ADVERTISEMENT

ഉടൻ വിപണിയിലെത്തുന്ന ഇന്നോവ ഹൈക്രോസിന്റെ ബ്രാൻഡ് എൻജീനിയേറിങ് പതിപ്പുമായി മാരുതി എത്തുന്നു. ഹൈറൈഡർ, ഗ്രാൻഡ് വിറ്റാരയ്ക്ക് ശേഷം മാരുതി, ടൊയോട്ട പുറത്തിറക്കുന്ന വാഹനമായിരിക്കും ഹൈക്രോസ്. മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം പകുതിയോടെ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ഗ്രാൻഡ് വിറ്റാര, അർബൻ ക്രൂസർ ഹൈറൈഡർ എന്നിവയെപ്പോലെതന്നെ ഇരുവാഹനങ്ങൾക്കും രൂപമാറ്റവും പ്രതീക്ഷിക്കാം. പെട്രോൾ, ഇന്ധനക്ഷമത കൂടിയ പെട്രോൾ ഹൈബ്രിഡ് എൻജിനോടു കൂടിയായിരിക്കും പുതിയ മോഡൽ എത്തുക. നേരത്തെ ഇന്നോവ ഹൈക്രോസിന്റെ ആദ്യ പ്രദർശനം ടൊയോട്ട ഇന്ത്യ നടത്തിയിരുന്നു. ജനുവരി ഓട്ടോഎക്സ്പോയിൽ വാഹനത്തിന്റെ വിലയും പ്രഖ്യാപിക്കും.

ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ്

ഹൈബ്രിഡ് എൻജിൻ, മോണോകോക്ക് ബോഡി, പനോരമിക് സൺറൂഫ് തുടങ്ങി പുതിയ ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്. ലീറ്ററിന് 21.1 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഇന്നോവ ക്രിസ്റ്റയെക്കാൾ വലുപ്പമുള്ള വാഹനമാണ് ഹൈക്രോസ്. 4755 എം എം നീളവും 1850 എംഎം വീതിയുമുണ്ട്. ക്രിസ്റ്റയുടെ നീളം 4735 എംഎം, വീതി 1830 എംഎം. ഉയരം രണ്ടു വാഹനത്തിനും 1795 എംഎം തന്നെ. വീൽബെയ്സിന്റെ കാര്യത്തിൽ 2850 എംഎം, ക്രിസ്റ്റയേക്കാൾ 100 എംഎം മുന്നിലാണ് ഹൈക്രോസ്. എംപിവിയെക്കാൾ എസ്‍യുവി രൂപഗുണമുള്ള ക്രോസ് ഓവർ ലുക്കാണ്.

അപ്റൈറ്റ് പൊസിഷനാണ് ബോണറ്റിന്, ക്രോം ആവരണമുള്ള ട്രപ്പിസോഡൽ ഗ്രിൽ, ഉയർന്ന ഹെഡ്‌ലാംപുകൾ, ബംപറിലേക്ക് ഇറങ്ങിയ എൽഇഡി ഡേടൈം റണ്ണിങ് ലാംപുകൾ തുടങ്ങി ഏറെ സവിശേഷതകൾ മുന്നിൽ നിന്നു ദൃശ്യമാണ്. ഫോഗ്‌ലാംപുകളും എയർഡാമും ചേർത്ത് മനോഹരമായ ബംപർ ഡിസൈനിൽ ടൊയോട്ട ഡിസൈനർമാരുടെ മികവ് പ്രകടമാണ്. സ്പോർട്ടി ലുക്കുള്ള അലോയ് വീലുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (എഡിഎഎസ്) സംവിധാനമുള്ള ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ വാഹനമായിരിക്കും ഹൈക്രോസ്.

‌‌ഹൈടെക് ഇന്റീരിയർ

പ്രീമിയം ലുക്കുള്ള ഇന്റീരിയർ. വിവിധ ലെയറുകളായി രൂപപ്പെടുത്തിയ ഡാഷ്ബോർഡ് ഇന്റീരിയറിന്റെ ഭംഗി വർധിപ്പിക്കുന്നു. 10.1 ഇഞ്ച് ഫ്ലോട്ടിങ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം. 4.2 ഇഞ്ചാണ് മീറ്റർ കൺസോളിലെ മൾട്ടി ഇൻഫർമേഷൻ സിസ്റ്റം. മികച്ച യാത്രാസുഖം നൽകുന്ന സീറ്റുകൾ. രാജ്യാന്തര വിപണിയിലെ വോക്സി എംപിവിയുടെ സ്റ്റിയറിങ് കോളവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി അടുത്ത സാമ്യം ഹൈക്രോസിനുണ്ട്. പല സോണുകളാക്കിയ ക്ലൈമറ്റ് കൺട്രോൾ, ടച്ച് സെൻസിറ്റീവ് എച്ച്‌വിഎസി കൺട്രോൾ തുടങ്ങിയ നവീന സാങ്കേതിക വിദ്യകളുടെ സങ്കലനവുമുണ്ട്. 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിങ്, തുടങ്ങിയ വിദ്യകളും ഇന്ത്യൻ മോഡലിൽ പ്രതീക്ഷിക്കാം.

ടെക്കും സുരക്ഷയും

അഞ്ച് വകഭേദങ്ങളിൽ പുതിയ ഇന്നോവ പുറത്തിറങ്ങും. പാഡിൽ ഷിഫ്റ്റ്, കണക്റ്റഡ് കാർ ടെക്, വെന്റിലേറ്റഡ് സീറ്റ്, 9 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്, ടൊയോട്ട സേഫ്റ്റി സെൻസ് 3.0 തുടങ്ങിയവയുമായാണ് ഹൈക്രോസിന്റെ വരവ്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ലൈൻ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹൈ–ബീം അസിസ്റ്റ്, എമർജെൻസി ബ്രേക്കിങ്, ബ്ലൈന്റ് സ്പോട്ട് മോണിറ്റർ എന്നിവ അടങ്ങിയതാണ് ഈ സാങ്കേതിക വിദ്യ. കൂടാതെ 6 എയർബാഗുകൾ, മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും. ഏഴ്, എട്ട് സീറ്റ് ലേ ഔട്ടുകളിൽ പുതിയ വാഹനം ലഭിക്കും.

ഡീസൽ ഇല്ല, പകരം ഹൈബ്രിഡ്

രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകളാണ് പുതിയ വാഹനത്തിന്. ഡീസൽ എൻജിനു പകരം ഇന്ധനക്ഷമത കൂടിയ 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ. ഹൈബ്രിഡ് പതിപ്പിന് ലീറ്ററിന് 21.1 കിലോമീറ്റർ മൈലേജ്. ഒരു ഫുൾ ടാങ്ക് ഇന്ധനം നിറച്ചാൽ 1097 കിലോമീറ്റർ സഞ്ചരിക്കാമെന്നും ടൊയോട്ട പറയുന്നു. ടൊയോട്ടയുടെ അഞ്ചാം തലമുറ സ്ട്രോങ് ഹൈബ്രിഡ് ടെക് ഉപയോഗിക്കുന്ന എൻജിന്റെ മാത്രം കരുത്ത് 152 ബിഎച്ച്പിയും ടോർക്ക് 187 എൻഎമ്മുമാണ്. ഇലക്ട്രിക് മോട്ടറും കൂടി ചേർന്നാൽ 186 ബിഎച്ച്പി കരുത്തുണ്ട്.

1987 സിസി എൻജിനാണ് പെട്രോൾ ഇന്നോവയ്ക്ക് കരുത്തു പകരുന്നത് 174 എച്ച്പി കരുത്തും 197 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. സിവിടി ഓട്ടമാറ്റിക്ക് പതിപ്പിൽ മാത്രമേ രണ്ട് എൻജിനുകളും ലഭിക്കൂ. ലാഡർ ഫ്രെയിം ഷാസിക്ക് പകരം മോണോകോക്കിലാണ് പുതിയ വാഹനം നിർമിക്കുന്നത്. മുൻവീൽ ഡ്രൈവ് ലേ ഔട്ടിലുള്ള വാഹനം നിർമിക്കുന്നത് ടിഎൻജിഎ–സി പ്ലാറ്റ്ഫോമിലാണ്.

English Summary: Maruti Version Of Toyota Innova Hycross in Pipeline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com