320 കി.മീ റേഞ്ച്, ഇലക്ട്രിക് സി3 പ്രദർശിപ്പിച്ച് സിട്രോൺ

Mail This Article
വിപണിയിൽ എത്തുന്നതിന് മുന്നോടിയായി സി3 ഇലക്ട്രിക് പതിപ്പ് പ്രദർശിപ്പിച്ച് സിട്രോൺ. ഇന്ത്യൻ വിപണിയിലുള്ള സി3യുടെ ഇലക്ട്രിക് പതിപ്പിന്റെ ബുക്കിങ് ജനുവരി 22ന് ആരംഭിക്കും എന്നാണ് കമ്പനി അറിയിക്കുന്നത്. വാഹനത്തിന്റെ വില കമ്പനി ഉടൻ പ്രഖ്യാപിക്കും.
പെട്രോൾ പതിപ്പുമായി കാര്യമായ വ്യത്യാസമില്ലാതെയാണ് വാഹനം പുറത്തിറങ്ങിയിരിക്കുന്നത്. ഇന്റീരിയറിനും ബോഡി പാനലുകൾക്കും മാറ്റങ്ങളൊന്നുമില്ല. ഷാസിയിൽ ഉറപ്പിച്ച ബാറ്ററിയുമായിട്ടാണ് സി3 ഇലക്ട്രിക്കിന്റെ വരവ്. 29.2 kWh ബാറ്ററി പാക്കാണ് വാഹനത്തിന്. ഒറ്റ ചാർജിൽ 320 കിലോമീറ്റർ സി3 ഇലക്ട്രിക് സഞ്ചരിക്കും എന്നാണ് എആർഎഐ സാക്ഷ്യപ്പെടുത്തുന്നത്.
സിസിഎസ് 2 ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുള്ള 3.3 kW ചാർജറാണ് വാഹനത്തിന്. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ പത്തിൽ നിന്ന് 80 ശതമാനം ചാർജ് ആകാൻ 57 മിനിറ്റ് മാത്രം മതി. ഹോം ചാർജർ ഉപയോഗിച്ചാൽ 100 ശതമാനം ചാർജ് ചെയ്യാൻ 10.5 മണിക്കൂർ മാത്രം മതി. 57 എച്ച്പി കരുത്തും 143 എൻഎം ടോർക്കുമുള്ള മോട്ടറാണ് വാഹനത്തിലുള്ളത്. 60 കിലോമീറ്റർ വേഗത്തിൽ 6.8 സെക്കന്റിൽ എത്തുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 107 കിലോമീറ്റാണ്.
English Summary: Citroen eC3 electric revealed ahead of Launch