ADVERTISEMENT

ഇന്ത്യയിലെ കാര്‍ വ്യവസായത്തിന്റെ നാഴികക്കല്ലുകള്‍ എടുത്തു നോക്കിയാല്‍ ഏറ്റവും കൂടുതലുള്ള പേര് മാരുതി സുസുക്കിയുടേതാവും. 1983ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇന്ത്യന്‍ വിപണിയില്‍ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ ഇന്ത്യന്‍ പതിപ്പായ മാരുതി സുസുക്കിയോളം ഓളങ്ങളുണ്ടാക്കിയ മറ്റൊരു കമ്പനിയില്ല. ഇപ്പോഴിതാ ഇന്ത്യന്‍ വിപണിയില്‍ 2.5 കോടി കാറുകള്‍ വിറ്റ ആദ്യ കമ്പനിയെന്ന നേട്ടവും മാരുതി സുസുക്കി സ്വന്തം പേരിലേക്ക് കുറിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി ഒമ്പനിനാണ് വില്‍പനയില്‍ രണ്ടര കോടിയെന്ന മാന്ത്രിക സംഖ്യ മാരുതി സുസുക്കി പിന്നിട്ടത്.

 

ഇന്ത്യന്‍ സര്‍ക്കാരിന്റെ മുന്‍കയ്യില്‍ ജാപ്പനീസ് വാഹന നിര്‍മാണ കമ്പനിയായ സുസുകി മോട്ടോര്‍ കോര്‍പറേഷനുമായി ചേര്‍ന്ന് 1981 ജനുവരി 24നാണ് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിക്കുന്നത്. 1982ലാണ് ഇത് മാരുതി സുസുക്കിയായി മാറുന്നത്. 1983ലായിരുന്നു ആദ്യത്തെ മാരുതി 800 ഇന്ത്യയില്‍ നിരത്തിലെത്തിയത്. 2003 വരെ കമ്പനിയില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഓഹരിയുണ്ടായിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയാണ് മാരുതി സുസുക്കി. 2022ലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ വിപണിയുടെ 42 ശതമാനം മാരുതി സുസുക്കിക്ക് സ്വന്തമാണ്.

 

മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ അമ്പത് ലക്ഷം കാറുകള്‍ വില്‍ക്കുന്ന നേട്ടം സ്വന്തമാക്കുന്ന 2006ലാണ്. ഇതിന് പിന്നാലെ കാറുകളില്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരണം മാരുതി സുസുക്കി നടത്തി. വാഗണ്‍ ആറും സ്വിഫ്റ്റും ഓള്‍ട്ടോയുമൊക്കെ എത്തിയതോടെ കമ്പനിയുടെ വില്‍പനയും കുതിച്ചു. 2010 ഓഗസ്റ്റിലാണ് മാരുതി സുസുക്കി ഇന്ത്യയില്‍ ആദ്യമായി സിഎന്‍ജി കാറുകള്‍ അവതരിപ്പിക്കുന്നത്. ഇന്നുവരെയും സിഎന്‍ജിയില്‍ മാരുതി മുന്നില്‍ തന്നെയാണ്. 2012 ഫെബ്രുവരിയില്‍ ഒരു കോടി കാറുകള്‍ വിറ്റ നേട്ടത്തിലെത്തിയ മാരുതി സുസുക്കിയുടെ വില്‍പന 2019 ജൂലൈയില്‍ രണ്ട് കോടി തൊട്ടു. ഇതിനു ശേഷം നാലു വര്‍ഷം പൂര്‍ത്തിയാവും മുമ്പേ രണ്ടര കോടിയെന്ന ലക്ഷ്യവും മാരുതി സുസുക്കി പൂര്‍ത്തിയാക്കിയിരിക്കുന്നു.

 

നിലവില്‍ 17 മോഡല്‍ കാറുകള്‍ മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നുണ്ട്. വിപുലമായ നിര്‍മാണ വിതരണ ശൃംഖലയും വില്‍പനാനന്തര സേവനവുമാണ് മാരുതിയുടെ ശക്തിയെങ്കില്‍ ചെറു കാറുകളാണ് അവരുടെ നട്ടെല്ല്. ഇന്നും സാധാരണക്കാരുടെ ആദ്യത്തെ കാറെന്ന സ്വപ്‌നം മാരുതിയെ ചുറ്റിപ്പറ്റിയാവുന്നത് അവര്‍ പതിറ്റാണ്ടുകള്‍ കൊണ്ട് നേടിയെടുത്ത വിശ്വാസ്യതയെ കാണിക്കുന്നു.

 

ചെറുകാറുകള്‍ക്ക് അപ്പുറത്തുള്ള വിപണിയിലേക്കും അടുത്തിടെയായി മാരുതി സുസുക്കി ഗൗരവമായി തന്നെ മത്സരത്തിനിറങ്ങുന്നുണ്ട്. ആദ്യത്തെ ഹൈബ്രിഡ് എസ്.യു.വി മോഡലായ ഗ്രാന്‍ഡ് വിറ്റാല, പുതുമോടിയിലെത്തുന്ന ബ്രെസ്സ, അഞ്ച് ഡോര്‍ ജിമ്‌നി, ബലേനോ ബേസ്ഡ് ഫ്രോങ്ക്‌സ് എസ്.യു.വി എന്നിവയെല്ലാം മാരുതി സുസുക്കിയുടെ മസില്‍ കാറുകളാണ്.

 

ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണിയായ ഇന്ത്യയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ തന്നെയാണ് മാരുതി സുസുക്കിയുടെ ശ്രമങ്ങള്‍. വൈദ്യുതി കാര്‍ വിപണിയിലേക്ക് അല്‍പം വൈകിയാലും ഉറച്ച കാല്‍വെപ്പുകളോടെ എത്താന്‍ തന്നെയാണ് മാരുതി സുസുക്കിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് 2023 ഓട്ടോ എക്‌സ്‌പോയില്‍ അവര്‍ വൈദ്യുതി കാര്‍ ആശയമായ eVX അവതരിപ്പിച്ചത്. ഈ വാഹനം 2025ല്‍ നിരത്തിലിറക്കാനും 2030ന് മുമ്പേ ആറ് വൈദ്യുതി കാറുകള്‍ അവതരിപ്പിക്കാനുമുള്ള പദ്ധതിയും മാരുതി സുസുക്കി പ്രഖ്യാപിച്ചു കഴിഞ്ഞു.

 

English Summary: Maruti Suzuki crosses 2.5 crore cumulative sales mark in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com