423 കി.മീ റേഞ്ച്, 74.50 ലക്ഷം രൂപ; ആഡംബരം നിറച്ച് ബെൻസ് ഇക്യുബി വിപണിയിൽ

mercedes-benz-eqb
Mercedes Benz EQB
SHARE

മെഴ്സിഡീസ് ബെൻസിന്റെ എസ്‍യുവി ഇക്യുബി വിപണിയിൽ. മൂന്നു നിര സീറ്റുകളുള്ള ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതി ആഡംബര എസ്‍യുവി എന്ന ഖ്യാതിയിൽ പുറത്തിറങ്ങുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 74.50 ലക്ഷം രൂപ മുതലാണ്. മെഴ്‌സിഡീസ് ബെന്‍സ് നേരത്തെ പുറത്തിറക്കിയ ഇക്യുസി എസ്‌യുവിക്കും അടുത്തിടെ പുറത്തിറങ്ങിയ ഇക്യുഎസ് സെഡാനും ശേഷം മൂന്നാമത്തെ വൈദ്യുതി ആഡംബര എസ്‌യുവിയായാണ് ഇക്യുബിയെ മെഴ്‌സിഡീസ് ബെന്‍സ് അവതരിപ്പിച്ചിരിക്കുന്നത്.

mercedes-benz-eqb-2

സൗകര്യങ്ങള്‍

ബെൻസിന്റെ ജിഎല്‍ബിക്ക് സമാനമായ സൗകര്യങ്ങളാണ് ഇക്യുബിയിലുള്ളത്. ഫ്രണ്ട് ഗ്രില്ലിലും ഹെഡ്‌ലൈറ്റിലും ടെയ്ല്‍ ലാംപിലും മുന്നിലെയും പിന്നിലെയും ബംപറിലും എല്‍ഇഡി ലൈറ്റിലുമെല്ലാം മാറ്റങ്ങളുണ്ട്. 18 ഇഞ്ച് അലോയ് വീലുള്ള ഇക്യുബി കോസ്‌മോസ് ബ്ലാക്ക്, റോസ് ഗോള്‍ഡ്, ഡിജിറ്റല്‍ വൈറ്റ്, മൗണ്ടന്‍ ഗ്രേ, ഇറിഡിയം സില്‍വര്‍ എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ ലഭ്യമാണ്.

മൂന്നു നിരകളിലായി ഏഴു പേര്‍ക്കിരിക്കാവുന്ന സൗകര്യം ഇക്യുബിയിലുണ്ട്. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, വിശാലമായ പനോരമിക് സണ്‍റൂഫ്, 64 കളര്‍ ലൈറ്റിങ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റ് എന്നിവയും ഇക്യുബിയില്‍ ഒരുക്കിയിരിക്കുന്നു. മടക്കാവുന്ന സീറ്റുകളും ഏഴു സീറ്റുള്ള വാഹനത്തിന്റെ ഉള്‍ഭാഗത്തെ വിശാലത വര്‍ധിപ്പിക്കുന്നു.

mercedes-benz-eqb-4

കരുത്തും ഇന്ധനക്ഷമതയും

രണ്ടു വേരിയന്റുകളായിട്ടാണ് ആഗോളതലത്തില്‍ ഇക്യുബിയെ മെഴ്‌സീഡസ് ബെന്‍സ് പുറത്തിറക്കിയിരിക്കുന്നത്. ഇക്യുബി 300ന് 228എച്ച്പി കരുത്തും പരമാവധി 390 എൻഎം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കാനാകുകയെങ്കില്‍ ശേഷികൂടിയ ഇക്യുബി 350ന് 292 എച്ച്പി കരുത്തും 520 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാനാകും. ഇന്ത്യയില്‍ ഇപ്പോള്‍ ഇക്യുബി 300ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ഓള്‍ വീല്‍ ഡ്രൈവാണ് ഇക്യുബി 300ലുള്ളത് എന്നതിനാല്‍ തന്നെ നാലു ചക്രങ്ങളിലേക്കും ഒരേ പോലെ ഇരട്ട ഇലക്ട്രിക് മോട്ടോറില്‍ നിന്നും കരുത്ത് പ്രവഹിക്കും. അതിന്റെ ബലത്തില്‍ വെറും എട്ടു സെക്കൻഡില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ ഈ ഇലക്ട്രിക് ആഡംബര കാറിനാവും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് പരമാവധി വേഗത.

mercedes-benz-eqb-1

66.5kWh ബാറ്ററിയാണ് ഇക്യുബിക്കുള്ളത്. ഒരൊറ്റ ചാര്‍ജില്‍ 423 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററി പാക്കിന് മെഴ്‌സിഡീസ് ബെന്‍സ് നല്‍കുന്നുണ്ട്. 11kW എ.സി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ആറ് മണിക്കൂര്‍ 25 മിനുറ്റ് കൊണ്ട് ബാറ്ററി 10 ശതമാനത്തില്‍ നിന്നും 100 ശതമാനം ചാര്‍ജിലേക്ക് എത്തും. അതേസമയം 100kW ഡി.സി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പത്ത് ശതമാനത്തില്‍ നിന്നും 80 ശതമാനം ചാര്‍ജിലേക്ക് വെറും 32 മിനുറ്റില്‍ എത്താനും ഇക്യുബിക്ക് സാധിക്കും.

mercedes-benz-eqb-3

ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ 30 അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ മെഴ്‌സീഡസ് ആരംഭിച്ചു കഴിഞ്ഞുവെന്നും ഒരു മാസത്തിനുള്ളില്‍ പത്തെണ്ണം കൂടി തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും മെഴ്‌സിഡീസിന്റെ  ഇന്ത്യന്‍ സിഇഒ മാര്‍ട്ടിന്‍ ഷ്വന്‍ക് പറയുന്നു. രാജ്യത്ത് ആകെ 140 ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാനും മെഴ്‌സിഡീസ് ബെന്‍സിന് പദ്ധതിയുണ്ട്. 

മത്സരം 

ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന ആദ്യത്തെ മൂന്നു നിരയുള്ള വൈദ്യുതി എസ്‌യുവിയാണ് ഇക്യുബി. അതുകൊണ്ടുതന്നെ മെഴ്‌സീഡസ് ബെന്‍സിന്റെ പുതിയ വൈദ്യുതി ആഡംബരകാറിന് അതേ വിഭാഗത്തില്‍ വെല്ലുവിളികളില്ല. മെഴ്‌സിഡീസ് ബെന്‍സിന്റെ തന്നെ മറ്റൊരു ആഡംബര വൈദ്യുതി കാറായ ഇക്യുസിയേക്കാള്‍ 25 ലക്ഷത്തോളം രൂപ കുറവാണ് ഇക്യുബിക്ക്.

English Summary: Mercedes Benz EQB launched in India at Rs 74.50 lakh

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS