ADVERTISEMENT

പുതിയ കാര്‍ വാങ്ങുന്നവര്‍ അടുത്ത മാസം മുതല്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ 2023 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, കിയ, മെഴ്‌സിഡീസ് ബെന്‍സ്, ഔഡി തുടങ്ങിയ കമ്പനികളാണ് തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കാര്‍ നിര്‍മാണ വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചിലവുമാണ് വില വര്‍ധനക്ക് നിര്‍ബന്ധിതരാക്കിയിരിക്കുന്നതെന്നാണ് കാര്‍ നിര്‍മാണ കമ്പനികള്‍ നല്‍കുന്ന വിശദീകരണം. 

 

ഏതാണ്ട് അരലക്ഷം രൂപ വരെയാണ് കിയ തങ്ങളുടെ കാറുകളുടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ജനുവരി മുതല്‍ കാര്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് ജനകീയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയും ടാറ്റയും അറിയിച്ചു കഴിഞ്ഞു. തങ്ങളുടെ കാറുകളുടെ വിലയില്‍ 1.7 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് ഔഡി അറിയിച്ചിരിക്കുന്നത്. ഓരോ കാര്‍ കമ്പനികളും വിലയില്‍ വരുത്തിയ വര്‍ധന വിശദമായി അറിയാം. 

 

മാരുതി സുസുക്കി

 

കാര്‍ നിര്‍മാണ വസ്തുക്കളുടെ വില വര്‍ധനക്കൊപ്പം മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ക്കനുസരിച്ച് കാറുകള്‍ നിര്‍മിക്കാന്‍ നിര്‍ബന്ധിതരായതും വില വര്‍ധനവിന് കാരണമാവുന്നുണ്ടെന്നാണ് മാരുതി സുസുകി നല്‍കുന്ന വിശദീകരണം. ഓള്‍ട്ടോ, ഓള്‍ട്ടോ കെ10, ബലേനോ, ബ്രെസ, സെലേറിയോ, സിയാസ്, ഡിസയര്‍, ഈകോ, എര്‍ട്ടിഗ, ഗ്രാന്റ് വിറ്റാര, ഇഗ്നിസ്, എസ് പ്രസോ, സ്വിഫ്റ്റ്, വാഗണ്‍ ആര്‍, എക്‌സ്എല്‍ 6 തുടങ്ങിയ മോഡലുകളുടെയെല്ലാം വില വര്‍ധിക്കും. 

 

കിയ

 

അടുത്ത മാസം മുതല്‍ വാര്‍ വിലയില്‍ അരലക്ഷംരൂപയുടെ വരെ വര്‍ധനവുണ്ടാകുമെന്നാണ് ദക്ഷിണകൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ അറിയിച്ചിരിക്കുന്നത്. ഉത്പനങ്ങളുടെ വിലവര്‍ധനക്കൊപ്പം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചിലവ് വര്‍ധിച്ചതും വിലവര്‍ധനവിന്റെ കാരണമായി കിയ പറയുന്നു. ഡിസംബര്‍ 31ന് ശേഷമുള്ള ബുക്കിങുകള്‍ക്കാണ് അധിക വില നല്‍കേണ്ടി വരിക. കാരന്‍സ്, കാര്‍ണിവെല്‍, ഇവി6, സെല്‍റ്റോസ്, സോനെറ്റ് എന്നീ കാറുകളുടെയെല്ലാം വിലയില്‍ വര്‍ധനവുണ്ടായേക്കും. 

 

ടാറ്റ

 

സാധനങ്ങളുടെ വിലവര്‍ധനക്കൊപ്പം മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതും കാറുകളുടെ വില കൂട്ടാന്‍ നിര്‍ബന്ധിതരാക്കിയെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിക്കുന്നു. അള്‍ട്രോസ്, ഹാരിയര്‍, നെക്‌സണ്‍, നെക്‌സണ്‍ ഇവി, പഞ്ച്, സഫാരി, തിയാഗോ, തിയാഗോ ഇവി, തിഗോര്‍, തിഗോര്‍ ഇവി എന്നീ കാറുകളുടെ വില കൂടും. 

 

ഔഡി

 

തങ്ങളുടെ കാറുകളുടെ വിലയില്‍ 1.7 ശതമാനത്തിന്റെ വര്‍ധനവാണ് ഔഡി പ്രഖ്യാപിച്ചിരിക്കുന്നത്. എ4, എ6, എ8എല്‍, ക്യു3, ക്യു5, ക്യു7, ക്യു8, എസ്5 സ്‌പോര്‍ട്ബാക്ക്, ആര്‍എസ്5 സ്‌പോര്‍ട്ബാക്ക്, ആര്‍എസ്‌ക്യു8, ഇ ട്രോണ്‍, ഇ ട്രോണ്‍ സ്‌പോര്‍ട്ബാക്, ഇ ട്രോണ്‍ ജിടി എന്നീ കാറുകള്‍ക്ക് വില കൂടും. 

 

മെഴ്‌സിഡീസ് ബെന്‍സ്

 

തങ്ങളുടെ കാറുകളുടെ വിലയില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ധനവാണ് മെഴ്‌സിഡീസ് ബെന്‍സ് വരുത്തുക. എ ക്ലാസ്, എ ക്ലാസ് ഹാച്ച്ബാക്ക്, സി ക്ലാസ്, ഇ ക്ലാസ്, എസ് ക്ലാസ്, ഇക്യുബി, ഇക്യുസി, ഇക്യുഎസ്, ജിഎല്‍എ, ജിഎല്‍സി, ജിഎല്‍സി കൂപെ, ജിഎല്‍ഇ, ജിഎല്‍ഇ കൂപെ, ജിഎല്‍എസ്, ജി ക്ലാസ് എന്നിവക്കൊപ്പം മേബാക്ക് മോഡലുകളായ ജിഎല്‍എസ് 600നും എസ് ക്ലാസിനും വില വര്‍ധിക്കും. 

 

റെനോ

 

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയും ഇന്ത്യയിലെ കാര്‍ മോഡലുകളുടെ വിലയില്‍ വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നീ മോഡലുകള്‍ക്ക് വില വര്‍ധിക്കും. 

 

സിട്രോൺ

 

ജനുവരി മുതലാണ് സിട്രോൺ തങ്ങളുടെ കാറുകളുടെ വിലയില്‍ വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. സി3 സി 5 മോഡലുകള്‍ക്ക് 1.5 ശതമാനം മുതല്‍ രണ്ട് ശതമാനം വരെ വിലവര്‍ധനവാണ് സിട്രോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

 

English Summary: New car, SUV prices to be hiked from January 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com