സൂപ്പർ സ്റ്റാറിനൊപ്പം സൂപ്പർ കാർ, റോഷാക്കിലെ മസിൽ കാർ മസ്റ്റാങ്ങിന്റെ വിശേഷങ്ങൾ

rorschach-ford-mustang
SHARE

നടീനടന്മാരുടെ ഡേറ്റ് പ്രശ്‌നത്തിന്റെ പേരിൽ സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചത് കേട്ടിട്ടുണ്ടാവും. എന്നാൽ, ഒരു കാർ ലഭിക്കാത്തതിന്റെ പേരിൽ സിനിമയുടെ ചിത്രീകരണം നിർത്തിയ സംഭവം മലയാളത്തിലുണ്ടായി. അടുത്തിടെ പുറത്തിറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ റൊഷാക്കിന്റെ ചിത്രീകരണമാണ് ഫോഡ് മസ്റ്റാങ്ങിന്റെ പേരിൽ വൈകിയത്. മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്റണിയുടെ മസ്റ്റാങ്ങിലുള്ള ഇരമ്പിയുള്ള വരവ് കാണുമ്പോഴറിയാം ചിത്രത്തിൽ ഈ കാറിനുള്ള പ്രാധാന്യം.

പിറന്നാൾ സമ്മാനം

മലയാളി ബിസിനസുകാരനായ ജോർജ് തന്റെ സഹോദരനായ മാത്യുവിന് പതിനെട്ടാം പിറന്നാളിനു സമ്മാനമായി നൽകിയതാണ് ഈ സൂപ്പർ മസിൽ കാർ. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഫോഡിന്റെ ഈ മസ്റ്റാങ് ജിടി ഫാസ്റ്റ്ബാക് ഇവരുടെ കൈവശമുണ്ട്. ഇതിനിടെ സിനിമയിലേക്ക് പല വിളികൾ വന്നെങ്കിലും വിട്ടുകൊടുത്തിരുന്നില്ല. എന്നാൽ, സിനിമാ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയിൽനിന്നു മമ്മൂട്ടി ചിത്രത്തിലേക്കു വന്ന വിളി ജോർജിനും മാത്യുവിനും ഒഴിവാക്കാനായില്ല. കാരണം, ഇവരും മമ്മൂട്ടിയുടെ കട്ട ഫാൻസാണെന്നതു തന്നെ. 

rorschach-ford-mustang-1

ഇടിച്ചു പൊളിച്ച്..

റേസ് റെഡ് നിറത്തിലുള്ള മസ്റ്റാങ്ങിന്റെ നിറവും റോഷാക്കിനു വേണ്ടി മാറ്റിയിരുന്നു. ഡൾ ഷെയ്ഡിനുവേണ്ടി ഗ്രേ കളർ റാപ് ചെയ്‌തെടുക്കുകയാണു ചെയ്തത്. അതുപോലെ മുൻഭാഗം ഇടിച്ച് ബോണറ്റ് ചളുങ്ങിയും ഒരു ഹെഡ്‌ലാംപ് തൂങ്ങിയ നിലയിലുമാണ് ചിത്രത്തിൽ മസ്റ്റാങ്ങുള്ളത്. യഥാർഥ ഭാഗങ്ങൾ ഊരിവച്ച ശേഷം സിനിമയുടെ അണിയറ പ്രവർത്തകരാണ് ഇടിച്ച രൂപത്തിലേക്ക് മസ്റ്റാങ്ങിനെ മാറ്റിയെടുത്തത്. ഇതിനായി ഷൂട്ടിങ്ങിനു മുൻപു തന്നെ കാറിന്റെ ഭാഗങ്ങൾ ഇറക്കുമതി ചെയ്തു വരുത്തുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനുശേഷം പഴയ രൂപത്തിലേക്കു മസ്റ്റാങ്ങിനെ മാറ്റുകയും ചെയ്തു. 

വൈറലായ ഡ്രിഫ്റ്റിങ്

അഞ്ചു ലീറ്റർ വി8 എൻജിനാണ് ഈ മസിൽ കാറിന്റെ ഹൃദയം. ആർപിഎം കൂടുന്നതിന് അനുസരിച്ച് കാറിലിരിക്കുന്നവരുടെ അഡ്രിനാലിനും കുത്തനെ കൂട്ടും ഈ കരുത്തൻ. 396 എച്ച്പി പവറും 515 എൻഎം ടോർക്കുമാണ് വി8 എൻജിൻ പുറത്തെടുക്കുക. കാറുകളുടെ ആരാധകനും കൂട്ടുകാരനുമായ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഇതേ മസ്‌‌റ്റാങ്ങിനെ ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോയും പ്രചരിച്ചിരുന്നു. റോഷാക്കിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി മസ്റ്റാങ് ഒരു കിടങ്ങിനു സമീപത്തു വച്ച് ഡ്രിഫ്റ്റ് ചെയ്യുന്നത്. ആദ്യ ഷോട്ടിൽ തന്നെ മമ്മൂക്ക ഇത് ഒാകെയാക്കിയത് ആവേശത്തോടെയാണു സഹതാരങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നത്. 

ford-mustang

കാറുപയോഗിച്ച് എന്തൊക്കെയാണു ചെയ്യുകയെന്നതിനെക്കുറിച്ചു നേരത്തേ തന്നെ റോഷാക്കിന്റെ അണിയറ പ്രവർത്തകർ ഉടമകൾക്കു വിശദീകരിച്ചു നൽകിയിരുന്നു. ഒരു മാസത്തിലേറെ നീണ്ട ഷൂട്ടിങ്ങിനായി കാറിനൊപ്പം സുഹൃത്തായ അലനെ കൂടി ഇവർ വിട്ടു നൽകുകയും ചെയ്തു. ബിഗ് സ്‌ക്രീനിൽ സ്വന്തം മസ്‌റ്റാങ് മമ്മൂട്ടിയുടെ കയ്യിൽ ഇരമ്പുന്നത് ആവേശത്തോടെയാണു കണ്ടതെന്ന് ജോർജ് പറയുന്നു.

English Summary: Ford Mustang Used In Rorschach Movie

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS