ഇന്ന് ലോകത്തിലെ എല്ലാ വാഹന നിർമാതാക്കളുടെയും ഭാവിപദ്ധതികൾ ഇലക്ട്രിക്കാണ്. വരും കാലം ഇലക്ട്രിക്കുകളുടേതായിരിക്കും എന്ന് അവരൊക്കെ ഒന്നടങ്കം പറയുന്നു. എന്നാൽ ഇന്റേണൽ കമ്പസ്റ്റിൻ എൻജിനുകളുടെ അത്രയും ചരിത്രമുണ്ട് ഇലക്ട്രിക് വാഹനങ്ങൾക്കും. പത്തൊമ്പതാം നൂറ്റാണ്ടിൽ ഫോസിൽ ഇന്ധന വാഹനങ്ങളെക്കാൾ ജനപ്രിയമായിരുന്നു ഇലക്ട്രിക് വാഹനങ്ങള്‍. 1884 ൽ ലണ്ടനിൽ തോമസ് പാർക്കർ എന്നയാളാണ് ആദ്യത്തെ ഇലക്ട്രിക് പ്രൊഡക്‌ഷൻ കാർ നിർമിക്കുന്നത്. പിന്നീട് യൂറോപ്പിലും അമേരിക്കയിലുമായി നിരവധി ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറങ്ങി.
സ്റ്റീം എൻജിൻ വാഹനങ്ങളും ഫോസിൽ ഇന്ധന ഇന്റേണൽ കമ്പസ്റ്റിൻ എൻജിൻ വാഹനങ്ങളും ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരുന്ന ആ കാലത്ത് ഇലക്ട്രിക് വാഹനങ്ങളിൽ ആളുകൾ ആയാസരഹിതമായി സഞ്ചരിച്ചു.1900 വരെ ലാൻഡ് സ്പീഡ് റെക്കോർഡുകൾ പോലും ഇലക്ട്രിക് വാഹനങ്ങളുടെ പേരിലായിരുന്നു. എന്നാൽ പിന്നീട് ഇന്റേണൽ കമ്പസ്റ്റിൻ എൻജിൻ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളെ നിഷ്പ്രഭരാക്കികളഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ ജനറൽ മോട്ടോഴ്സിന്റെ ഇവി വണ്‍ പോലുള്ള കാറുകൾ എത്തിയെങ്കിലും അവയ്ക്കും വളരെ കുറച്ച് ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ചും റീചാർജ് ചെയ്യാനുള്ള സമയവുമാണ് വിപണിയിൽ അവയെ പിന്നോട്ട് വലിച്ചത്. കാറുകളിൽ പെട്രോളോ ഡീസലോ നിറയ്ക്കാൻ പരമാവധി പത്തുമിനിറ്റു വരെ മാത്രം വേണ്ടി വരുമ്പോൾ ഇലക്ട്രിക് കാറുകൾ വീണ്ടും ചാർജാകാൻ മണിക്കൂറുകളോളം കാത്തിരിക്കണം എന്നത് ഇന്നും വലിയ സമസ്യതന്നെ.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ച ഈ കാലഘട്ടത്തിലും റീച്ചാർജ് സമയം തന്നെയാണ് പ്രധാന പ്രശ്നം. ഫാസ്റ്റ് ചാർജിങ് സൗകര്യമുണ്ടെങ്കിലും അതിനും ഒരു മണിക്കൂർ വരെ കാത്തിരിക്കണം. ഫാസ്റ്റ് ചാർജിങ് സൗകര്യങ്ങളുള്ള ഇരുചക്രവാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇലക്ട്രിക് വാഹന ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താൻ ശേഷിയുള്ള സാങ്കേതിക വിദ്യയുമായി കേരളത്തിന്റെ സ്വന്തം ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് കോര്‍പറേഷന്‍ എന്ന കമ്പനി എത്തിയിരിക്കുന്നു. അഞ്ചു മുതൽ 10 വരെ മിനിറ്റ് കൊണ്ട് പൂർണമായും റീചാർജ് ചെയ്യുന്ന ഇരുചക്രവാഹനങ്ങളാണ് കമ്പനി പുറത്തിറക്കിയത്.
ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് കോര്‍പറേഷന്‍
മലയാളി സംരംഭകന്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് കോര്‍പറേഷന്‍ എന്ന ഇലക്ട്രിക് വാഹന നിർമാണ കമ്പനി ആരംഭിച്ചത്. 'ലാന്‍ഡി ലാന്‍സോ' എന്ന ബ്രാൻഡ് നാമത്തിൽ പുതിയ ഇരുചക്രവാഹനങ്ങളും കമ്പനി പുറത്തിറക്കി. ഇ-ബൈക്കായ ലാന്‍ഡി ഇ-ഹോഴ്സ്, ഇ-സ്‌കൂട്ടറായ ലാന്‍ഡി ഈഗിള്‍ ജെറ്റ്, ഇ–റൈഡർ എന്നിവയാണ് തുടക്കത്തിൽ പുറത്തിറക്കിയത്. അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി സഹകരിച്ചാണ് ഹിന്ദുസ്ഥാൻ ഇ.വി മോട്ടോഴ്സ് കോർപറേഷൻ ഇരുചക്രവാഹനങ്ങൾ പുറത്തിറക്കുന്നത്. പെരുമ്പാവൂരിലാണ് നിർമാണ യൂനിറ്റ്.
ലാൻഡി ലാൻസോ
മധ്യഅമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയ്ക്ക് കോസ്റ്റാറിക്ക, ചൈന, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിർമാണ ശാലകളുണ്ട്. മിഡ് സ്പീഡ് റേഞ്ച് സീരീസായ ബി, ഹൈ സ്പീഡ് സീരീസായ ഇസഡ് എന്നീ ശ്രേണിയിലുള്ള വാഹനങ്ങളാണ് വിപണിയിലെത്തിയിരിക്കുന്നത്. ഫ്‌ളാഷ് ചാര്‍ജര്‍, ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനങ്ങളോടെയാണ് ഇവ എത്തുന്നത്. കൂടാതെ അതിനൂതന ഇവി സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതു കൊണ്ട് ബാറ്ററി റീപ്ലേസ്‌മെന്റ്, തീപിടിത്തം എന്നിവയെപ്പറ്റി ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നു.
5 മിനിറ്റിൽ ഫുൾ ചാർജ്
ഇലക്ട്രിക് വാഹനങ്ങളെ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം റീചാർജിങ് സമയമാണ്. ഇരുചക്രവാഹനങ്ങളെയും കാറുകളേയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് റീചാർജിങ് ടൈം. ജിബിടി പ്രോട്ടോകോൾ ഉപയോഗിക്കുന്ന ഏത് ഡിസി ചാർജർ ഉപയോഗിച്ചും വാഹനം 5 മുതൽ 10 വരെ മിനിറ്റിൽ ഫുൾ ചാർജ് ചെയ്യാൻ സാധിക്കും. (ലക്ഷങ്ങൾ വിലയുള്ള ആഡംബര ഇലക്ട്രിക് കാറുകളിൽ പോലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നില്ല). തീർന്നില്ല അദ്ഭുതം, വീട്ടിലെ 230 v എസി ചാർജർ ഉപയോഗിച്ചാൽ ഒരു മണിക്കൂറിൽ പൂർണമായും ചാർജ് ചെയ്യാം.

25 വർഷം വരെ ബാറ്ററിക്ക് ആയുസ്സ്
ഇന്നത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ പകുതിയും ബാറ്ററിയുടേതാണ്. ഇരുചക്രവാഹന ബാറ്ററിക്ക് രണ്ടു മുതൽ മൂന്നു വർഷം വരെയും കാറുകളുടെ ബാറ്ററികൾക്ക് 5 വർഷം വരെയും ആയുസ്സ് പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവയുടെ ആയുസ്സ് തീർന്നാൽ എന്തുചെയ്യും എന്നായിരിക്കും ഉപഭോക്താവിന്റെ ആശങ്ക. എന്നാൽ ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സിന്റെ വാഹനങ്ങൾ ആ ആശങ്ക ഇല്ലാതാക്കുന്നു. ലാൻഡി ലാൻസോ ഇസഡ് സീരീസ് വാഹനങ്ങളിലെ അഞ്ചാം തലമുറ ലിഥിയം ടൈറ്റനെറ്റ് ഓക്സിനാനോ ബാറ്ററി പായ്ക്കിന് 15 വർഷം മുതൽ 25 വർഷം വരെയാണ് ആയുസ്സ്.
മോഡലുകള്‍ ഇവ
വിമാനങ്ങളുടെ ചിറകുകളിൽ ഉപയോഗിച്ചിരിക്കുന്ന എയ്‌റോ ബീം സാങ്കേതികവിദ്യയാണ് ഇസഡ് സീരീസ് ഇരുചക്രവാഹനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇസഡ് സീരിസിലെ ബൈക്കായ ലാൻഡി ഇ–ഹോഴ്സിന് 200 കിലോ വരെ ലോഡിങ് കപ്പാസിറ്റിയുണ്ട്. നോർമൽ മോഡിൽ പരമാവധി 80 കിലോമീറ്റർ വരെ വേഗവും സ്‌പോർട്സ് മോഡിൽ 100 മുതൽ 120 വരെ കിലോമീറ്റർ വേഗവും കൈവരിക്കും. ഒറ്റ ചാർജിങ്ങിൽ 75 മുതൽ 100 കിലോമീറ്റർ വരെ യാത്ര ചെയ്യാം. ഇസഡ് സീരിസിലെ സ്കൂട്ടറായ ലാൻഡി ഈഗിൾ ജെറ്റിനും 200 കിലോഗ്രാം ഭാരം വരെ വഹിക്കാൻ സാധിക്കും. ഒറ്റ ചാർജിൽ 75 മുതൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള വാഹനത്തിന്റെ ഉയർന്ന വേഗം മണിക്കൂറിൽ 75 കിലോമീറ്ററാണ്. ബി സീരിസിൽ പെട്ട ലാൻഡി ഇ റൈഡർ എന്ന ബൈക്കിന്റെ ലോഡ് കപ്പാസിറ്റി 175 കിലോഗ്രാമാണ്. ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 45 കിലോമീറ്റർ.
കൂടുതൽ വിവരങ്ങൾക്ക്: www.hindustanevmotors.com, 9846102102
English Summary: Landi Lanzo as Kerala's own Ev brand