റാം.  

vida-v1-1

 

ചാർജിങ്

 

ഇരു മോഡലുകൾക്കും ഒരേ ചാർജറാണുള്ളത്. ബാറ്ററി 0–80 % ചാർജ് ആകാൻ ബാറ്ററി ഊരിമാറ്റി ചാർജ് ചെയ്യുകയാണെങ്കിൽ പ്രോയ്ക്ക് 5 മണിക്കൂർ 55 മിനിറ്റ് വേണം. പ്ലസിന് 5 മണിക്കൂർ 15 മിനിറ്റ് വേണം. ഫാസ്റ്റ് ചാർജിങ്ങിൽ 65 മിനിറ്റുകൊണ്ട് 80% ചാർജ് ആകും. അതായത്, 1 മിനിറ്റ് ചാർജ് ചെയ്താൽ 1.2 കിമീ ദൂരം സഞ്ചരിക്കാം. ഏതർ 450 എക്സിന്റെ അതേ ചാർജിങ് പോയിന്റ് ഡിസൈനാണ് വിഡയുടേതും.  ഏതറിന്റെ പബ്ലിക് ഫാസ്റ്റ് ചാർജിങ് നെറ്റ്-വർക്ക് ഉപയോഗിക്കാം.  

vida-v1-3

 

വൈദ്യുതിച്ചെലവ്

 

vida-v1

ഫുൾ ചാർജ് ആകാൻ പ്ലസിന് 3.5 യൂണിറ്റും പ്രോയ്ക്ക് 4 യൂണിറ്റും വൈദ്യുതി വേണം. ഒരു യൂണിറ്റിന് 6 രൂപ വച്ചു കണക്കാക്കുകയാണെങ്കിൽ പ്രോയ്ക്ക് ₨ 24 ഇന്ധനച്ചെലവ് വരും. പ്ലസിന് ₨ 21. 63 കിമീ (ARAI) മൈലേജുള്ള ഹീറോ പ്ലഷർ പ്ലസ്സിന് 165 കിമീ സഞ്ചരിക്കാൻ 2.61 ലീറ്റർ പെട്രോൾ വേണം. ₨ 277 ചെലവു വരും.

 

ഫീച്ചർ

 

ഫീച്ചർ റിച്ച് ആണ് ഇരുമോഡലുകളും. ഡിജിറ്റൽ കൺസോൾ. ഇക്കോ, റൈഡ്, സ്പോർട് എന്നിങ്ങനെ മൂന്നു റൈഡിങ് മോഡുകളുണ്ട്. പ്രോയിൽ കസ്റ്റം മോഡ് കൂടിയുണ്ട്.  7 ഇ​ഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേ, കീലെസ് ഓപ്പറേഷൻ, എൽഇഡി ലൈറ്റിങ്, ഫോളോമി ഹെഡ്‌ലാംപ്, ആന്റി-തെഫ്റ്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, റിവേഴ്സ്, യുഎസ്ബി ഫോൺ കണക്‌ടിവിറ്റി എന്നിങ്ങനെ ഫീച്ചറുകൾ ഏറെ.  4ജി സപ്പോർട്ട് ചെയ്യും. ഡോക്കുമെന്റ്സ് സേവ് ചെയ്തു വയ്ക്കാം. നാവിഗേഷൻ, ജിയോ ഫെൻസിങ്, ബൈക്ക് ട്രാക്കിങ്, പാർക്കിങ് അസിസ്റ്റ്, എമർജൻസി അലേർട്ട്, മൈ റൈഡ് എന്നിവയുമുണ്ട്. 

 

സ്കൂട്ടർ എത്ര കിമീ ഓടി, എത്ര തവണ ചാർജ് ചെയ്തു, ബാറ്ററി ഉപയോഗം, ചാർജ് ചെയ്യാനുള്ള തുക എന്നിവയെല്ലാം മൈ റൈഡിലൂടെ അറിയാം. മുന്നിൽ ഡിസ്കും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ്. മാറ്റെ അബ്രാക്സ് ഓറഞ്ച്, മാറ്റെ സ്പോർട് റെഡ്, മാറ്റേ വൈറ്റ് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ വി1 സ്കൂട്ടറുകൾ ലഭ്യമാകും. 

 

എവിടെയെല്ലാം

 

ഡൽഹി, ബെംഗളൂരു, ജയ്പുർ എന്നിവിടങ്ങളിൽ മാത്രമേ ആദ്യഘട്ടത്തിൽ വിഡ വി1 സ്കൂട്ടറുകൾ ലഭ്യമാകൂ. അധികം താമസിയാതെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ബുക്കിങ് ആരംഭിച്ചു. ഡിസംബർ രണ്ടാമത്തെ ആഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങും.    

 

വില 

 

₨ 1.45 ലക്ഷമാണ് പ്ലസിന്റെ വില. ₨1.59 ലക്ഷമാണ് പ്രോ വേരിയന്റിന് (എക്സ്–ഷോറൂം, ഡൽഹി). ഫെയിം 2 സബ്സിഡി കഴിച്ചുള്ള വിലയാണിത്. ഏതർ 450 എക്സ്, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് തുടങ്ങിയവയാണ് പ്രീമിയം സെഗ്‌മെന്റിലെ എതിരാളികൾ.

 

English Summary: Know More About Hero Vida V1 Electric Scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com